നാട്ടിലേക്കാണോ?; കുറച്ച് തക്കാളിയും കൂടി; കേരളത്തെക്കാൾ വിലക്കുറവ് ഗൾഫിൽ

tomattow-gulf
SHARE

അബുദാബി: തക്കാളിക്ക് കേരളത്തെക്കാൾ വിലക്കുറവ് ഗൾഫിൽ. നാട്ടിൽ കഴിഞ്ഞ ദിവസം ഒരു കിലോ തക്കാളിയുടെ വില 120 രൂപ വരെ ഉയർന്നപ്പോൾ യുഎഇയിൽ ശരാശരി 70.50 രൂപയായിരുന്നു (3.45 ദിർഹം). അബുദാബിയിൽ കഴിഞ്ഞ 3 ദിവസങ്ങളിൽ ഓഫറിൽ ലഭിച്ചത് 25.54 രൂപയ്ക്ക് (1.25 ദിർഹം). ഇന്ന് യുഎഇയിൽ 3.45 ദിർഹമാണ് ശരാശരി വില. പ്രാദേശിക വിളവെടുപ്പ് ആരംഭിച്ചതിനാൽ വരും ദിവസങ്ങളിൽ വില ഇനിയും കുറയുമെന്നാണ് കച്ചവടക്കാർ പറയുന്നു.

ജോർദാൻ, ഇറാൻ, ഒമാൻ, മലേഷ്യ തക്കാളിയാണ് യുഎഇയിൽ ലഭിക്കുന്നത്. ഇതിൽ ഇറാൻ, ഒമാൻ തക്കാളി 2.45 (50 രൂപ) ദിർഹത്തിന് ലഭിക്കുമെങ്കിലും ഗുണനിലവാരം കൂടിയ ജോർദാൻ, മലേഷ്യ തക്കാളിയാണ് ജനം ഇഷ്ടപ്പെടുന്നതെന്ന് ദുബായ് കറാമയിൽ ജമാൽ സെയ്ദ് ഫുഡ്സ്റ്റഫ് ആൻഡ് വെജിറ്റബിൾ ട്രേഡിങ് ഉടമ ചാവക്കാട് സ്വദേശി നൗഷാദ് പറഞ്ഞു.

പ്രാദേശിക തക്കാളിയുടെ ലഭ്യതയാണ് 1.25 ദിർഹത്തിന് (25.54 രൂപയ്ക്ക്) വിൽക്കാൻ സാധിച്ചതെന്നു മുസഫയിലെ ഫ്രസ്കൊ സൂപ്പർമാർക്കറ്റ് ഉടമ കണ്ണൂർ സ്വദേശി സഹീർ പറഞ്ഞു. ഇടനിലക്കാരില്ലാതെ കൃഷിയിടത്തിൽനിന്ന് നേരിട്ട് എത്തിക്കുന്നതിനാൽ വില കുറച്ച് നൽകാൻ സാധിക്കുന്നതായും ആവശ്യമെങ്കിൽ കേരളത്തിലേക്കും തക്കാളി കയറ്റി അയക്കാൻ തയാറാണെന്നും സഹീർ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ നാട്ടിലേക്കു പോയ ചില കുടുംബങ്ങളും ഓഫറിൽ തക്കാളി വാങ്ങി കൊണ്ടുപോയതായും സഹീർ സൂചിപ്പിച്ചു.

പ്രാദേശിക വിളവെടുപ്പ് സജീവമാകുന്നതോടെ വിദേശ പച്ചക്കറി ഇറക്കുമതി കുറയും. നവംബർ മുതൽ ഏപ്രിൽ വരെ വിലക്കുറവിൽ പ്രാദേശിക പച്ചക്കറി ലഭിക്കുന്നത് പ്രവാസി കുടുംബങ്ങൾക്കും ആശ്വാസമാകും.

MORE IN GULF
SHOW MORE