50 കോടി ഭഗവതിയുടെ പുണ്യം; ടിക്കറ്റ് എടുത്തപ്പോൾ കൊടുത്ത വാക്ക് പാലിക്കും: ഹരിദാസ്

haridas-abudhabi
SHARE

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 50.66 കോടി രൂപ (2.5 കോടി ദിർഹം) മലപ്പുറം സ്വദേശിയുടെ പേരിൽ 15 പേർ ചേർന്നെടുത്ത ടിക്കറ്റിന്. തിരൂർ കടുങ്ങാക്കുണ്ട് വരസനാൽ മുക്കിലപീടിക ചെറവല്ലൂർ സ്വദേശി മൂത്താട്ട് വാസുണ്ണിയുടെ മകൻ ഹരിദാസനും മറ്റു 12 മലയാളികളും ഒരു ഉത്തർപ്രദേശ് സ്വദേശിയും ഒരു പാക്കിസ്ഥാനിയും ചേർന്നാണ് ടിക്കറ്റെടുത്തത്. അൽഐനിൽ ഫയർ അലാറം, ഫയർ ഫൈറ്റിങ് സൂപ്പർവൈസറായി ജോലി ചെയ്തുവരികയാണ് ഹരിദാസ്.

കൊടുങ്ങല്ലൂർ ഭഗവതിയുടെ പുണ്യമാണ് ഈ ഭാഗ്യം. അമ്മേ രക്ഷിക്കണേ എന്നും സമ്മാനം ലഭിച്ചാൽ തന്റെ 8 സെന്റ് ഭൂമി നൽകാമെന്നും വാഗ്ദാനം ചെയ്താണ് ടിക്കറ്റെടുത്തതെന്നും വാക്കു പാലിക്കുമെന്നും ഹരിദാസൻ മനോരമയോടു പറഞ്ഞു. ജീവിതത്തിൽ എത്ര അധ്വാനിച്ചാലും ഇത്ര തുക കിട്ടില്ല. സമ്മാനത്തുക എന്തുചെയ്യണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും പറഞ്ഞു. 

2008 മുതൽ യുഎഇയിലുള്ള ഹരിദാസൻ കൂട്ടുകാർക്കൊപ്പം ചേർന്നു പതിവായി ടിക്കെറ്റെടുക്കാറുണ്ടെന്നും സൂചിപ്പിച്ചു. അമ്മ ശോഭന, ഭാര്യ ശിൽപ, മകൻ അഭിനവ് എന്നിവരടങ്ങുന്നതാണ് കുടുംബം. രണ്ടാം സമ്മാനമായ 20 ലക്ഷം ദിർഹം (നാലു കോടി രൂപ) ഇന്ത്യക്കാരനായ അശ്വിൻ അരവിന്ദാക്ഷന് ലഭിച്ചു. ഇത്തവണത്തെ മറ്റു സമ്മാന ജേതാക്കളെല്ലാം ഇന്ത്യക്കാരാണ്. ഇവരിൽ മലയാളികളുമുണ്ട്.

MORE IN GULF
SHOW MORE