കരിപ്പൂരിലെ സൗദി എയർലൈൻസ് ഓഫിസ് പൂട്ടുന്നു; യാത്രക്കാരെ എങ്ങനെ ബാധിക്കും ?

kozhikode-flight-workers
SHARE

കരിപ്പൂർ: വലിയ വിമാന സർവീസ് പുനരാരംഭിക്കുന്നതിനുള്ള അനുമതി നീളുന്ന സാഹചര്യത്തിൽ, സൗദി എയർലൈൻസ് താൽക്കാലികമായി കരിപ്പൂർ വിടുന്നു. കോഴിക്കോട് വിമാനത്താവളത്തിലെ ഓഫിസും അനുബന്ധ സ്ഥലവും എയർപോർട്ട് അതോറിറ്റിക്കു തിരിച്ചേൽപ്പിക്കുന്നതിനുള്ള നടപടി ആരംഭിച്ചു. ഓഫിസ് പ്രവർത്തനത്തിനും വിമാനങ്ങളുടെ പോക്കുവരവിനും മറ്റുമായി നിലവിൽ സൗദി എയർലൈൻസ് വാടക നൽകുന്ന സ്ഥലങ്ങൾ ഈ മാസം 31ന് ഒഴിയാനാണു തീരുമാനം. അവ ജനുവരി ഒന്നിന് എയർപോർട്ട് അതോറിറ്റിക്കുതന്നെ തിരിച്ചേൽപ്പിക്കുമെന്നാണ് അറിയിപ്പ്. 

നടപടി താൽക്കാലികമാണ് എന്നാണു പറയുന്നത്. വലിയ വിമാന സർവീസിന് അനുമതി ലഭിക്കുമ്പോൾ തിരിച്ചെത്താം എന്നാണ് സൗദി എയർലൈൻസ് നൽകുന്ന പ്രതീക്ഷ. ടെർമിനലിൽ പ്രവർത്തിച്ചിരുന്ന ഓഫിസ് മാത്രമല്ല, ഗ്രൗണ്ട് ഹാൻഡ്‌ലിങ് -സപ്പോർട്ട് ജോലികൾക്കായി സൗദി എയർലൈൻസ് സാധനങ്ങൾ സൂക്ഷിക്കാനായി കൈവശം വച്ചിരുന്ന സ്ഥലവും ഒഴിയുകയാണ്. കരിപ്പൂരിൽ നിയോഗിച്ചിരുന്ന ജീവനക്കാരെ മറ്റു സ്ഥലങ്ങളിലേക്കു വിന്യസിക്കുമെന്നാണു സൂചന.

എന്നാൽ, യാത്രക്കാരുടെ സൗകര്യം പരിഗണിച്ചു കോഴിക്കോട് സിറ്റിയിലെ കൊമേഴ്സ്യൽ ഓഫിസ് കൂടുതൽ സൗകര്യപ്പെടുത്തും. ടിക്കറ്റ് ബുക്കിങ് ഉൾ‌പ്പെടെയുള്ള എല്ലാ സൗകര്യവും ഇവിടെ ലഭ്യമാക്കും. കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാന‍ സർവീസ് ആരംഭിച്ചതു മുതൽ സൗദി എയർലൈൻസ് കരിപ്പൂരിലുണ്ട്. നല്ല രീതിയിൽ ഹജ് യാത്രാ സർവീസും നൽകിയിരുന്നു. 2015ലെ റൺവേ ബലപ്പെടുത്തൽ ജോലി നടന്നപ്പോൾ കൊച്ചിയിലേക്കു മാറി. 3 വർഷത്തിനു ശേഷം നവീകരണം പൂർത്തിയായപ്പോൾ ആദ്യം തിരിച്ചെത്തിയതും സൗദി എയർലൈൻസ് ആണ്. 

കൊച്ചിയിലേക്കു മാറിയ എമിറേറ്റ്സ് വിമാനക്കമ്പനി പിന്നീട് തിരിച്ചെത്തിയില്ല. അവർ ഉപയോഗിച്ചിരുന്ന ഓഫിസ് സൗകര്യവും മറ്റുമാണു സൗദി എയർലൈൻസിനു നൽകിയിരുന്നത്. അതിനാവശ്യമായ വാടക വിമാനത്താവളത്തിനു നൽകുന്നുണ്ട്. ഈ ഓഫിസും അനുബന്ധ സൗകര്യങ്ങളും ഒഴിയാൻ ഇന്ത്യയിലെ സൗദി എയർലൈൻസിന്റെ കേന്ദ്രമായ മുംബൈ ഓഫിസിൽനിന്നു നിർദേശം ലഭിച്ചു. വിമാനങ്ങളുടെ പോക്കുവരവുകൾക്കായി ഏർപ്പെടുത്തിയ വസ്തുക്കൾ കൊച്ചിയിലേക്കു മാറ്റിയേക്കും. 2020 ഓഗസ്റ്റ് ഏഴിനു വിമാനാപകടം ഉണ്ടായതിനെത്തുടർന്നാണ് വലിയ വിമാനങ്ങൾക്കു കരിപ്പൂരിൽ വിലക്കുവന്നത്. അന്നു മുതൽ സൗദി എയർലൈൻസ് സർവീസ് നടത്തുന്നില്ല. എങ്കിലും ഓഫിസും അനുബന്ധ സൗകര്യങ്ങളും സൗദി എയർലൈൻസ് നിലനിർത്തിയിരുന്നു. 

MORE IN GULF
SHOW MORE