100 കോടി ഭക്ഷണപ്പൊതികൾ; 4 കോടി രൂപ നൽകി എം.എ.യൂസഫലി; നൻമ

yusuf-ali-charity
SHARE

ദുബായ്: അമ്പത് രാജ്യങ്ങളിലെ അർഹരായവർക്ക് 100 കോടി ഭക്ഷണപ്പൊതികൾ (ഒരു ബില്യൺ  ഭക്ഷണപ്പൊതി  പദ്ധതി) നൽകാനുള്ള യു.എ.ഇ. വൈസ് പ്രസിഡന്റെ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പദ്ധതിയിലേയ്ക്ക്  ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി  4 കോടി രൂപ(20 ലക്ഷം ദിർഹം) നൽകി . മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവ്, യു.എൻ. വേൾഡ് ഫുഡ് പ്രോഗ്രാം, മുഹമ്മദ് ബിൻ റാഷിദ് ചാരിറ്റബിൾ എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാകുന്നത്.

ഈ മഹത്തായ മാനുഷിക സംരംഭത്തിന്റെ പങ്കാളിയാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് എം.എ. യൂസഫലി പറഞ്ഞു. വിശക്കുന്ന വ്യക്തിക്ക് ഭക്ഷണം നൽകുന്ന ഏറ്റവും വിശിഷ്ടമായ മാനുഷിക സംരംഭങ്ങളിലൊന്നാണ് എന്നതാണ് ഈ പദ്ധതി ലോകത്തിന് നൽകുന്ന സന്ദേശം. വിശക്കുന്നവർക്ക് ഭക്ഷണമെത്തിക്കുന്ന ദുബായ് ഭരണാധികാരിയുടെ ഈ പ്രവർത്തനം  മാനവികതയുടെ ഏറ്റവും മികച്ച ഉദാഹരണമാണ്. സമൂഹത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിൽ എന്നും പ്രതിജ്ഞാബദ്ധമാണെന്നും അതിലൂടെ ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക് ആശ്വാസം നൽകുന്ന ഈ പദ്ധതിയെ പിന്തുണയ്ക്കുന്നുവെന്നും പറഞ്ഞു.

കഴിഞ്ഞ വർഷം (2021) 100 ദശലക്ഷം മീൽസ് പദ്ധതിയിലൂടെ 220 ദശലക്ഷം ആളുകൾക്കാണ് ഭക്ഷണമെത്തിക്കാൻ സാധിച്ചത്. ലോകത്തെങ്ങുമുള്ള ദരിദ്രരുടെ മേൽ യുഎഇയുടെ കാരുണ്യവർഷമാണ് ഇത് പ്രതിഫലിക്കുന്നത്. ജാതി, മതം, വർഗം, വർണം രാജ്യം എന്നിവയൊന്നും പരിഗണിക്കാതെയായിരിക്കും വിതരണം. ഇത് തുടർച്ചയായ മുന്നാം വർഷമാണ് ഭക്ഷണപ്പൊതി പദ്ധതിയിൽ യൂസഫലി പങ്കാളിയാകുന്നത്. കഴിഞ്ഞ വർഷം നടപ്പിലാക്കിയ 100 ദശലക്ഷം ഭക്ഷണപ്പൊതി പദ്ധതിയിൽ 10 ലക്ഷം ദിർഹമാണ് യൂസഫലി നൽകിയത്.

പലസ്തീൻ, ജോർദാൻ, സുഡാൻ, ബ്രസീൽ, കെനിയ, ഘാന, അംഗോള, നേപ്പാൾ, ഇന്ത്യ, ബംഗ്ലാദേശ്, ഇതോപ്യ, കിർഗിസ്ഥാൻ ഉൾപ്പെടെ അമ്പത് രാജ്യങ്ങളിലെ നൂറു കോടി ആളുകൾക്കാണ് ഭക്ഷണ സഹായം എത്തിക്കുന്നത്.

MORE IN GULF
SHOW MORE