കോവിഡ് വകഭേദ വ്യാപനം: മുൻകരുതൽ നടപടികളുമായി ഗൾഫ് രാജ്യങ്ങൾ

gulf-4
SHARE

ഒമിക്രോൺ കോവിഡ് വകഭേദം പടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികളുമായി ഗൾഫ് രാജ്യങ്ങൾ. ദക്ഷിണാഫ്രിക്കയടക്കം ഏഴു രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിവിധ ഗൾഫ് രാജ്യങ്ങൾ പ്രവേശനവിലക്കേർപ്പെടുത്തി. വിമാനത്താവളങ്ങളിൽ പരിശോധനയും കർശനമാക്കി. കോവിഡിനെ അതിജീവിച്ച് പൂർവസ്ഥിതിയിലേക്കു മടങ്ങുന്ന ഗൾഫ് രാജ്യങ്ങൾ പുതിയ സാഹചര്യത്തിൽ വീണ്ടും പ്രതിരോധനടപടികൾ കടുപ്പിക്കുകയാണ്.  

ഒ‌മിക്രോൺ കോവിഡ് വകഭേദം പടരുന്ന സാഹചര്യത്തിൽ ദക്ഷിണാഫ്രിക്ക, നമീബിയ, ബോറ്റ്സ്വാനിയ, സിംബാബ്വേ, മൊസാംബിക്, ലെസോതോ, എസ്വാതിനി എന്നീ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യുഎഇ, ഒമാൻ, സൌദി അറേബ്യ, ബഹ്റൈൻ എന്നിവിടങ്ങളിലേക്ക് പ്രവേശനവിലക്കേർപ്പെടുത്തി. 14 ദിവസത്തിനിടെ ഈ രാജ്യങ്ങളിൽ സഞ്ചരിച്ചവർക്കും യുഎഇ, ഒമാൻ, സൌദി, ബഹ്റൈൻ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാനാകില്ല. ദക്ഷിണാഫ്രിക്ക, സിംബാബ്‌വേ, മൊസാംബിക് എന്നിവിടങ്ങളിൽ നിന്നും ഖത്തറിലേക്ക് സർവീസ് നിർത്തിവച്ചതായി ഖത്തർ എയർവെയ്സ് അറിയിച്ചു. 

കുവൈത്തിൽ ആരോഗ്യമന്ത്രി ഷെയ്ഖ് ബാസിൽ അൽ സബാഹ് ‌വിളിച്ചു ചേർത്ത ഉന്നതതല യോഗം സാഹചര്യങ്ങൾ വിലയിരുത്തി. ഇത്യോപ്യ ഒഴികെയുള്ള ദക്ഷിണാഫ്രിക്കൻ ‌രാജ്യങ്ങളിൽ നിന്ന് കുവൈത്തിലേക്ക് നിലവിൽ നേരിട്ടുള്ള വിമാന സർവീസ് ഇല്ലാത്തതിനാൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതില്ലെന്നാണ് കുവൈത്ത് വ്യോമയാന അധികൃതരുടെ നിലപാട്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന സാഹചര്യത്തിൽ യാത്രക്കാർ പുറപ്പെടുംമുൻപ് എയർലൈനുകൾ വഴി വിവരം തേടണമെന്നു  ട്രാവൽ ഏജൻസികൾ നിർദേശിക്കുന്നു.

MORE IN GULF
SHOW MORE