എക്സ്പോയ്ക്ക് കൊടിയിറക്കം; മനോഹരമായിരുന്നുവെന്ന് ദുബായ് ഭരണാധികാരി

EXPO
SHARE

ആറുമാസക്കാലം ലോകരാജ്യങ്ങളുടെ സംഗമവേദിയായിരുന്ന ദുബായ് രാജ്യാന്തര എക്സ്പോയ്ക്ക് കൊടിയിറക്കം. കലാപ്രതിഭകൾ അവതരിപ്പിച്ച വിസ്മയിപ്പിക്കുന്ന ദൃശ്യവിരുന്നോടെയായിരുന്നു സമാപനാഘോഷം. ചരിത്രത്തിലെ ഏറ്റവും വിഷമകരമായ സാഹചര്യത്തിൽ അവതരിപ്പിക്കപ്പെട്ട ഏറ്റവും മനോഹരമായ പരിപാടിയായിരുന്നു എക്സ്പോയെന്നു ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പറഞ്ഞു.

ആവേശവും ആഘോഷവും നിറഞ്ഞ അവസാനമണിക്കൂറുകളിൽ അഭൂതപൂർവമായ തിരക്കിലായിരുന്നു ദുബായ് എക്സ്പോ നഗരി. ജനസാഗരത്തെ സാക്ഷിയാക്കി ഏഴു മണിയോടെ സമാപനചടങ്ങു തുടങ്ങി. വർണവിസ്മയമണിഞ്ഞ അൽ വാസൽ പ്ളാസയിലായിരുന്നു ആഘോഷങ്ങളുടെ തുടക്കം. എക്സ്പോ കമ്മിഷൻ ജനറലും യുഎഇസഹിഷ്ണുതാകാര്യമന്ത്രിയുമായ ഷെയ്ഖ് നഹ്യാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എക്സ്പോയുമായി സഹകരിച്ച എല്ലാവർക്കും നന്ദി അറിയിച്ചു. 

2025 ലെ എക്സ്പോയ്ക്ക് വേദിയാകുന്ന ജപ്പാൻറെ പ്രതിനിധികൾക്കു എക്സ്പോ പതാക കൈമാറി. തുടർന്നു പ്രശസ്ത അമേരിക്കൻ സംഗീതജ്ഞൻ യോയോ മായുടെ സംഗീതപരിപാടി.  എക്സ്പോയിലൂടെ ലോകം എല്ലാ അതിർവരമ്പുകളും മാറ്റിവച്ചു ഒന്നായെന്ന സന്ദേശത്തോടെ എക്സ്പോ ഗാനം. പ്രവാസിഇന്ത്യക്കാർക്ക് അഭിമാനമായി ഉദ്ഘാടനച്ചടങ്ങിലെപ്പോലെ ഉത്തരാഖണ്ഡ് സ്വദേശി യുഎഇയിലെ വിദ്യാർഥിനിയായ 11കാരി മിറ സിങ്  യുഎഇയുടെ സാംസ്കാരികചരിത്രകാഴ്ചകളും അവതരിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി. 

സംഗീതജ്ഞരായ നോറ ജോൺസ്, ക്രിസ്റ്റിന അഗ്വിലേര തുടങ്ങിയവരും സംഗീതപരിപാടികൾ അവതരിപ്പിച്ചു. സംഗീതനൃത്തപരിപാടികൾക്കൊപ്പം ഇടവേളകളിൽ വെടിക്കെട്ടും കരിമരുന്നുപ്രയോഗവും എയർഷോയും സമാപനാഘോഷത്തിൻറെ ഭാഗമായി. പ്രധാനവേദിക്കുപുറമേ ജൂബിലി പാർക്ക്, ആംഫി തീയറ്റർ ഉൾപ്പെടെയുള്ള വേദികളിലും ആഘോഷപരിപാടികൾ ഒരുക്കിയിരുന്നു. പുലർച്ചെ മൂന്നുവരെ ആഘോഷങ്ങളും ആരവങ്ങളും എക്സ്പോവേദിയിൽ നിറഞ്ഞു. കോവിഡ് മഹാമാരിയുടെ ഇടയിലും രണ്ടരക്കോടിയോളംപേരാണ് എക്സ്പോ സന്ദർശിക്കാനെത്തിയത്.

MORE IN GULF
SHOW MORE