നാൽപതിലേറെ നിയമപരിഷ്കാരങ്ങള്‍; കുതിപ്പിനൊരുങ്ങി യുഎഇ

Gulf-This-Week
SHARE

പുതുവർഷത്തിൽ യുഎഇയ്ക്ക് പുതുമയോടെ തുടക്കം. രാജ്യത്തെ പ്രധാന നിയമങ്ങളും പ്രവൃത്തി സമയവും അവധി ദിനങ്ങളുമെല്ലാം കാലോചിതമായി പരിഷ്കരിച്ചാണ് രാജ്യം 2022നെ വരവേറ്റത്. ചരിത്രത്തിലാദ്യമായി നാൽപതിലേറെ നിയമങ്ങൾ പരിഷ്കരിച്ചാണ് അടുത്ത 50 വർഷത്തേക്കുള്ള കുതിപ്പിനു യുഎഇ തുടക്കമിട്ടത്.

ഗൾഫിൽ ആദ്യമായാണ് ഒരു രാജ്യം ഇത്രത്തോളം പരിഷ്കാരങ്ങളുമായി പുതിയ വർഷത്തിലേക്കു കടക്കുന്നത്. ജനുവരി ഒന്നുമുതൽ യുഎഇയിലെ സർക്കാർ മേഖലയിൽ നാലരദിവസം മാത്രമാണ് പ്രവർത്തി സമയം. രണ്ടരദിവസത്തെ വാരാന്ത്യ അവധി. വെള്ളിയാഴ്ച അവധിയെന്ന വർഷങ്ങൾ നീണ്ട പതിവ് അവസാനിച്ചിരിക്കുന്നു. സർക്കാർ മേഖലയിൽ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ വൈകിട്ട് 3.30 വരെയാണ് പ്രവർത്തി സമയം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 വരെയും സർക്കാർ ഓഫീസുകൾ പ്രവർത്തിക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് തുടങ്ങുന്ന വാരാന്ത്യ അവധിക്കു ശേഷം തിങ്കളാഴ്ചയാണ് ജോലി പുനരാരംഭിക്കുന്നത്. ഷാർജ എമിറേറ്റിലാകട്ടെ വെള്ളിയാഴ്ചകൂടി അവധിനൽകിയതോടെ നാലു ദിവസം മാത്രമായിരിക്കും പ്രവർത്തിസമയം. രാജ്യാന്തര ബാങ്കിങ് സമയവുമായി യുഎഇ പ്രവൃത്തി സമയം ഏകോപിപ്പിക്കുന്നതിനാണ് പുതിയ തീരുമാനം നിലവിൽ വന്നത്. ഇതോടെ ആഴ്ചയിൽ 5 ദിവസവും രാജ്യാന്തര ഇടപാടു നടത്താൻ യുഎഇയ്ക്ക് അവസരമൊരുങ്ങിയതാണ് പ്രധാനനേട്ടം.

സർക്കാർ തീരുമാനം പിൻതുടർന്നു യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും, പ്രവർത്തിദിനവും വാരാന്ത്യഅവധിയും ഏകോപിപ്പിച്ചു.  പുതുവർഷം മുതൽ ശനി, ഞായർ ദിവസങ്ങളിലാണ് വിദ്യാലയങ്ങളിലും അവധി. ഷാർജ എമിറേറ്റിലെ സ്കൂളുകൾക്ക് വെള്ളിയാഴ്ചയും അവധിയായിരിക്കും. തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രണ്ടു മണിക്കൂർ വരെ കൂടുതൽ ക്ലാസെടുത്ത് പാഠഭാഗങ്ങൾ തീർക്കാനാണ് സ്കൂളുകളുടെ തീരുമാനം.പുതിയ തീരുമാനത്തെ പ്രവാസിമലയാളികളടക്കം രക്ഷിതാക്കളും വിദ്യാർഥികളും സ്വാഗതം ചെയ്യുന്നു.കൂടുതൽ സമയം കുടുംബത്തോടൊപ്പം ചിലവഴിക്കുന്നതിലൂടെ കുടുംബ, സാമൂഹിക രംഗങ്ങളിൽ കുട്ടികൾക്കു കൂടുതൽ സജീവമാകാമെന്നത് ഗുണകരമാണെന്നാണ് വിലയിരുത്തൽ.

സർക്കാർ മേഖലയെ പിൻതുടർന്നു യുഎഇയിലെ ഒട്ടേറെ സ്വകാര്യസ്ഥാപനങ്ങളും വാരാന്ത്യ അവധി പുനഃക്രമീകരിച്ചിട്ടുണ്ട്. ഈ വർഷത്തിൽ തന്നെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും പ്രവർത്തിസമയവും അവധിയും ഏകീകരിക്കപ്പെടുമെന്നാണ് കരുതുന്നത്. അതേസമയം, പുതുവർഷത്തിൽ രാജ്യത്തിൻറെ സാമൂഹിക, സാമ്പത്തിക മേഖലകളിൽ വിപ്ളവാത്മകമായ മാറ്റങ്ങൾ വരുത്തുന്ന പുതിയ നിയമഭേദഗതികളും പരിഷ്കാരങ്ങളുമാണ് യുഎഇയിൽ നിലവിൽ വന്നത്. സാമ്പത്തിക,നിക്ഷേപ,വാണിജ്യ മേഖല ശക്തിപ്പെടുത്തുന്നതോടൊപ്പം സാമൂഹിക സുസ്ഥിരതയും സുരക്ഷയും ഉറപ്പാക്കുന്ന നിയമഭേദഗതികളാണിവ. നിക്ഷേപം,വ്യാപാരം,വ്യവസായം, വാണിജ്യം, കമ്പനി, വ്യാവസായിക സ്വത്തുക്കളുടെ നിയന്ത്രണം, സംരക്ഷണം, പകർപ്പവകാശം, ഇലക്ട്രോണിക് ഇടപാടുകൾ, ട്രസ്റ്റ് സേവനങ്ങൾ, ഫാക്‌ടറി, റെസിഡൻസി തുടങ്ങി 40ലേറെ നിയമങ്ങളിലെ ഭേദഗതികളാണ്  നടപ്പായത്. ബാങ്ക് അക്കൗണ്ടിൽ മതിയായ തുക ഇല്ലാത്തതിന്റെ പേരിൽ മടങ്ങുന്ന ചെക്ക് കേസ് ക്രിമിനൽ കുറ്റത്തിൻറെ പരിധിയിൽനിന്ന് ഒഴിവാക്കിയ നിയമവും പ്രാബല്യത്തിലായി. പുതിയ നിയമപ്രകാരം, ബാങ്കിൽ സമർപ്പിക്കുന്ന ചെക്കിൻറെ തുകയ്ക്കു തുല്യമായ പണം അക്കൗണ്ടിൽ ഇല്ലെങ്കിലും ലഭ്യമായ തുക നൽകും. ശേഷിച്ച തുക ബാങ്ക് അധികൃതർ ചെക്കിൽ രേഖപ്പെടുത്തും. ഇത് ഈടാക്കുന്നതിന് സിവിൽ കോടതിയിൽ നേരിട്ട് നടപടികളുമായി മുന്നോട്ടുപോകാം.

MORE IN GULF
SHOW MORE