വിദേശികളിൽ ഉംറയ്ക്ക് അനുമതി 18നും 50 നും ഇടയിൽ പ്രായമുള്ളവർക്ക് മാത്രം; ഹജ് മന്ത്രാലയം

hajumrawb
SHARE

വിദേശത്തുനിന്നു വരുന്ന 18നും 50 നും ഇടയിൽ പ്രായമുള്ളവർക്കു മാത്രമായിരിക്കും ഉംറ തീർഥാടനത്തിനു അനുമതിയെന്ന് ഹജ് ഉംറ മന്ത്രാലയം. ഉംറ നിർവഹിക്കാനും മസ്ജിദുൽ ഹറമിൽ നമസ്കരിക്കാനും അനുമതി ലഭിക്കണമെങ്കിൽ പ്രായപരിധി പാലിക്കണമെന്നാണ് നിർദേശം. സൗദിക്ക് പുറത്തുനിന്ന് ഉംറ വീസയ്ക്ക് അപേക്ഷിക്കുന്നവർ അതാത് രാജ്യത്തെ ഔദ്യോഗിക ട്രാവൽ ഏജൻസികളെയാണ് ബന്ധപ്പെടേണ്ടത്.

വിദേശ രാജ്യങ്ങളില്‍നിന്നു വരുന്ന 18നും 50നും വയസിനിടയിലുള്ളവർക്ക് മാത്രമേ ഉംറയ്ക്കും ഹറമില്‍ നമസ്‌കാരങ്ങളിൽ പങ്കെടുക്കുന്നതിനും അനുമതി നൽകൂവെന്ന് ഹജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. അനുമതി പത്രമില്ലാതെ ഹറമിലേയ്ക്ക് പ്രവേശിക്കാനാവില്ലെന്നും കുട്ടികളെ കൊണ്ടുവരരുതെന്നുമാണ് നിർദേശം. സൗദിയിലെ ഉംറ കമ്പനികളുമായി ഔദ്യോഗിക കരാറുള്ള കമ്പനികൾ വഴിയാണ് വിദേശത്തുനിന്നും വീസയ്ക്ക് അപേക്ഷിക്കേണ്ടത്. സൗദി വിദേശ മന്ത്രാലയം  വഴി ഇ-വീസ ലഭിക്കുന്നതിന് അംഗീകൃത വാക്‌സീന്‍ ഡോസുകള്‍ പൂര്‍ത്തിയാക്കിയതിൻറെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ആഭ്യന്തര മന്ത്രാലയത്തിൻറെ ഖുദൂം പ്ലാറ്റ്‌ഫോം വഴി റജിസ്റ്റർ ചെയ്തശേഷമാണ് രാജ്യത്തേക്കു പ്രവേശിക്കേണ്ടത്.

സൗദി അറേബ്യക്ക് പുറത്ത് നിന്ന് വരുന്നവർക്ക് ഇഅ്തമർന, തവക്കൽനാ ആപ്ലിക്കേഷനുകൾ വഴി ഉംറക്കും മസ്ജിദുൽ ഹറമിലെ നമസ്കാരത്തിനും നേരിട്ട് അനുമതി നൽകുന്ന സേവനം കഴിഞ്ഞ ദിവസമാണ് മന്ത്രാലയം ആരംഭിച്ചത്. മസ്ജിദുൽ ഹറമിലെ പ്രവേശനത്തിന് ആഭ്യന്തര ഉംറ തീർഥാടകരും മുൻകൂർ അനുമതി നേടണമെന്നും ഹജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.

MORE IN GULF
SHOW MORE