ഗൾഫിൽ റമസാൻ വ്രതാനുഷ്ഠാനങ്ങൾക്കു തുടക്കം

gulf-ramadan
SHARE

കോവിഡിനെ അതിജീവിച്ചതിൻറെ ആശ്വാസത്തോടെ ഗൾഫിൽ റമസാൻ വ്രതാനുഷ്ഠാനങ്ങൾക്കു തുടക്കം. മക്ക, മദീന പള്ളികളിലെ തറാവീഹ് നമസ്കാരത്തിൽ വിശ്വാസികൾ സജീവമായി പങ്കെടുത്തു. ഒമാനിൽ ഇന്നാണ് റമസാൻ തുടങ്ങുന്നത്.

റമസാനിലെ ആദ്യ രാവിൽ മക്കയിലെ മസ്ജിദുൽ ഹറമിലും മദീനയിലെ പ്രവാചക പള്ളിയിലും ലക്ഷക്കണക്കിന് വിശ്വാസികൾ തറാവിഹ് നമസ്‌കാരത്തിൽ പങ്കെടുത്തു. ഷെയ്ഖ് അബ്ദുല്ല അൽ ജുഹാനിയും ഷെയ്ഖ് അബ്ദുൽ റഹ്മാൻ അൽ സുദൈസും മക്കയിലെ മസ്ജുൽ ഹറമിൽ തറാവീഹ് പ്രാർഥനയ്ക്ക്‌ നേതൃത്വം നൽകി. ഹറമുകളിൽ തീർഥാടകരെ സേവിക്കുന്നതിനായി 12,000 ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. വനിതാ കേഡർമാരെയും സജ്ജമാക്കിയിട്ടുണ്ട്. സൌദി ഭരണാധികാരി സൽമാൻ രാജാവ് ലോകമുസ്ലിങ്ങൾക്ക് റമസാൻ ആശംസ നേർന്നു. യുഎഇ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിലെ പള്ളികളിലും വിശ്വാസികൾ പ്രാർഥന നിർവഹിച്ചു. ആറു ഗൾഫ് രാജ്യങ്ങളിലും കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. പള്ളികളിൽ പ്രവേശനനിയന്ത്രണങ്ങളില്ലെങ്കിലും മാസ്ക് നിർബന്ധമാണ്. യുഎഇയിൽ ഇഫ്താർ ടെൻറുകൾക്ക് നിയന്ത്രണങ്ങളോടെ അനുമതി നൽകുമെന്നറിയിച്ചിട്ടുണ്ട്. കെ.എം.സി.സി ഉൾപ്പെടെ വിവിധ സംഘടനകളും വ്യക്തികളും ഇഫ്താർ ഭക്ഷണം തൊഴിലാളി ക്യാംപുകളിലടക്കം വിതരണം ചെയ്യും.  പള്ളികളിൽ മതപ്രഭാഷണങ്ങളുമുണ്ടാകും. സ്ത്രീകൾക്കും നമസ്കാരത്തിനു പള്ളികളിൽ സൌകര്യമേർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഒമാനിൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ നാളെയാണ് റമസാൻ വ്രതാനുഷ്ടാനം തുടങ്ങുന്നത്.

MORE IN GULF
SHOW MORE