ശസ്ത്രക്രിയ കഴിഞ്ഞ് സ്പോൺസർ ഉപേക്ഷിച്ചു; മകളെ ഒരുനോക്ക് കണ്ടില്ല; ലത്തീഫ നാട്ടിലേക്ക്

latheefagulf
SHARE

 അസുഖബാധിതയായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു ശേഷം  സ്പോൺസർ  തിരിഞ്ഞു നോക്കാതെ ഉപേക്ഷിച്ച വീട്ടുജോലിക്കാരിയായ മലയാളി വനിത സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ  നാട്ടിലേക്കു മടങ്ങി. തിരുവനന്തപുരം കുളത്തൂർ മൺവിള ലക്ഷംവീട് കോളനിയിലെ 59കാരിയായ  ലത്തീഫാ ബീവിയെയാണ് നവയുഗം ജീവകാരുണ്യ വിഭാഗം പ്രവർത്തകർ രക്ഷപ്പെടുത്തിയത്. 

നാട്ടിൽ ഭർത്താവ് അസുഖബാധിതനായതിനെ തുടർന്നാണ് 13 വർഷങ്ങൾക്ക് മുമ്പ് ലത്തീഫ സൗദിയിലെത്തിയത്. ഇതുവരെയും  സൗദി  അൽ ഹസയിൽ സ്വദേശിയുടെ വീട്ടിൽ ജോലി ചെയ്തു വരികയായിരുന്നു  അടുത്തകാലത്ത് ലത്തീഫ ബീവിയുടെ മകൾ അസുഖബാധിതയായി നാട്ടിൽ മരിച്ചു. എന്നിട്ടും സ്പോൺസർ അവരെ നാട്ടിലേയ്ക്ക് അയച്ചിരുന്നില്ല. ഉള്ള തൊഴിൽ നഷ്‌ടപ്പെടാതിരിക്കാൻ  എല്ലാ സഹിച്ചും ക്ഷമിച്ചും കഴിയവേയാണ് ഇവർക്ക് പെട്ടെന്നു നെഞ്ചുവേദന അനുഭവപ്പെടുന്നത്. ഇതോടെ സ്പോൺസർ ലത്തീഫ ബീവിയെ  ആശുപത്രിയിലെത്തിച്ചു. പരിശോധനയിൽ ഹൃദയത്തിലെ മൂന്നു വാൾവുകൾക്കു തകരാർ  കണ്ടെത്തിയതിനെത്തുടർന്ന് ഡോക്ടർ ശസ്ത്രക്രിയക്കു നിർദേശിച്ചു. 

ഇതിനായി സ്പോൺസർ തന്നെ പ്രിൻസ് സുൽത്താൻ ഹാർട്ട് ഹോസ്പിറ്റലിൽ ലത്തീഫ ബീവിയെ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ,  ഇനി ജോലി എടുപ്പിക്കരുതെന്നും, ഒരുമാസത്തെ വിശ്രമത്തിനു ശേഷം നാട്ടിൽ അയക്കണം എന്നുമായിരുന്നു ഡോക്ടറുടെ  നിർദേശം. ഇതറിഞ്ഞ സ്പോൺസർ പിന്നീട് ആശുപത്രിയിൽ വരുകയോ, അവരെ തിരിഞ്ഞു നോക്കുകയോ ചെയ്തില്ല.  ചികിത്സ പൂർത്തിയായിട്ടും സ്പോൺസർ എത്താത്തതിനാൽ ഡിസ്ചാർജ്ജ് ചെയ്യാൻ പോലും കഴിയാത്ത അവസ്ഥ വന്നു. ശാസ്ത്ര ക്രിയക്ക് ശേഷം  ആരും നോക്കാനില്ലാതെ അനാഥയായി അവർക്ക് അങ്ങനെ ആശുപത്രിയിൽ കഴിയേണ്ടി വന്നു. ഈ വിവരം അറിഞ്ഞ നാട്ടിലുള്ള ബന്ധുക്കളാണ്, കൊല്ലം  ഇമാമുദ്ദീൻ മൗലവി വഴി അൽഹസയിലെ  നവയുഗം ജീവകാരുണ്യ പ്രവർത്തകനായ സിയാദ് പള്ളിമുക്കിനെ ബന്ധപ്പെടുന്നത്. ഉടനെ  അദ്ദേഹം സാമൂഹിക പ്രവർത്തകനായ മണി മാർത്താണ്ഡത്തിനൊപ്പം  ആശുപത്രിയിലെത്തി ലത്തീഫ ബീവിയെ സന്ദർശിക്കുകയും, അവസ്ഥ ചോദിച്ചറിഞ്ഞു വേണ്ട നിയമസഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തു, അത്യാവശ്യ വസ്തുക്കളും ഭക്ഷണവും എത്തിച്ചു കൊടുക്കുകയും ചെയ്തു. 

