ലോകത്തെവിടെയിരുന്നും ബിസിനസാകാം; ഫ്രീലാൻസ് ലൈസൻസിൽ 11 മേഖലകൾ കൂടി

abudhabi-license
SHARE

അബുദാബിയിലെ ഫ്രീലാൻസ് ലൈസൻസിൽ 11 തൊഴിൽ മേഖലകളെക്കൂടി ഉൾപ്പെടുത്തി. അക്കൌണ്ടിങ്, ഓഡിറ്റിങ് അടക്കം മേഖലകളാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. ലോകത്തിൻറെ ഏതുഭാഗത്തിരുന്നും അബുദാബിയിൽ ബിസിനസ് നടത്തുന്നതിനാണ് ഫ്രീലാൻസ് പ്രഫഷണൽ ലൈസൻസ് അനുവദിക്കുന്നത്.

സാങ്കേതിക, തൊഴിൽ അവസരങ്ങൾ വർധിപ്പിച്ച് അബുദാബിയുടെ സാമ്പത്തിക രംഗം ശക്തിപ്പെടുത്തുന്നതിനായാണ് കൂടുതൽ മേഖലകളെ ഉൾപ്പെടുത്തിയതെന്നു സാമ്പത്തിക വികസന മന്ത്രാലയം വ്യക്തമാക്കി. അക്കൌണ്ടിങ്, ഓഡിറ്റിങ്, അനലൈസിങ്, റിവ്യൂവിങ് അക്കൌണ്ടിങ് ആൻഡ് ഓഡിറ്റിങ് സിസ്റ്റംസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, നികുതിയുമായി ബന്ധപ്പെട്ട കൺസൽറ്റൻസികൾ, ഇലക്ട്രോണിക്സ് നെറ്റ്വർക്ക്സ്, ഇലക്ട്രോണിക്സ് സെക്യൂരിറ്റി, ഇന്നവേഷൻ, നിർമിത ബുദ്ധി, വിവര സാങ്കേതിക ശൃംഖലാ സേവനങ്ങൾ, ഇലക്ട്രോണിക്സ് ചിപ്പുകളുടെ രൂപകൽപ്പനയും പ്രോഗ്രാമിങ്ങും, ഡേറ്റാബേസ് രൂപകൽപ്പന, ഇലക്ട്രോണിക്സ് റിസ്ക് മാനേജ്മെൻറ് സേവനം, ഇസ്ലാമിക് ധനകാര്യ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ശരിഅത്ത് റിവ്യൂ കൺസൾറ്റൻസി എന്നിവയാണ് പുതിയതായി ഉൾപ്പെടുത്തിയിരിക്കുന്നത്.

അതാതുമേഖലയിൽ കുറഞ്ഞത് മൂന്നു വർഷം പ്രവർത്തിപരിചയമോ അക്കാദമിക് പ്രഫഷണൽ യോഗ്യതകളോ ഉള്ളവർക്ക് www.adbc.gov.ae എന്ന വെബ്സൈറ്റ് വഴി ഫ്രീലാൻസ് ലൈസൻസിന് അപേക്ഷിക്കാം. കുടുംബത്തിനും താമസവീസ ലഭിക്കും. സ്പോൺസർഷിപ്പില്ലാതെ ജോലി ചെയ്യുന്നതിനുള്ള അനുമതികൂടിയാണ് ഫ്രീലാൻസ് ലൈസൻസ്. ഓഫീസോ സ്ഥലമോ വേണ്ടാത്തതിനാൽ വലിയ മുതൽമുടക്കില്ലാതെ സംരംഭങ്ങൾ തുടങ്ങാനാകും. ഫാഷൻ ഡിസൈനിങ്, ഫോട്ടോഗ്രഫി, ചിത്രരചന, വിവർത്തനം തുടങ്ങിയ മേഖലകളിലും ഫ്രീലാൻസ് ലൈസൻസ് നൽകുന്നുണ്ടെന്നു സാമ്പത്തികകാര്യമന്ത്രാലയം വ്യക്തമാക്കി.

MORE IN GULF
SHOW MORE