ഉപരോധമൊഴിഞ്ഞ് ഖത്തര്‍; എക്സ്പോ ആരവം; ലോകകപ്പ് വരവ്; ഗള്‍ഫിന്റെ വര്‍ഷം

Gulf
SHARE

ഗൾഫ് നാടുകൾക്ക് 2021 പ്രതീക്ഷയുടെ വർഷമായിരുന്നു. കോവിഡ് അതിജീവനം ആദ്യം സാധ്യമാക്കിയെന്നതായിരുന്നു പ്രതീക്ഷയുടെ പ്രധാനകാരണം. സൌദി അടക്കം നാലു രാജ്യങ്ങളുടെ ഖത്തർ ഉപരോധം അവസാനിപ്പിച്ചു. ദുബായ് രാജ്യാന്തര എക്സ്പോയ്ക്ക് തുടക്കമായി. അങ്ങനെ പ്രതീക്ഷയുടെ കാഴ്ചകളായിരുന്നു ഗൾഫ് മേഖല 2021 ൽ കണ്ടത്. പ്രവാസലോകത്തെ ആ കാഴ്ചകൾ ഒറ്റനോട്ടത്തിൽ കാണാം... പ്രത്യേകപരിപാടി  ഗൾഫ് 2021 ലേക്ക് സ്വാഗതം. 

ഖത്തർ ഉപരോധം അവസാനിപ്പിക്കുന്നുവെന്ന പ്രഖ്യാപനമായിരുന്നു 2021 ൻറെ ആദ്യ വാരത്തിൽ ഗൾഫിൽ നിന്നും കേട്ടത്. അംഗരാജ്യങ്ങൾക്കു മാത്രമല്ല പ്രവാസിമലയാളികൾക്കടക്കം പ്രതീക്ഷനൽകുന്ന വാർത്തയായിരുന്നു അത്. 2021 ജനുവരി ആദ്യവാരം സൌദിയിലെ അൽ ഉലയിൽ നടന്ന ജിസിസി ഉച്ചകോടിയിലായിരുന്നു ഗൾഫ് പ്രതിസന്ധിക്ക് വിരാമമിട്ട അന്തിമതീരുമാനമുണ്ടായത്. ഇനി ജിസിസി ഒറ്റക്കെട്ടായി മുന്നോട്ടുനീങ്ങുമെന്ന തീരുമാനം 2021 ലെ ഏറ്റവും പ്രതീക്ഷ നൽകുന്ന പ്രഖ്യാപനമായിരുന്നു.

ആധുനിക ഗൾഫ് രൂപമെടുത്തശേഷമുള്ള ഏറ്റവും വലിയ, ഏറ്റവും നീണ്ട പ്രതിസന്ധിക്കു വിരാമം. അതായിരുന്നു 2021 ൻറെ തുടക്കത്തിൽ, ജനുവരി അഞ്ചിനു അൽ ഉലയിൽ ചേർന്ന ജി.സി.സി ഉച്ചകോടിയിൽ നിന്നും ലോകം കേട്ട സന്തോഷവാർത്ത. അങ്ങനെ മൂന്നരവർഷം നീണ്ട ഖത്തർ ഉപരോധത്തിന് പരിസമാപ്തിയായി. സൗദിഅറേബ്യ, യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ 2017 ജൂൺ അഞ്ചിനാണ് ഖത്തറിനെതിരെ ഉപരോധം ഏർപ്പെടുത്തിയത്. ഗൾഫ് പ്രതിസന്ധി അവസാനിച്ചതായും ഖത്തറുമായുള്ള നയതന്ത്രബന്ധമടക്കമുള്ളവ പുനഃസ്ഥാപിച്ചതായും സൗദി വിദേശകാര്യമന്ത്രി ഫൈസൽബിൻ ഫർഹാനാണ് ലോകത്തെ അറിയിച്ചത്. 