സിയാദും മണിയും ലത്തീഫ ബീവിയുടെ സ്പോൺസറുമായി ചർച്ചകൾ നടത്തിയെങ്കിലും അദ്ദേഹം ഒരു നിലക്കും സഹകരിക്കാൻ തയ്യാറായില്ല. തുടർന്നു നവയുഗം ജീവകാരുണ്യവിഭാഗം ലത്തീഫ ബീവിയെക്കൊണ്ട് സ്പോണ്സർക്കെതിരെ ലേബർ കോടതിയിൽ പരാതി കൊടുപ്പിച്ചു. ഇതു ഫലിച്ചതോടെ, സ്പോൺസറോട് ലത്തീഫ ബീവിയെ ആശുപത്രീയിൽ നിന്നു ഡിസ്ചാർജ്ജ് ചെയ്യിച്ചു  കോടതിയിൽ ഹാജരാക്കാൻ  കോടതി ആവശ്യപ്പെട്ടു. ലത്തീഫ ബീവിയെ പ്രതിനിധീകരിച്ചു ഹാജരരായ നവയുഗം ജീവകാരുണ്യപ്രവർത്തകർ നടത്തിയ വാദങ്ങൾക്കൊടുവിൽ, എല്ലാ കുടിശ്ശികകളും തീർത്ത് ഇവരെ നാട്ടിലേക്ക് അയക്കാൻ കോടതി ഉത്തരവിടുകയായിരുന്നു.

ഇതോടെ  ലത്തീഫ ബീവിക്ക് കുടിശ്ശിക ശമ്പളവും, മറ്റു ആനുകൂല്യങ്ങളും, ഫൈനൽ എക്സിറ്റും, വിമാന ടിക്കറ്റും നൽകിയെങ്കിലും, കുപിതനായ സ്പോൺസർ ഇവരെ വീട്ടിൽ വീട്ടിൽ നിന്നു ഇറക്കി വിട്ടു. വിവരമറിഞ്ഞെത്തിയ സിയാദും നവയുഗം പ്രവർത്തകരും അവരെ  കൂടെ കൂട്ടുകയും ജീവകാരുണ്യപ്രവർത്തകയായ മഞ്ജു മണിക്കുട്ടന്റെ ദമാമിലെ വീട്ടിൽ എത്തിക്കുകയും ചെയ്തു. ശേഷം മഞ്ജുവും കുടുംബവുമാണ്  ലത്തീഫ ബീവിയെ കൂടെ  താമസിപ്പിച്ചു പരിചരിച്ചത്. ആരോഗ്യം വീണ്ടെടുത്തതോടെ  നിയമനടപടികൾ പൂർത്തിയാക്കി എല്ലാവർക്കും നന്ദി പറഞ്ഞു ലത്തീഫ ബീവി നാട്ടിലേക്കു മടങ്ങി.

MORE IN GULF
SHOW MORE