ദുബായ് ജയിലിൽ ഒരുമിച്ച്; തെരുവിൽ കഴിയുന്ന അനിതയ്ക്കൊപ്പമുള്ള അനുഭവം പങ്കുവച്ച് രാഖി

anitha-dubai
SHARE

ദുബായ്: കഴിഞ്ഞ എട്ടു മാസത്തോളമായി ദുബായിലെ തെരുവിൽ കഴിയുന്ന ആലപ്പുഴ സ്വദേശി അനിതയെക്കുറിച്ച്, അവരോടൊപ്പം ഒരു മാസത്തോളം ജയിലിൽ കഴിഞ്ഞ തൃശൂർ സ്വദേശി രാഖി അരുൺ ഓർക്കുന്നു. താനും അനിതയും ജയിലിലെത്താനുണ്ടായ സാഹചര്യം ഒന്നാണെന്നും ഇപ്പോൾ തെരുവിൽ കഴിയുന്ന അവര്‍ നാട്ടിലെത്തുകയാണെങ്കിൽ മറ്റൊരിടം കണ്ടെത്തുംവരെ അവർക്ക് തന്നോടൊപ്പം താമസിക്കാമെന്നും എറണാകുളത്തു താമസിക്കുന്ന രാഖി മനോരമ ഓൺലൈനിനെ അറിയിച്ചു.

കഴിഞ്ഞ ദിവസം മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ച ആലപ്പുഴ കണ്ടല്ലൂർ സ്വദേശിനി അനിതാ ബാലുവിന്റെ തെരുവോര കദനകഥ വായിച്ചപ്പോഴാണ് അവരിപ്പോഴും പ്രതിസന്ധിയിലാണെന്ന് മനസിലായത്. അവരെ ബന്ധപ്പെടാൻ ഒരുപാട് ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. ഭർത്താവ് വൻതുക വായ്പയെടുത്ത് എന്നെയും രണ്ടു മക്കളെയും ഉപേക്ഷിച്ചപ്പോഴാണ് ഞാനും ജയിലഴികൾക്കകത്തായത്. ചേച്ചിയെന്നായിരുന്നു ഞാനവരെ അഭിസംബോധന ചെയ്തിരുന്നത്. ചേച്ചിയും എന്റെ അതേ കാരണങ്ങളാൽ ഇരുമ്പഴികൾക്കുള്ളിലായതാണ്. എനിക്ക് 2 വർഷം മുൻപേ അവർ ജയിലിലുണ്ടായിരുന്നു. അവീർ ജയിലിലെ ഒരു സെല്ലിൽ ഡബിൾ ഡക്കർ ബെഡിൽ താഴെയും മുകളിലുമായി ഒരു മാസത്തോളം കഴിഞ്ഞെങ്കിലും ചേച്ചി സംസാരം കുറവായിരുന്നു. ആരുമായും അവർ അടുപ്പം പുലർത്തിയിരുന്നില്ല. തീക്ഷ്ണമായ ജീവിതാനുഭവമായിരിക്കാം അവരെ അങ്ങനെയാക്കിത്തീർത്തത്. ഏറ്റവും സ്നേഹിച്ചിരുന്നവർ പോലും സഹായിക്കാനുണ്ടായില്ല എന്ന വിചാരം ആരെയും അസ്വസ്ഥപ്പെടുത്തുമല്ലോ. അവരുടെ മനസിനെ എന്തൊക്കെയോ ശല്യം ചെയ്തുകൊണ്ടിരുന്നതായി ഓർക്കുന്നു. എങ്കിലും എന്നോട് മാത്രമായിരുന്നു കുറച്ചെങ്കിലും സംസാരിച്ചിരുന്നത്. പല സ്വകാര്യങ്ങളും എന്നോട് പങ്കിട്ടിരുന്നെങ്കിലും അതിൽ വ്യക്തത ഉണ്ടായിരുന്നില്ല. ദുബായിലുള്ള മകന്റെ ഫോൺ നമ്പരുണ്ടായിരുന്നെങ്കിലും വിളിക്കാറില്ലായിരുന്നു. മകനും അനിതേച്ചിയെ ബന്ധപ്പെട്ടിരുന്നില്ല. മോനു ജോലിയുണ്ടെന്ന് പറഞ്ഞിരുന്നു. ജയിലിലാകുന്നതിന് മുൻപ് തന്നെ ഭർത്താവ് ബാലു മറ്റൊരു വിവാഹം കഴിച്ചിരുന്നതായി പറഞ്ഞിരുന്നു. അപ്പോഴും ഭർത്താവുമായി ബന്ധം പുലർത്തിയിരുന്നു. പിന്നീട്, ജയിലിലാകാനുള്ള സാഹചര്യം എന്താണെന്നു മാത്രം എനിക്കറിയില്ല. ജയിലിലനകത്ത് ചേച്ചിക്ക് ജോലിയുണ്ടായിരുന്നു. നന്നായി വരയ്ക്കുകയും പാടുകയും ചെയ്യുമായിരുന്നു. വരച്ച പെയിന്റിങ്സ് വിറ്റു പണം സമ്പാദിച്ചിരുന്നു. പ്രതിമാസം 250 ദിർഹത്തോളം ലഭിച്ചിരുന്നതായാണ് ഓർമ. താൻ മറ്റാരെയും ആശ്രിയിക്കില്ലെന്നും ഭർത്താവ് സഹായിച്ചാലേ പ്രതിന്ധി അവസാനിക്കൂ എന്നും അവർ പറഞ്ഞിരുന്നു. ഞാനും അത്തരമൊരു സാഹചര്യത്തിലൂടെയായിരുന്നു കടന്നുപോയത്. അതിനാൽ, കൂടുതൽ ചോദിച്ചു മനസിലാക്കാൻ സാധിച്ചില്ല. ജയിലിൽ വച്ചുപുലർത്തിയിരുന്ന നിലപാട് തന്നെയാണ് ചേച്ചിക്ക് ഇപ്പോഴും എന്നു കരുതുന്നു. 

