മക്കയിലും മദീനയിലും രാത്രിനമസ്കാരത്തിനായി വിശ്വാസികളുടെ തിരക്ക്

makka
SHARE

റമസാൻ അവസാന പത്തിലേക്ക് പ്രവേശിച്ചതോടെ മക്കയിലും മദീനയിലും രാത്രിനമസ്കാരത്തിനായി വിശ്വാസികളുടെ തിരക്ക്. ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിച്ചു ലക്ഷക്കണക്കിനു വിശ്വാസികളാണ് ഇരുഹറമുകളിലുമെത്തുന്നത്. ഭജനമിരിക്കുന്നതിനായി പ്രത്യേക ഒരുക്കങ്ങൾ പൂർത്തിയായതായി ഇരുഹറം മന്ത്രാലയം വ്യക്തമാക്കി.

പ്രവാചകചര്യ പിൻതുടർന്നു റമസാനിലെ അവസാന പത്തുദിവസങ്ങളിൽ ഇഅ്തികാഫിനായി മക്കയിലേക്കും മദീനയിലേക്കും വിശ്വാസികളുടെ പ്രവാഹമാണ്. മക്കയിലെ ഹറം പള്ളിയിലും മദീനയിലെ പ്രവാചകൻറെ പള്ളിയിലും വിശ്വാസികൾ ഇഅ്തികാഫ് അനുഷ്ടിക്കാനെത്തിത്തുടങ്ങി. നേരത്തേ റജിസ്റ്റർ ചെയ്തവർക്കു മാത്രമാണ് അനുമതി. ആയിരം മാസങ്ങളെക്കാള്‍ പുണ്യമുള്ള ലൈലത്തുല്‍ ഖദ്റിനെ പ്രതീക്ഷിക്കുന്നതിനാല്‍ അവസാന പത്തു രാവുകള്‍ പള്ളികളില്‍ ഭജനയിരിക്കുന്ന വിശ്വാസികളുടെ എണ്ണം കൂടുതലായിരിക്കും. ലൈലത്തുൽ ഖദ്റെന്ന നിര്‍ണയത്തിന്‍റെ രാത്രിയില്‍ പുണ്യകര്‍മത്തില്‍ വ്യാപൃതരാകുന്ന വിശ്വാസികള്‍ക്ക് പാപമുക്തിയും സ്വര്‍ഗപ്രവേശനവും ലഭിക്കുമെന്നാണ് വിശ്വാസം. 

അതേസമയം, യുഎഇയേലേതടക്കം വിവിധ ഗൾഫ് രാജ്യങ്ങളിലെ പള്ളികളിൽ രാത്രി നമസ്കാരത്തിനായി പ്രത്യേകസൌകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് രാത്രിനമസ്കാരത്തിനു അനുമതി നൽകിയിരിക്കുന്നത്. മതപ്രഭാഷണങ്ങളും ഭക്ഷണവും പള്ളികളിൽ ക്രമീകരിച്ചിട്ടുണ്ട്.

MORE IN GULF
SHOW MORE