സൗദിയിൽ മഞ്ഞുവർഷം; മഴ തുടരും ; തണുപ്പ് കൂടി; തബൂക്കിൽ തിക്കും തിരക്കും

saudi-snow
SHARE

റിയാദ്. ശനിയാഴ്ച പുലർച്ചെ മുതൽ സൗദയിലെ പലയിടങ്ങളിലും  കനത്ത മഴയും മഞ്ഞുവീഴ്ചയും. തബൂക്കിലെ ജബൽ അൽ ലൗസിന്റെ കൊടുമുടി പൂർണമായും വെള്ള പുതച്ചു. പാതയോരങ്ങളിലും കുന്നുകളിലും മഞ്ഞു മൂടിയത് കൗതുകമായി.  പ്രകൃതി ഭംഗി ആസ്വദിക്കാനും ചിത്രമെടുക്കാനും  കുട്ടികളുൾപ്പെടെ പ്രദേശവാസികൾ പുറത്തിറങ്ങി.  ദൂര പ്രദേശങ്ങളിൽ നിന്ന് വരെ കാഴ്ച കാണാൻ ആളുകളെത്തി. പുതുവർഷത്തിന്റെ ആദ്യദിനത്തിൽ അന്തരീക്ഷം ആസ്വദിച്ച്, വെള്ളയിൽ പുതച്ച മലമുകളിലേക്ക് കയറാൻ ആളുകൾ തിക്കിത്തിരക്കി.

ഞായറാഴ്ച വരെ രാജ്യത്ത് മഞ്ഞുവീഴ്ച തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു. അതോടൊപ്പം തിങ്കളാഴ്ച വരെ രാജ്യത്തിന്റെ പല പ്രദേശങ്ങളിലും  ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്ന് നേരത്തേ  ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. റിയാദ്, മക്ക, മദീന, കിഴക്കൻ പ്രവിശ്യ, അൽ ബാഹ, അസീർ, ജസാൻ, അൽഖസിം, തബൂക്ക്, അൽജൗഫ്, ഹായിൽ എന്നീ പ്രദേശങ്ങളിൽ സാമാന്യം ശക്തമായ മഴ ലഭിക്കുമെന്നായിരുന്നു അറിയിപ്പ്.

ജബൽ അൽ ലൗസ്, വടക്കുപടിഞ്ഞാറൻ സൗദി അറേബ്യയിൽ ജോർദാൻ അതിർത്തിക്ക് സമീപം തബൂക്ക് നഗരത്തിന് ഏകദേശം 200 കിലോമീറ്റർ വടക്ക് പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഒരു പർവതനിരയാണ്, ബദാം മരങ്ങൾ കൂടുതലായി കാണപ്പെടുന്നതിനാലാണ് ഇതിനെ ജബൽ അൽ ലൗസ് എന്ന് വിളിക്കുന്നത്. ബദാമിന്  അറബി ഭാഷയിൽ ലൗസ് എന്നാണ് പറയുക.

മഴക്കെടുതി മൂലം  അപകട സാധ്യതയുള്ള  മിക്കയിടങ്ങളിലും ദ്രുത സുരക്ഷാ സേനയെയും പ്രതിരോധ ടീമിനെയും വിന്യസിച്ചിട്ടുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു. ഏതു അത്യാഹിതങ്ങളോടും വേഗത്തിൽ പ്രതികരിക്കാൻ സേന സജ്ജമാണെന്ന് ഔദ്യോഗിക വക്താവ് ലഫ്. കേണൽ മുഹമ്മദ് അൽ ഹമ്മദി പറഞ്ഞു. അപകട മേഖലകളിൽ നിന്ന് മാറി നിൽക്കാനും അതാത് സമയങ്ങളിലെ സിവിൽ ഡിഫൻസ് നിർദേശങ്ങൾ പാലിക്കാനും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. സുരക്ഷ സംബന്ധിച്ച് വാർത്താമാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും വരുന്ന അറിയിപ്പുകൾ ശ്രദ്ധിക്കണെമന്നും അദ്ദേഹം പറഞ്ഞു.

MORE IN GULF
SHOW MORE