യുഎഇയിൽ വിവാഹേതരബന്ധം ക്രിമിനൽ കുറ്റമല്ലാതാകും; വൻ നിയമ പരിഷ്കാരങ്ങൾ

uae-2
SHARE

യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നിയമപരിഷ്കാരങ്ങൾക്ക് പ്രസിഡൻറ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അംഗീകാരം നൽകി. വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ലാതാക്കുക, സൈബർ കുറ്റകൃത്യങ്ങൾക്ക് ശിക്ഷ, സ്ത്രീകൾക്ക് സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയവ വ്യവസ്ഥ ചെയ്യുന്ന നിയമപരിഷ്കാരങ്ങളാണ് നിലവിൽ വരുന്നത്. രാജ്യരൂപീകരണത്തിൻറെ അൻപതാം വാർഷികത്തിൽ നാൽപ്പതിലധികം നിയമങ്ങളാണ് പരിഷ്കരിച്ചത്. 

സാമ്പത്തിക, നിക്ഷേപ, വാണിജ്യ മേഖല ശക്തിപ്പെടുത്താനും സാമൂഹിക സ്ഥിരതയും സുരക്ഷയും ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള നിയമപരിഷ്കാരങ്ങൾക്ക് പ്രസിഡൻറ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അംഗീകാരം നൽകി. രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ നിയമനിർമാണ പരിഷ്‌കാരങ്ങളിൽ സ്ത്രീകളുടെയും കുട്ടികളുടെയും വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും അവകാശസംരക്ഷണത്തിനാണ് പ്രധാനപരിഗണന നൽകിയിരിക്കുന്നത്. സ്ത്രീകൾക്കും വീട്ടുജോലിക്കാർക്കും മെച്ചപ്പെട്ട സംരക്ഷണം വാഗ്ദാനം ചെയ്യുന്ന നിയമം, വിവാഹേതര ബന്ധങ്ങളെ ക്രിമിനൽ കുറ്റമായി പരിഗണിക്കില്ലെന്നു വ്യവസ്ഥ ചെയ്യുന്നു. 

വിവാഹേതര ബന്ധത്തിലെ കുട്ടികളെ അംഗീകരിക്കുകയും പരിപാലിക്കപ്പെടുകയും വേണം. ബലാത്സംഗത്തിന് ജീവപര്യന്തം തടവുശിക്ഷയുണ്ടാകും. 18 വയസ്സിനു താഴെയുള്ളവരോ ഭിന്നശേഷി വിഭാഗത്തിലുള്ളവരോ എതിർക്കാൻ കഴിവില്ലാത്ത വ്യക്തിയോ ആണ് ബലാത്സംഗത്തിനിരയാകുന്നതെങ്കിൽ വധശിക്ഷ വരെ നൽകിയേക്കും. ജോലിസ്ഥലത്തോ വിദ്യാലയത്തിലോ വീട്ടിലോ ആശുപത്രികളിലോ ആണ് പീഡനത്തിനിരയാകുന്നതെങ്കിൽ കഠിന ശിക്ഷയുണ്ടാകും. സൈബർ കുറ്റകൃത്യങ്ങൾ, ഓൺലൈൻ ഉപദ്രവം, ഭീഷണിപ്പെടുത്തൽ, വ്യാജ വാർത്തകൾ എന്നിവയെ ചെറുക്കുന്നതിനും നിയമം കർശനവ്യവസ്ഥകളാണ് മുന്നോട്ടുവയ്ക്കുന്നത്. നിക്ഷേപം, വ്യവസായം, വാണിജ്യം, കമ്പനി, വ്യാവസായിക സ്വത്തുക്കളുടെ നിയന്ത്രണവും സംരക്ഷണവും,പകർപ്പവകാശം, വ്യാപാരമുദ്രകൾ, വാണിജ്യ റജിസ്റ്റർ, ഇലക്ട്രോണിക് ഇടപാടുകൾ, ട്രസ്റ്റ് സേവനങ്ങൾ,ഫാക്‌ടറി, റെസിഡൻസി എന്നിവ ഉൾപ്പെടെ വിവിധ മേഖലകളിലെ നിയമങ്ങളും പരിഷ്കരിച്ചിട്ടുണ്ട്.

MORE IN GULF
SHOW MORE