തൊഴിൽ നിയമങ്ങൾ ഏകീകരിച്ച് യുഎഇ; അറിയേണ്ട കാര്യങ്ങൾ

gulf-thisweek-04
SHARE

യുഎഇയിൽ സർക്കാർ സ്വകാര്യമേഖലയിലെ തൊഴിൽ നിയമങ്ങൾ ഏകീകരിക്കുന്നു. സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവർക്ക് സേവനാന്തര ആനുകൂല്യം, അവധി എന്നിവയടക്കം കാര്യങ്ങളിലാണ് കൂടുതൽ ഇളവുകളുള്ള നിയമം നിലവിൽ വരുന്നത്. ഫെബ്രുവരി രണ്ടിനു പ്രാബല്യത്തിൽ വരുന്ന പരിഷ്കരിച്ച തൊഴിൽ നിയമം പ്രവാസിമലയാളികളടക്കം ജോലി ചെയ്യുന്ന സ്വകാര്യമേഖലയ്ക്ക് എപ്രകാരമാണു ഗുണകരമാകുന്നത്. വിഡിയോ കാണാം.

യുഎഇ പ്രസിഡൻറ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ  അംഗീകരിച്ച തൊഴിൽ നിയമം അനുസരിച്ചാണ് സർക്കാർ, സ്വകാര്യമേഖലാ തൊഴിൽ വ്യവസ്ഥകൾ ഏകീകരിക്കുന്നത്. സാമ്പത്തിക മുന്നേറ്റത്തിനു സ്വകാര്യമേഖലയുടെ പങ്കാളിത്തം വർധിപ്പിക്കുകയും ജോലിക്ഷമത ഉയർത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പരിഷ്കാരങ്ങൾ. സേവനാന്തര ആനുകൂല്യം, അവധി, അനുയോജ്യമായ ജോലി സമയം തുടങ്ങിയ നിയമങ്ങളാണ് ഏകീകരിക്കുന്നതെന്നു മാനവവിഭവശേഷി സ്വദേശിവൽക്കരണമന്ത്രാലയം വ്യക്തമാക്കുന്നു. അനുയോജ്യമായ ജോലി സമയം, പാർട് ടൈം ജോലി, താൽക്കാലിക ജോലി എന്നിവയിൽ ഏതെങ്കിലും ഒന്നു തിരഞ്ഞെടുക്കാൻ സർക്കാർ സ്വകാര്യമേഖലാ ജീവനക്കാർക്കു സാധിക്കും.

തൊഴിൽ സ്വഭാവം അനുസരിച്ച് വിവിധ ദിവസങ്ങളിൽ വ്യത്യസ്ത സമയത്ത് ജോലി ചെയ്യുന്ന ഫ്ലക്സിബിൾ രീതി എല്ലാവർക്കും ഗുണകരമാകുമെന്നാണ് പ്രതീക്ഷ. പുതിയ നിയമത്തിൽ ദീർഘകാല കരാറിനുപകരം പകരം മൂന്നു വർഷത്തെ തൊഴിൽ കരാറിനാണ് മുൻതൂക്കം. ഇരുകക്ഷികളുടെയും സമ്മതത്തോടെ കരാർ എത്രതവണവേണമെങ്കിലും പുതുക്കാം. ദിവസം എട്ടു മണിക്കൂർ, ആഴ്ചയിൽ 48, മൂന്ന് ആഴ്ചയിൽ 144 എന്നിങ്ങനെയാണ് ജോലി സമയം ക്രമീകരിച്ചിരിക്കുന്നത്. ഒന്നിലേറെ തൊഴിലുടമയ്ക്കു കീഴിൽ ജോലി സ്ഥലത്തോ വീട്ടിലോ പാർട് ടൈം ജോലി ചെയ്യാനും അനുമതിയുണ്ടാകും.

യുഎഇയിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഒരേ അവധിയായിരിക്കും ഇനി ലഭിക്കുക. 30 ദിവസത്തെ വാര്‍ഷിക അവധിയും പൊതു അവധികളും രണ്ട് മേഖലകള്‍ക്കും ലഭിക്കും. കൂടാതെ 60 ദിവസത്തെ പ്രസവാവധി, 5 ദിവസം പിതൃത്വ അവധി തുടങ്ങി എല്ലാ ആനുകൂല്യങ്ങളും ഏകീകരിക്കും.  60 ദിവസത്തെ പ്രസവാവധിയില്‍ 45 ദിവസം ശമ്പളത്തോട് കൂടിയും 15 ദിവസം പകുതി ശമ്പളത്തോടെയുമാണ് അവധി നല്‍കുക. പ്രസവാവധി എടുത്തതിന് ജീവനക്കാരെ ജോലിയില്‍ നിന്ന് പുറത്താക്കാനാകില്ല. വനിതാ ജീവനക്കാര്‍ക്ക് അവരുടെ പ്രസവാവധിയും മറ്റ് ഏതെങ്കിലും അംഗീകൃത അവധി ദിവസങ്ങളും ഒരുമിച്ചെടുക്കാനും കഴിയും. ഭാര്യയോ ഭര്‍ത്താവോ മരണപ്പെട്ടാല്‍ അഞ്ച് ദിവസത്തെ അഞ്ച് ദിവസവും ഏറ്റവും അടുത്ത കുടുംബാഗം മരണപ്പെട്ടാല്‍ മൂന്ന് ദിവസവും ജീവനക്കാര്‍ക്ക് അവധി നല്‍കും. ജീവനക്കാര്‍ക്ക് ഒരു വര്‍ഷത്തില്‍ ആകെ കുറഞ്ഞത്  90 ദിവസമാണ് അസുഖസംബന്ധമായി അവധി ലഭിക്കുക. ഇതില്‍ 15 ദിവസം ശമ്പളത്തോട് കൂടിയ അവധിയും 30 ദിവസം പകുതി ശമ്പളത്തോട് കൂടിയും ബാക്കി ദിവസങ്ങള്‍ ശമ്പളമില്ലാതെയുമാണ് അനുവദിക്കുക.

സർക്കാർ, സ്വകാര്യമേഖലകളിലെ തൊഴിൽ നിയമങ്ങൾ ഏകീകരിക്കുന്ന തീരുമാനം അടുത്തവർഷം ഫെബ്രുവരി രണ്ടിനാണ് പ്രാബല്യത്തിൽ വരുന്നത്. വാരാന്ത്യഅവധി ശനി, ഞായർ ദിവസങ്ങളിലേക്കു മാറ്റിയതും തൊഴിൽ നിയമങ്ങൾ ഏകീകരിക്കുന്നതുമടക്കം തീരുമാനങ്ങൾ വരും നാളുകളിൽ യുഎഇയുടെ സമ്പദ് വ്യവസ്ഥയുടെ, വൈവിധ്യവൽക്കരണത്തിലൂടെയുള്ള മുന്നേറ്റത്തിനു ഗുണകരമാകുമെന്നാണ് കരുതുന്നത്.

MORE IN GULF
SHOW MORE