റമസാനിൽ ഭിക്ഷാടകർ വർധിക്കുന്നു; പിന്നിൽ വൻ തട്ടിപ്പുകളും, മുന്നറിയിപ്പുമായി ദുബായ് പൊലീസ്

dubai-police
SHARE

ഭിക്ഷാടന തട്ടിപ്പുകൾക്കെതിരെ ദുബായ് പൊലീസ് ക്യാംപെയ്ൻ ശക്തമാക്കി. സമൂഹ മാധ്യമങ്ങളിലൂടെയും പൊതുനിരത്തുകളിൽ ഹോർഡിങ്സ് വച്ചും നോട്ടീസ് പ്രദർശിപ്പിച്ചുമാണ് ക്യാംപെയ്ൻ സജീവമാക്കിയത്. റമസാനിൽ ആളുകളുടെ സഹതാപവും ഔദാര്യവും മുതലെടുത്ത് ഭിക്ഷാടനം നടത്തുന്നവരെ സൂക്ഷിക്കണമെന്ന് സെക്യൂരിറ്റി അവയർനെസ് ഡയറക്ടർ ബുട്ടി അഹമ്മദ് ബിൻ ദാർവിഷ് അൽ ഫലാസി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.  

റമസാനിൽ എമിറേറ്റിൽ യാചകരുടെ എണ്ണം സാധാരണയായി വർധിക്കുന്നു. ദുബായ് പൊലീസ് നേതൃത്വം നൽകുന്ന ‘ഭിക്ഷാടനം അനുകമ്പയുടെ തെറ്റായ ആശയമാണ്’ എന്ന പ്രമേയത്തിലുള്ള ബോധവത്കരണ ക്യാംപെയ്ൻ ശക്തമായി നടന്നുവരുന്നു. ഭിക്ഷാടനം പോലുള്ള സാമൂഹിക വിപത്തിനെതിരെ അവബോധം വളർത്താൻ സമൂഹ മാധ്യമങ്ങളിലൂടെ നടത്തുന്ന ബോധവത്കരണം വിജയമാണെന്ന് അധികൃതർ അറിയിച്ചു.

ഭിക്ഷാടകരെ കണ്ടാൽ 901ൽ വിളിക്കുക

ഭിക്ഷാടകരെ കണ്ടാൽ 901 എന്ന നമ്പറിൽ വിളിച്ച് റിപ്പോർട്ട് ചെയ്യാൻ താമസക്കാരോട് പൊലീസ് അഭ്യർഥിച്ചു. www.ecrime.ae എന്ന വെബ്സൈറ്റിലും ബന്ധപ്പെടാം. വാർഷിക ഭിക്ഷാടകർ സ്ഥിരമായി വരുന്ന സ്ഥലങ്ങളിൽ പട്രോളിങ് ശക്തമാക്കും. മോഷണം, പോക്കറ്റടി തുടങ്ങിയ കുറ്റകൃത്യങ്ങളുമായി ഭിക്ഷാടക സംഘത്തിന് ബന്ധമുണ്ട്. രാജ്യത്ത് പ്രവർത്തിക്കുന്ന അംഗീകൃത ചാരിറ്റി സംഘടനകൾ വഴി സഹായം അർഹരായവർക്ക് എത്തിക്കാം. നിങ്ങളുടെ സംഭാവനകൾ ജീവകാരുണ്യ സംഘടനകളിലേക്ക് നൽ‌കാനും പൊലീസ് അഭ്യർഥിച്ചു.

ഒരു ലക്ഷം ദിർഹം വരെ പിഴ, തടവ്

ഭിക്ഷാടനത്തിനിടെ പിടികൂടിയാൽ 5,000 ദിർഹം പിഴയും മൂന്നു മാസം തടവുമാണ് ശിക്ഷ. സംഘടിത ഭിക്ഷാടനത്തിന് ഏറ്റവും കുറഞ്ഞത് 100,000 ദിർഹം പിഴയും കുറഞ്ഞത് ആറു മാസം വരെ തടവുമാണ് യുഎഇയിൽ ശിക്ഷ. ഭിക്ഷാടനത്തിനായി ആളുകളെ കൂട്ടത്തോടെ യുഎഇയിലേയ്ക്ക് കൊണ്ടുവരുന്നവർക്കും ഇതു തന്നെയാണ് ശിക്ഷ.

MORE IN GULF
SHOW MORE