ഏറെ ആകാംക്ഷാഭരിതമായിരുന്നു അൽ ഉല ഉച്ചകോടിയിലേക്കുള്ള ചുവടുവയ്പ്പുകൾ. ഉപരോധം അവസാനിപ്പിക്കാനുള്ള കുവൈത്തിൻറേയും അമേരിക്കയുടേയും മധ്യസ്ഥനീക്കങ്ങൾ ഫലം കാണുന്നുവെന്ന സൂചനയുണ്ടായത് 2020 ൻറെ അവസാനകാലത്താണ്. കുവൈത്ത് മധ്യസ്ഥത വഹിച്ചു. ഒടുവിൽ 2021 ജനുവരി നാലിന് രാത്രിയോടെ ഖത്തറും സൌദിയുമായുള്ള കര,ആകാശ,സമുദ്ര അതിർത്തികളെല്ലാം തുറക്കുന്നതായി കുവൈത്ത്  പ്രഖ്യാപിച്ചു.തൊട്ടടുത്തദിവസം നടക്കാനിരുന്ന ഉച്ചകോടിക്ക് മുൻപ് ആദ്യ മഞ്ഞുരുകൽ. മേഖലയുടെ ശ്രദ്ധാകേന്ദ്രമായി മാറുകയായിരുന്നു സൌദിയുടെ വടക്കുപടിഞ്ഞാറൻ നഗരമായ അൽ ഉല.  പൈതൃകനഗരമായ അൽ ഉലയിലേക്ക് ജനുവരി അഞ്ചിനു ഉച്ചയോടെ ഗൾഫ് രാജ്യങ്ങളുടെ ഭരണാധികാരികൾ എത്തിതുടങ്ങി. മൂന്നരവർഷത്തെ ഇടവേളയ്ക്കുശേഷം ഖത്തർ അമീറിൻറെ വിമാനം സൌദിമണ്ണിൽ തൊട്ടു. വിമാനത്താവളത്തിൽ കാത്തുനിന്ന സൌദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ മുന്നോട്ട് വന്ന് ആലിംഗനങ്ങളോടെ അമീറിനെ സ്വീകരിച്ചു. ഉപരോധവും ഭിന്നതകളും നിറഞ്ഞ ഇന്നലെകൾക്ക് വിട.

ഭീകരപ്രവർത്തനങ്ങളേയും സംഘടനകളേയും പ്രോത്സാഹിപ്പിക്കുന്നു എന്നതടക്കമുള്ള ആരോപണങ്ങളുന്നയിച്ചായിരുന്നു ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. എന്നാൽ മൂന്നരവർഷം പിന്നിടുമ്പോൾ എല്ലാ ആരോപണങ്ങൾക്കും ഭിന്നതകൾക്കും മുകളിലാണ് ഐക്യ ജിസിസി എന്ന പ്രഖ്യാപനമാണ് അൽ ഉലയിൽ നിന്നുയർന്നുകേട്ടത്. ഉപരോധം അവസാനിച്ചതോടെ ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങൾ സൌദിയടക്കം രാജ്യങ്ങൾ പുനഃരാരംഭിച്ചു. ഗതാഗത, വ്യാപാരവിലക്കുകളും ഒഴിവായി. 

പ്രതീക്ഷയുടെ വർഷമായി തുടങ്ങിയ 2021 കടന്നുപോകുമ്പോൾ ഉപരോധത്തിനു മുൻപുണ്ടായിരുന്ന സൌഹൃദബന്ധത്തിലേക്ക് ഗൾഫ് രാജ്യങ്ങൾ വീണ്ടുമെത്തിയിരിക്കുന്നു. കോവിഡ് കാലത്ത് ആ സഹകരണം കൂടുതൽ ശക്തമായി. നിയമങ്ങളിലും നിലപാടുകളിലുമൊക്കെ ഒരുമിച്ചു നീങ്ങാനുള്ള എല്ലാ സാഹചര്യങ്ങളും പ്രയോജനപ്പെടുത്തി മുന്നേറുകയെന്ന നയമാണ് ആറു ഗൾഫ് രാജ്യങ്ങളും സ്വീകരിച്ചുപോരുന്നത്.

MORE IN GULF
SHOW MORE