ഒരു മാസം കഴിഞ്ഞപ്പോൾ ഞാൻ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി. ചേച്ചി അപ്പോഴും ജയിലിലായിരുന്നു. 36 മാസം തടവ് അനുഭവിച്ചാണ് അവർ പുറത്തിറങ്ങിയതെന്ന് പിന്നീട് അറിഞ്ഞിരുന്നു. ഞാൻ പ്രശ്നങ്ങളിൽ നിന്നു താത്കാലികമായി രക്ഷപ്പെട്ട് നാട്ടിലേയ്ക്കും മടങ്ങി. പിന്നീട്, ഇപ്പോൾ വാർത്ത കണ്ടപ്പോഴാണ് അവരെ വീണ്ടും ഓർക്കുന്നത്. ഒരേ തൂവൽ പക്ഷികളായ ഞങ്ങളുടെ ദുരിത ജീവിതം മറ്റുള്ളവർക്ക് എത്രമാത്രം മനസിലാകുമോ എന്നറിയില്ല. പ്രശ്നങ്ങൾ തീർത്ത് നാട്ടിലേയ്ക്ക് വരാനാണ് താൽപര്യമെങ്കിൽ അവരെ സ്വീകരിക്കാൻ ഞാൻ തയ്യാറാണ്.

രാഖി അരുണിന് സമൂഹത്തോട് ഒരപേക്ഷ മാത്രമേയുള്ളൂ: ഇനിയും അനിതയെ ഇങ്ങനെ ശിക്ഷിക്കരുത്. മനസ്സിൽ നന്മ വറ്റിയിട്ടില്ലാതെ ഏതെങ്കിലും സമ്പന്നൻ വിചാരിച്ചാൽ ഒരൊറ്റ ദിവസം കൊണ്ടു തീർക്കാവുന്നതേയുള്ളൂ അവരുടെ തെരുവു ജീവിതം. അതുണ്ടാകുമെന്നാണു പ്രതീക്ഷ. അങ്ങനെ സംഭവിക്കണേ എന്നാണ് പ്രാർഥന.

