ഇങ്ങോട്ടു വരാം; അങ്ങോട്ടു പോകേണ്ട; ഗൾഫിലേക്കു നിരക്ക് മൂന്നിരട്ടി; ടിക്കറ്റുമില്ല

flight-2
SHARE

കൊണ്ടോട്ടി: ഗൾഫ് രാജ്യങ്ങളിൽനിന്നു കേരളത്തിലേക്കുള്ള വിമാനയാത്രാ നിരക്ക് കുറഞ്ഞെങ്കിലും നാട്ടിൽനിന്നു ഗൾഫ് നാടുകളിലെത്താൻ മൂന്നിരട്ടി വരെ തുക നൽകണം. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ വിദേശനാടുകളിലേക്കു വർധിപ്പിച്ച നിരക്ക് പിന്നീട് കുറച്ചിട്ടില്ല. നിയന്ത്രണങ്ങൾ നീങ്ങിയതോടെ വിവിധ ഗൾഫ് നാടുകളിലേക്കു മടങ്ങിപ്പോകുന്ന പ്രവാസികളുടെ എണ്ണം കുത്തനെ കൂടിയെങ്കിലും രാജ്യാന്തര വിമാന സർവീസുകൾ കുറവാണ് എന്നതാണു പ്രധാന കാരണം.

ഗൾഫ് യാത്രക്കാരുടെ എണ്ണത്തിൽ മുന്നിലുണ്ടാകാറുള്ള കോഴിക്കോട് വിമാനത്താവളത്തിൽനിന്നു വലിയ വിമാന സർവീസുകൾ പുനരാരംഭിക്കാത്തതും മറ്റൊരു കാരണമാണ്. കൂടിയ നിരക്കിൽത്തന്നെ പല ദിവസവും ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയുമുണ്ട്. കേരളത്തിൽനിന്നു വിവിധ ഗൾഫ് നാടുകളിലേക്കുള്ള നൽകുന്ന ടിക്കറ്റ് തുകയുടെ മൂന്നിലൊന്നു നൽകിയാൽ അവിടെനിന്നു നാട്ടിലേക്കു ടിക്കറ്റെടുക്കാൻ സാധിക്കുമെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.

ജിദ്ദയിലേക്ക് 36,000 രൂപ മുതൽ 40,000 രൂപ വരെയാണു കൊച്ചിയിൽനിന്നുള്ള നിരക്ക്. എന്നാൽ, ജിദ്ദയിൽനിന്നു കൊച്ചിയിലെത്താൻ പകുതി തുക മതി. 7,500 രൂപയുണ്ടെങ്കിൽ യുഎഇയിലെ വിവിധ വിമാനത്താവളങ്ങളിൽനിന്നു കരിപ്പൂരിലെത്താം. എന്നാൽ, തിരിച്ചു പോകാൻ ഇരട്ടിയിലേറെ വേണം. കോഴിക്കോട്ടുനിന്ന് മസ്കത്തിലേക്ക് 30,000 രൂപയ്ക്കു മുകളിൽ നൽകണം. അവിടെനിന്നു കോഴിക്കോട്ടേക്കു 12,000 രൂപയ്ക്കു ടിക്കറ്റ് ലഭിക്കും.

കോഴിക്കോട്ടുനിന്ന് ബഹ്റൈനിലേക്കു ശരാശരി 30,000 രൂപയാണെങ്കിൽ തിരിച്ചു 14,000 രൂപ മതി. കോഴിക്കോട്ടുനിന്നു കുവൈത്തിലേക്ക് 25,000 രൂപയ്ക്കു മുകളിൽ നിരക്ക് കാണിക്കുന്നുണ്ട്. എന്നാൽ, കുവൈത്തിൽനിന്നു കോഴിക്കോട്ടേക്കു 17,000 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കും. ഖത്തറിൽനിന്ന് 8,500 രൂപയ്ക്ക് കോഴിക്കോട്ടെത്തുന്ന പ്രവാസിക്കു തിരിച്ചു പോകാൻ 25,000 രൂപയെങ്കിലും ടിക്കറ്റിനു നൽകണം. 

MORE IN GULF
SHOW MORE