ഒമിക്രോൺ ഭീതി; നിയന്ത്രണം കടുപ്പിച്ചാൽ നാട്ടിൽ കുടുങ്ങും; യാത്ര റദ്ദാക്കി പ്രവാസികൾ

airport-03
SHARE

അബുദാബി:  ഒമിക്രോൺ ഭീതിയിൽ മലയാളികളടക്കം ഒട്ടേറെ പേർ വിദേശ യാത്ര റദ്ദാക്കുന്നു. ശൈത്യകാല അവധി പ്രയോജനപ്പെടുത്തി നാട്ടിലേക്കും ആഫ്രിക്കൻ, യൂറോപ്യൻ രാജ്യങ്ങളിലേക്കു വിനോദ യാത്രയ്ക്കും പോകാനിരുന്നവരുമാണ് യാത്ര ഒഴിവാക്കിയത്.

പ്രവാസികളിൽ 30% പേർ നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കിയതായി ട്രാവൽ രംഗത്തുള്ളവർ വ്യക്തമാക്കി. രാജ്യാന്തര യാത്രക്കാർക്ക് കേരളത്തിൽ 7 ദിവസം ക്വാറന്റീൻ ഉണ്ടാകുമെന്ന അഭ്യൂഹവും പ്രവാസികളെ ആശയകുഴപ്പത്തിലാക്കി. ഒമിക്രോൺ റിപ്പോർട്ട് ചെയ്യാത്ത ഗൾഫ് രാജ്യങ്ങളിൽനിന്നുള്ളവർക്ക് ക്വാറന്റീൻ വേണ്ടെന്ന് പിന്നീട് അറിയിപ്പുവന്നെങ്കിലും സാഹചര്യങ്ങൾ ഏതുസമയവും മാറിമറിയാമെന്നതും 

വരും നാളുകളിൽ നിയന്ത്രണം കടുപ്പിച്ചാൽ  മടങ്ങിവരാനാകുമോ എന്നതുമാണ് യാത്ര റദ്ദാക്കാനുള്ള കാരണങ്ങൾ. വർഷങ്ങളായി നാട്ടിൽ പോകാൻ സാധിക്കാത്തവർ ഡിസംബറിൽ പോകാനിരിക്കെയാണ് ഭീതിപരത്തി ഒമിക്രോൺ എത്തിയത്.

ഈ മാസം 6ന് അബുദാബിയിൽനിന്ന് ഒരാഴ്ചത്തേക്ക് നാട്ടിലേക്കു പോകാനിരുന്ന മണ്ണാർക്കാട് അലനെല്ലൂർ സ്വദേശി അബ്ദുൽ റഷീദ് കാഞ്ഞിരത്തിൽ യാത്ര റദ്ദാക്കി. 

അബുദാബി മുസഫയിലെ ബിൻ നാസർ ട്രേഡിങ് ഉടമ റഷീദ് യാത്രാനിയന്ത്രണം ഭയന്നാണ് യാത്ര മാറ്റിയത്. ദുബായിൽനിന്ന് 10ന് തിരുവനന്തപുരത്തേക്ക് പോകാനിരുന്ന മുഹമ്മദ് അൻസാരിയും ഇതേ കാരണത്താൽ യാത്ര റദ്ദാക്കി.എന്നാൽ ഇന്ത്യയിലേക്കു മുൻകൂട്ടി നിശ്ചയിച്ച യാത്ര തുടരുന്നവരുമുണ്ട്.  മലപ്പുറം സ്വദേശികളായ ബിനുലാൽ, ഷാജഹാൻ, കണ്ണൂർ സ്വദേശികളായ ശ്രീവത്സൻ, മുഹമ്മദ് ഷമീം എന്നിവർ ഇതിൽ ഉൾപ്പെടും.വിദേശരാജ്യങ്ങളിലേക്കു വിനോദയാത്രയ്ക്ക് ഒരുങ്ങിയ ഇന്ത്യക്കാരുൾപ്പെടെയുള്ളവരും യാത്ര മാറ്റി. ജോർജിയയിലേക്ക് കുടുംബസമേതം യാത്ര ഉപേക്ഷിച്ചതായി ദുബായിൽ ജോലി ചെയ്യുന്ന ന്യുസീലൻഡുകാരനായ സൈമൺ ബാച്ച് പറഞ്ഞു.  പാക്കിസ്ഥാൻ സ്വദേശി ഡോ. ജുവൈരിയ ഹസ്സനും യുകെയിലേക്കുള്ള യാത്ര ഒഴിവാക്കി.

MORE IN GULF
SHOW MORE