സഹതാപവുമായി ഒട്ടേറെ പേർ; പക്ഷേ...

മലയാളി വനിത രാപ്പകൽ കഴിച്ചുകൂട്ടുന്നത് ബർദുബായ് വഴിയോരത്തെ ഒഴിഞ്ഞ പബ്ലിക് ടെലിഫോൺ ബൂത്തിൽ എന്ന വാർത്ത മനോരമ ഓൺലൈനിൽ വായിച്ച് ഒട്ടേറെ പേരാണ് സഹതാപത്തോടെ പ്രതികരിച്ചത്. എന്നാൽ, എല്ലാവരും അവരെ സഹായിക്കാൻ യുഎഇയിലെ സമ്പന്നർ വിചാരിച്ചാൽ സാധിക്കും എന്നല്ലാതെ, തങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും എന്ന് പറയുന്നില്ല.

വലിയ സൗകര്യത്തിൽ ജീവിച്ചിരുന്ന അനിതയുടെ ഭർത്താവ് ആലപ്പുഴ മുതുകുളം സ്വദേശി ബാലു ബിസിനസുകാരനായിരുന്നു. രണ്ട് ആൺമക്കളുമൊത്തുള്ള സന്തോഷകരമായ ജീവിതം മുന്നോട്ടുപോകവേ ബിസിനസ് ആവശ്യാർഥം ബാലു വിവിധ ബാങ്കുകളിൽ നിന്ന് വായ്പയെടുക്കുകയും തിരിച്ചടക്കാൻ പറ്റാത്താവുകയും ചെയ്തു. പ്രതിസന്ധിഘട്ടത്തിൽ മറ്റൊരു യുവതിയുമായി അടുപ്പത്തിലായ ബാലു അവരെ നാട്ടിൽ വിവാഹം കഴിക്കുകയും യുഎഇയിലേയ്ക്ക് മടങ്ങാതിരിക്കുകയും ചെയ്തു. ഇതേ തുടർന്നു ബാങ്കുകളും മറ്റൊരു കമ്പനിയും കേസ് കൊടുക്കുകയും അനിത കോടതിയിൽ കീഴ‌ടങ്ങുകയുമായിരുന്നു. തടവ് ശിക്ഷയ്ക്ക് ശേഷം പുറത്തിറങ്ങിയെങ്കിലും വായ്പ തിരിച്ചടക്കാതെ നാട്ടിലേയ്ക്ക് മടങ്ങാനാവില്ലായിരുന്നു. പിന്നീട്, യുഎഇയിലെ സാമൂഹിക പ്രവർത്തകരായ അഡ്വ. ഏബ്രഹാം പി.ജോൺ, ജിജോ എന്നിവർ ഇടപെട്ട് ബാങ്കുമായി ചർച്ച ചെയ്ത് തിരിച്ചടക്കേണ്ട തുക 2 ലക്ഷമാക്കി കുറച്ചു. ഈ തുക തിരിച്ചടക്കാൻ ബാങ്ക് അനുവദിച്ച കാലാവധി ഈ മാസം അവസാനത്തോടെ തീരും. അതിന് മുൻപ് ആരെങ്കിലും സഹായിച്ചില്ലെങ്കിൽ അനിത തെരുവു ജീവിതം തുടരേണ്ടി വരും. അനിതയ്ക്ക് താൽക്കാലികമായി താമസ സൗകര്യം നൽകാൻ തയ്യാറാണെന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചിട്ടുണ്ടെങ്കിലും തന്റെ കേസുകൾ ഒത്തുതീർപ്പാക്കാതെ തെരുവിൽ നിന്ന് എങ്ങോട്ടേക്കുമില്ലെന്ന നിലപാടിലാണ് ഇവർ.

