ട്രാഫിക് സിഗ്നലുകളിൽ ഇഫ്താർ പൊതി; അബുദാബി പൊലീസിന്റെ പദ്ധതി

abudhabi-police
SHARE

റമസാനിൽ നോമ്പുതുറസമയത്ത് വാഹനങ്ങളിലായിരിക്കുന്നവർക്ക് ഇഫ്താർ നൽകുന്ന പദ്ധതിയുമായി അബുദാബി പൊലീസ്. ട്രാഫിക് സിഗ്നലുകളിൽ ഇഫ്താർ പൊതിയുമായി അബുദാബി പൊലീസുണ്ടാകും. അതേസമയം, റമസാനിൽ ഇഫ്താർ ടെൻറുകൾ സ്ഥാപിക്കുന്നവർ കർശന സുരക്ഷാ നിയമങ്ങൾ പാലിക്കണമെന്നു അബുദാബി ദുരന്ത നിവാരണ സമിതി അഭ്യർഥിച്ചു. 

നോമ്പുതുറക്കാനായി വേഗം വീട്ടിലെത്തുന്നതിനായി വാഹനത്തിൻറെ വേഗം കൂട്ടേണ്ടതില്ല. കൃത്യസമയത്തു തന്നെ നോമ്പുതുറക്കാൻ അബുദാബി പൊലീസ് ട്രാഫിക് സിഗ്നലുകൾക്ക് സമീപമുണ്ടാകും. ഇഫ്താർ പൊതികളുമായി. ഫീഡ് ആൻഡ് റീപ് പദ്ധതിയിലൂടെ റമസാനിൽ ദിവസേന 2,500 ഇഫ്താർ പൊതികൾ വിതരണം ചെയ്യുമെന്നു അബുദാബി പൊലീസ് പ്രോട്ടോകോൾ ആൻഡ് റിലേഷൻസ് ഡിപ്പാർട്ട്‌മെൻറിലെ ലഫ്റ്റനൻറ് കേണൽ സുൽത്താൻ അബ്ദുല്ല  ബവാസീർ പറഞ്ഞു. 

അബുദാബി ഇസ്ലാമിക് ബാങ്ക്, സിവിൽ ഡിഫൻസ് റോഡ്, മുഷ്റിഫ് മാൾ, പ്രസ്റ്റീജ് അൽ ഖാലിയ എന്നിവിടങ്ങളിലെ സിഗ്നലുകളിലും അൽഐനിൽ അൽ മഖാമി സിഗ്നൽ,  അൽജിമി മാൾ സിഗ്നൽ എന്നിവിടങ്ങളിലുമാണ് ഇഫ്താർ പൊതി നൽകുന്നത്. 90,000 ഇഫ്താർ പൊതികളാണ് ആകെ നൽകാനുദ്ദേശിക്കുന്നത്. അതേസമയം, അടച്ചിട്ട മുറികളിൽ ഇഫ്താർ വിരുന്നൊരുക്കുന്നവർ മാസ്ക് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും വേണമെന്നു അബുദാബി ദുരന്ത നിവാരണ സമിതി അഭ്യർഥിച്ചു. സർക്കാരിൻറേയോ അംഗീകൃത ഏജൻസികളുടെയോ നേതൃത്വത്തിലായിരിക്കണം ടെൻറുകൾ സ്ഥാപിക്കേണ്ടത്. ഇഫ്താറിന് മുൻപും ശേഷവും ടെൻറ് അണുവിമുക്തമാക്കണം. കോവിഡ് പശ്ചാത്തലത്തിൽ ഇഫ്താർ വിരുന്നുകളിൽ സുരക്ഷാനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നു ദുരന്തനിവാരണ സമിതി ഓർമിപ്പിക്കുന്നു.

MORE IN GULF
SHOW MORE