യുഎഇയിൽ ഇഫ്താർ കൂടാരങ്ങൾ; ആശ്വാസമായി പങ്കുവയ്ക്കൽ മഹോത്സവം

iftharwb
SHARE

രണ്ടു വർഷത്തെ കോവിഡ് ഇടവേളയ്ക്കു ശേഷം യുഎഇയിൽ ഇഫ്താർ ടെൻറുകൾ തുറന്നു. തൊഴിലാളികളടക്കം ഒട്ടേറെപ്പേർക്ക് ആശ്വാസകരമാണ് ഇഫ്താർ ടെൻറുകൾ. ഷാർജ അൽ നബ്ബയിൽ തുറന്ന ഇഫ്താർ ടെൻറിൽ ദിവസേനേ ആയിരത്തിഅഞ്ഞൂറോളംപേരാണ് നോമ്പുതുറക്കാനെത്തുന്നത്.

പങ്കുവയ്ക്കലിൻറെ മഹോത്സവം കൂടിയാണ് റമസാനെന്നോർമപ്പെടുത്തുന്ന കാഴ്ചകൾ. ചെറിയ ശമ്പളത്തിൽ ജോലി ചെയ്യുന്നവർക്ക് വലിയ ആശ്വാസംകൂടിയാണ് റമാസാനിലെ ഇത്തരം കൂടാരങ്ങൾ. മഹാമാരി കാരണം കഴിഞ്ഞ രണ്ടുവർഷവും ഇഫ്താർ കൂടാരങ്ങൾക്ക് യുഎഇയിൽ അനുമതി നൽകിയിരുന്നില്ല. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചതിൻറെ ഭാഗമായി ഇത്തവണ കൂടാരങ്ങൾ തുറന്നു. ഗ്രീൻ വിങ്സ് ഷാർജയെന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഷാർജയിലെ ഏറ്റവും വലിയ ഇഫ്താർ കൂടാരങ്ങളിലൊന്നു സജ്ജമാക്കിയിരിക്കുന്നത്. നബ്ബയിൽ റമസാൻ വൈകുന്നേരങ്ങളിൽ ആയിരങ്ങളാണ് ഇവിടേക്കെത്തുന്നത്. ഭക്ഷണപ്പൊതികൾക്ക് മുന്നിൽ പ്രാർഥനയോടെ അവർ നോമ്പു തുറക്കുന്നു. ഗ്രീൻ വിങ്സ് ഷാർജയിലെ 75ഓളം അംഗങ്ങളുടെ പരിശ്രമഫലമായാണ് ഇഫ്താർ വിരുന്നൊരുക്കുന്നത്. റെഡ് ക്രെസൻറിൻറെ പിന്തുണയുമുണ്ട്. യുഎഇയിലെ വിവിധ വ്യവസായികളുടേയും സംഘടനകളുടേയുമൊക്കെ സഹകരണത്തോടെയാണ് ഓരോ ദിവസവും ആയിരത്തിഅഞ്ഞൂറോളംപേർക്ക് ഭക്ഷണമൊരുക്കുന്നത്. യുഎഇ സർക്കാർ നിർദേശിക്കുന്ന കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് ഇഫ്താർ ടെൻറുകളുടെ പ്രവർത്തനം.

MORE IN GULF
SHOW MORE