വീട് ഒഴിഞ്ഞ ടെലിഫോൺ ബൂത്ത്  

കഷ്ടിച്ച് ഒരാൾക്ക് നിൽക്കാൻ മാത്രം കഴിയുന്ന ഒഴിഞ്ഞ പബ്ലിക് ടെലിഫോണ്‍ ബൂത്താണ് ഇന്ന് അനിതയുടെ വീട്. കുഞ്ഞു സ്റ്റൂളിലാണ് ഇവർ രാത്രി കിടന്നുറങ്ങുന്നത്. പ്രഭാതകൃത്യങ്ങൾ നടത്തുന്നത് തൊട്ടടുത്തെ പൊതുശൗചാലയത്തിലും. നിത്യവും പരിസരം വൃത്തിയാക്കുന്നതിനെ തുടർന്ന് ലഭിക്കുന്ന തുച്ഛമായ കൂലി കൊണ്ടാണ് വിശപ്പടക്കുന്നത്. 

സംഗീതത്തിൽ ബിരുദാനന്തര ബിരുദമുള്ള ഇവർ ഭർത്താവിനോടും 2 ആൺമക്കളോടുമൊപ്പമായിരുന്നു ദുബായിൽ മികച്ച രീതിയിൽ താമസിച്ചിരുന്നത്. ഭർത്താവ് ബാലു ദുബായിൽ ബിസിനസുകാരനായിരുന്നു. 1996 മുതൽ നടത്തിയ ബിസിനസ് പിന്നീട് തകരുകയും  വിവിധ ബാങ്കുകളിൽ നിന്ന് ബാലു വൻതുക വായ്പയെടുക്കേണ്ടിവരികയും ചെയ്തു. അനിതയായിരുന്നു എല്ലാ ബിസിനസിന്റെയും പാർട്ണർ. വായ്പ തിരിച്ചടക്കാനാതായപ്പോൾ ബാലു അനിതയെ ഉപേക്ഷിച്ച് ഇളയെ മകനേയും കൂട്ടി നാട്ടിലേയ്ക്ക് പോയി. ദുരിതത്തിലായ അവർ മൂത്ത മകനെയും കൊണ്ട്  പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും വായ്പ തിരിച്ചടക്കാത്തതിനെ തുടർന്ന് ബാങ്കുകാരും മറ്റൊരു കമ്പനിയും കേസു കൊടുക്കുകയും ഒടുവിൽ അനിത കീഴടങ്ങുകയുമായിരുന്നു. 36 മാസം തടവു ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയപ്പോൾ താമസിക്കാനുള്ള ഇടം പോലും നഷ്ടപ്പെട്ടിരുന്നു. മകൻ താൻ പഠിച്ച സ്കൂളിൽ ചെറിയൊരു ജോലിയിൽ പ്രവേശിച്ചിരുന്നു. എന്നാൽ മകന്റെ കൂടെ താമസിക്കാൻ അനിത തയാറായതുമില്ല.

ഭർത്താവിനോടുള്ള പ്രതിഷേധ സൂചകമായാണ് ഇവർ തെരുവിൽ താമസിക്കുന്നത്. തന്റേതല്ലാത്ത കാരണത്താൽ അനുഭവിക്കുന്ന സാമ്പത്തിക ബാധ്യത തീരാതെ താൻ നാട്ടിലേയ്ക്ക് മടങ്ങില്ലെന്ന് ഇവർ പറയുന്നു. 22 ലക്ഷത്തോളം ദിർഹമായിരുന്നു ബാങ്കിലടക്കേണ്ടിയിരുന്നത്. മറ്റൊരു കമ്പനിക്ക് 5 ലക്ഷത്തോളം ദിർഹവും. രണ്ടു കൂട്ടരും സിവിൽ കേസ് നൽകിയപ്പോൾ കുടുങ്ങിയത് അനിതയും. 

