തൊട്ടാൽ പൊള്ളുന്ന ടിക്കറ്റ് നിരക്ക്; ആവശ്യത്തിന് സീറ്റുമില്ല; നാട്ടിൽ പോകാൻ വലഞ്ഞ് പ്രവാസികൾ

UAE-Air-Ticket
SHARE

ചെറിയ പെരുന്നാളിനു മുൻപായി കേരളത്തിലേക്കുള്ള വിമാനങ്ങളിൽ സീറ്റ് കിട്ടാതായതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് പ്രവാസികൾ.ഇതോടെ അധിക വിമാന സർവീസ് വേണമെന്ന ആവശ്യം ശക്തമാവുകയും ചെയ്‌തു. രണ്ടു വർഷത്തെ കോവിഡ് നിയന്ത്രണത്തിനു ശേഷം സാധാരണ വിമാന സർവീസ് തുടങ്ങിയെങ്കിലും എല്ലാ വിമാന കമ്പനികളും പൂർണ തോതിൽ സർവീസ് തുടങ്ങാത്തതാണു പ്രതിസന്ധി ഇത്രയും രൂക്ഷമാക്കിയത്. മാത്രമല്ല പൊള്ളുന്ന ടിക്കറ്റ് നിരക്കും പ്രവാസികൾക്ക് തിരിച്ചടിയാണ്. 

കോവിഡ് നിയന്ത്രണം നീങ്ങിയ ശേഷം യാത്രക്കാരുടെ എണ്ണം വർധിച്ചെങ്കിലും ആനുപാതികമായി വിമാന സർവീസ് വർധിച്ചിട്ടില്ല. ഇതോടെ ടിക്കറ്റ് നിരക്ക് അഞ്ചിരട്ടിയിലേറെ ഉയർന്നു. ചില എയർലൈനുകളിൽ ചില ദിവസത്തേക്കു മാത്രം പരിമിത സീറ്റ് ഉണ്ടെങ്കിലും തൊട്ടാൽ പൊള്ളുന്ന നിരക്കാണ്. യുഎഇ–കേരള സെക്ടറിൽ വർഷത്തിൽ 70% സമയത്തും സീസൺ പോലെ തിരക്കുണ്ട്. യുഎഇയിൽ പെരുന്നാളിന് ഒൻപതു ദിവസത്തെ അവധി പ്രയോജനപ്പെടുത്തി നാട്ടിലേക്കു പോകാൻ കൂടുതൽ പേർ തയാറായെങ്കിലും സീറ്റില്ലാത്തതു പ്രശ്നമായി. ഇരുരാജ്യങ്ങളും തമ്മിലുള്ള സീറ്റ് വിതരണം വർധിപ്പിക്കുന്നതിൽ ഇന്ത്യ–യുഎഇ നയതന്ത്ര ഇടപെടൽ ഉണ്ടായെങ്കിലേ പ്രശ്നം പരിഹരിക്കാനാകൂ. 

നാട്ടിലേയും ഗൾഫിലെയും സ്കൂൾ അവധി, ഓണം, വിഷു, പെരുന്നാൾ, ക്രിസ്മസ്, പുതുവർഷം തുടങ്ങി ഓരോ ആഘോഷത്തിനും നാട്ടിലേക്കു പോകുന്നവരുണ്ട്. ഇതിനുപുറമെ വാണിജ്യ, വ്യാപാര ആവശ്യങ്ങൾക്കും വിനോദ സഞ്ചാരത്തിനും തൊഴിലന്വേഷണത്തിനും ആയി എത്തുന്നവരും ഏറെ. പുതുതായി ജെറ്റ് എയർവേയ്സ്, ആകാശ എയർലൈനുകളും ഗൾഫ് സെക്ടർ ലക്ഷ്യം വച്ചിട്ടുണ്ട്.  വിമാന കമ്പനികൾക്കെല്ലാം തൃപ്തികരമാകും വിധം ഇരുരാജ്യങ്ങളും തമ്മിൽ സീറ്റ് വർധന അടിയന്തരമായി നടപ്പാക്കണമെന്ന് വിവിധ സംഘടനാ ഭാരവാഹികളും അഭിപ്രായപ്പെട്ടു.

MORE IN GULF
SHOW MORE