ഇനി നാട്ടിലേക്ക്; പക്ഷെ അപ്പോഴേക്കും; നോവായി അബുവെന്ന പ്രവാസി; കണ്ണീർക്കുറിപ്പ്

abu-nri
SHARE

അത്തർ പൂശിയ പെട്ടികളുമായി കാറിൽ ഒരു പ്രവാസി നാട്ടിൽ വന്നിറങ്ങുമ്പോൾ ഓർക്കുക, പരവതാനി വിരിച്ച പാതകളിലൂടെയായിരുന്നില്ല അവർ സഞ്ചരിച്ചത്. ആ മനസ് നിറയെ നാടും വീടും ഉറ്റവരുമായിരുന്നു. അവരുടെ പുഞ്ചിരിയായിരുന്നു. തന്റെ കുടുംബം നല്ല നിലയിൽ ജീവിക്കണമെന്ന ആഗ്രഹം കൊണ്ടു മാത്രമാണ് പൊള്ളുന്ന ദുഃഖങ്ങൾ കടിച്ചമർത്തി ഓരോ പ്രവാസിയും മണലാരണ്യങ്ങളിൽ കഴിയുന്നത്. എന്നാൽ ചിലരെങ്കിലും ഈ ആഗ്രഹങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ച് എന്നന്നേക്കുമായി യാത്രയാകുന്നു. അവരിലൊരാളായി അബുവും മാറി. അബു എന്ന പ്രവാസിയെക്കുറിച്ച് അഷറഫ് താമരശ്ശേരി എഴുതിയ കണ്ണീർക്കുറിപ്പ് വായിക്കുന്നവരിൽ നൊമ്പരം ഉണർത്തുന്നു. 

കുറിപ്പിന്റെ പൂർണരൂപം: 

കഴിഞ്ഞ ദിവസങ്ങളിലായി 7 മൃതദേഹങ്ങളാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നാട്ടിലയച്ചത്.  ആത്മഹത്യ,  ഹൃദയാഘാതം, അപകട മരണം എന്നിവയാണ് അധികവും മരണ കാരണം. ഇതില്‍ അബു എന്ന വ്യക്തിയുടെ വിശേഷം പറയാം. 2011 ലാണ് ഇദ്ദേഹം ഗള്‍ഫില്‍ വരുന്നത്. കഴിഞ്ഞ  പത്ത് വര്‍ഷമായി ഇവിടെയുള്ള ഇദ്ദേഹം ഒരിക്കല്‍ മാത്രമാണ് വിസ അടിച്ചിട്ടുള്ളത്. ആദ്യത്തെ വിസ തീര്‍ന്നതോടെ മറ്റൊരു വിസ ലഭിക്കാതെ വന്നതോടെ ഉപജീവനമാര്‍ഗ്ഗം തേടി ഒരുപാട് അലഞ്ഞു. മറ്റു മാര്‍ഗ്ഗങ്ങളില്ലാതെ വന്നപ്പോള്‍ ആരും കാണാത്ത മരുഭൂമിയിലെ ജോലികള്‍ തേടിപ്പോയി. കഠിനമായ ജോലിയും തുച്ഛമായ വരുമാനവും സഹിച്ച് നാട്ടിലും പോകാതെ ഇദ്ദേഹം കഴിച്ചു കൂട്ടി. 

ഈ കാലയളവില്‍ നാലു മക്കളേയും മാന്യമായി പഠിപ്പിക്കുകയും രണ്ട് പേരെ വിവാഹം കഴിപ്പിച്ചയക്കുകയും ചെയ്തു. സ്വന്തം കുടുംബത്തിന്‍റെ മാന്യമായ ജീവിതം മാത്രമായിരുന്നു ഇദ്ദേഹത്തിന്‍റെ ഉള്ളിലത്രയും. പ്രവാസ ലോകത്ത് കഴിഞ്ഞ പത്ത് വര്‍ഷം ഇദ്ദേഹത്തിന്‍റെ ജീവിതത്തില്‍ നിന്നും കൊഴിഞ്ഞ് പോവുകയുമായിരുന്നല്ലോ. ഇനിയൊന്ന് നാട് പിടിക്കണം ഉറ്റവരെയും ഉടയവരെയും കാണണം. ആരോഗ്യം അനുവദിച്ചാല്‍ പുതിയ വിസയില്‍ വന്ന് ഭേദപ്പെട്ട ജോലി കണ്ടു പിടിക്കണം എന്ന് ‍ എന്നും സ്വപ്നം കാണും. അനധികൃത താമസത്തിന് അടക്കേണ്ടി വരുന്ന പിഴ തന്നെ വലിയ തുക വരും. അപ്പോഴാണ്‌ പൊതുമാപ്പ് വരുന്നെന്ന വിവരം ലഭിക്കുന്നത്. പുത്തന്‍ പ്രതീക്ഷകളുമായി ദിനങ്ങള്‍ തള്ളി നീക്കുകയായിരുന്നു ഇദ്ദേഹം. പിന്നീടാണ് അറിയുന്നത് പൊതുമാപ്പ് എന്ന വിവരം തെറ്റായിരുന്നു എന്നത്. നിരാശപൂണ്ട ജീവിതം അധികം നീണ്ടുനിന്നില്ല. മരണം ഹൃദയാഘാതത്തിന്‍റെ രൂപത്തില്‍ അബുവിനെ തേടിവന്നു.....

ഓരോ പ്രവാസിയും ഒരായിരം നോവുകളുമായിട്ടാണ് മണലാരണ്യത്തില്‍ കഴിഞ്ഞു പോകുന്നത്. ഒത്ത് വന്നാല്‍ അത്തറു മണക്കുന്ന പെട്ടിയും തൂക്കി ശിഷ്ടകാലം കുടുംബത്തോടൊപ്പം കഴിയാന്‍ വന്നെത്തും. ഇതിനിടയില്‍ നിരവധിപേര്‍ ദുഃഖങ്ങളും പേറി ഹൃദയംപൊട്ടി തണുത്ത് മരവിച്ച് പെട്ടിക്കകത്തായി തന്‍റെ ചോര നീരാക്കി പണിത വീട്ടുമുറ്റത്തെത്തും.....നമ്മില്‍നിന്നും വിട്ടു പിരിഞ്ഞ സഹോദരങ്ങള്‍ക്ക് ദൈവം തമ്പുരാന്‍ നന്മകള്‍ ചോരിയുമാറാകട്ടെ..........

MORE IN GULF
SHOW MORE