ഗൾഫിൽ ഇന്നു ചെറിയപെരുന്നാൾ; മക്കയിൽ വിശ്വാസികളുടെ പ്രവാഹം

gulf-eid
SHARE

കോവിഡിനെ അതിജീവിച്ചതിന്റെ ആശ്വാസത്തോടെ ഗൾഫിൽ ഇന്നു ചെറിയപെരുന്നാൾ. മക്കയിലും മദീനയിലും ഉൾപ്പെടെ എല്ലാ പള്ളികളിലും വിശ്വാസികൾ രാവിലെ പെരുന്നാൾ നമസ്കാരം നടത്തി. രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം ഈദ് ഗാഹുകളും സജീവമായിരുന്നു. 

മക്കയിലെ ഹറം പള്ളിയിലും മദീനയിൽ പ്രവാചകൻറെ പള്ളിയിലും രാത്രിമുതൽ വിശ്വാസികളുടെ പ്രവാഹമായിരുന്നു. പുലർച്ചെ പെരുന്നാൾ നമസ്കാരത്തിൽ വിവിധരാജ്യക്കാരായ ലക്ഷക്കണക്കിനു വിശ്വാസികൾ പങ്കെടുത്തു. സൌദി ഭരണാധികാരി സൽമാൻ രാജാവ് മക്കയിൽ പെരുന്നാൾ നമസ്കാരത്തിൻറെ ഭാഗമായി. രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം നിയന്ത്രണങ്ങളില്ലാതെ ഇരുഹറമുകളും വിശ്വാസികളാൽ നിറഞ്ഞു.

യുഎഇയിലെ എല്ലാ എമിറേറ്റുകളിലും പള്ളികളിലും ഈദ് ഗാഹുകളിലുമായി രാവിലെ പെരുന്നാൾ നമസ്കാരം സംഘടിപ്പിച്ചു. ദുബായ് അൽ മനാർ സെൻററിൽ മലയാളികൾക്കായി പ്രത്യേകം ഈദ് ഗാഹ് ഒരുക്കിയിരുന്നു.  അൽമനാർ സെൻറർ ഡയറക്ടർ മൗലവി അബ്ദു സലാം മോങ്ങം നേതൃത്വം നൽകി. മഹാമാരിയിൽ നിന്നുള്ള അതിജീവനം സാധ്യമാക്കിയതിനു നന്ദിയോടെ, നൂറുകണക്കിനു പ്രവാസിമലയാളികൾ പെരുന്നാൾ പ്രാർഥനയിൽ പങ്കെടുത്തു.

ഖത്തർ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ എന്നീ ഗൾഫ് രാജ്യങ്ങളിലെ പള്ളികളിലും ഈദ് ഗാഹുകളിലുമായി നടന്ന പെരുന്നാൾ നമസ്കാരത്തിൽ വിശ്വാസികൾ കോവിഡ് നിയന്ത്രണങ്ങളില്ലാതെ പങ്കെടുത്തു. ഗൾഫ് രാജ്യങ്ങളിലെ ഭരണാധിപൻമാർ പെരുന്നാൾ ആശംസകൾ നേർന്നു. അതേസമയം, നാലു ദിവസമെങ്കിലും അവധിയുള്ളതിനാൽ പെരുന്നാൾ ആഘോഷങ്ങൾ വരുംദിവസങ്ങളിലും തുടരും.

MORE IN GULF
SHOW MORE