ആരെയും ആശ്രയിക്കാതെ ഒരു ജീവിതം

അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന ബർദുബായിലെ ക്ഷേത്രത്തോടും മുസ്‌ലിം പള്ളിയോടും ചേർന്നുള്ള പബ്ലിക് ടെലിഫോണ്‍ ബൂത്താണ് കഴിഞ്ഞ എട്ട് മാസത്തോളമായി അനിതയുടെ വീട്. അവിടെ ബാഗും വസ്ത്രങ്ങളും ട്രാൻസിസ്റ്ററും കാണാം. വിവിധ വസ്തുക്കളിൽ ചിത്രങ്ങൾ വരച്ച് വിറ്റ് കിട്ടുന്ന തുകയും ഇവർ ഉപജീവനത്തിന് ഉപയോഗിക്കുന്നു. പഠിക്കുന്ന കാലത്ത് ചിത്രം വരച്ചിരുന്നെങ്കിലും പിന്നീട് ആ കഴിവ് നഷ്ടപ്പെട്ടിരുന്നു. ടെലിഫോൺ ബൂത്ത് ജീവിതത്തിൻ്റെ വിരസത ഒഴിവാക്കാനാണ് റേഡിയോയിൽ പാട്ടുകൾ കേട്ടുകൊണ്ടുള്ള ചിത്ര രചന. പരിസരങ്ങളിലെ ഓഫീസുകളിൽ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ളവരും താമസിക്കുന്നവരും അനിതയെ പലപ്പോഴും സമീപിച്ച് ഭക്ഷണവും പണവും സഹായം വാഗ്ദാനം ചെയ്യാറുണ്ടെങ്കിലും അവർ അത് സ്വീകരിക്കാൻ തയ്യാറാകുന്നില്ല. നി്യവും അവരുടെ ദുരിത ജീവിതം കണ്ട് സങ്കടം തോന്നാറുണ്ടെന്നും എന്നാൽ, സംസാരിക്കുമെങ്കിലും സഹായമൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും തൊട്ടടുത്തെ ഓഫീസിൽ ജോലി ചെയ്യുന്ന കാസർകോട് ഉദുമ സ്വദേശി രമേശ് മനോരമ ഓൺലൈനിനോട് പറഞ്ഞു. തൊട്ടരികിലുള്ള കടയിൽ ജോലി ചെയ്യുന്ന ഉത്തരേന്ത്യൻ സ്വദേശികൾക്കും അനിത ഒരു സങ്കടക്കാഴ്ച തന്നെ. 

സംഗീതജ്ഞ ഓമനക്കുട്ടി ടീച്ചറുടെ ശിഷ്യയായ അനിത തിരുവനന്തപുരത്ത് താമസിക്കുമ്പോൾ ചലച്ചിത്ര പിന്നണി ഗായകൻ എം.ജി.ശ്രീകുമാറിന്റെ കുടുംബസുഹൃത്തായിരുന്നു. അനിതയുടെ ദുഃഖകഥ അറിഞ്ഞ ശ്രീകുമാർ അവരെ സഹായിക്കാൻ താത്പര്യം അറിയിച്ചിരുന്നു. എന്നാൽ, പിന്നീട് യാതൊരു നീക്കവും കണ്ടില്ല. ഇന്ത്യൻ കോൺസുലേറ്റിൽ നിന്നും സാമൂഹിക പ്രവർത്തകരിൽ നിന്നും ബിസിനസുകാരിൽ നിന്നും കൂടുതൽ ഇടപെടലുണ്ടായാലേ അനിതയെ തെരുവിൽ നിന്നു രക്ഷപ്പെടുത്താനാകൂ. ആ മികച്ച അവസരത്തിന് ഇനി കുറച്ച് നാളുകളേയുള്ളൂ.

MORE IN GULF
SHOW MORE