ബഹിരാകാശ നേട്ടങ്ങളും യോഗയും; ഇന്ത്യൻ പവലിയനിലെ കാഴ്ചകൾ

expo-india
SHARE

ദുബായ് എക്സ്പോയിലെ ഇന്ത്യൻ പവലിയനിലെ കാഴ്ചകൾ ഇതാദ്യമായി ലോകത്തിനു മുന്നിലേക്ക്  എത്തുകയാണ്. ബഹിരാകാശനേട്ടങ്ങളും യോഗയും ഉൾപ്പെടെയുള്ള ഇന്ത്യയുടെ മുന്നേറ്റങ്ങൾ അടയാളപ്പെടുത്തുന്നതാണ് ഇന്ത്യൻ പവലിയനിലെ കാഴ്ചകൾ. അതേസമയം, എക്സ്പോ വേദി സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്നാണ് പ്രതീക്ഷയെന്ന് ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ അമൻ പുരി മനോരമ ന്യൂസിനോട് പറഞ്ഞു.

192 രാജ്യങ്ങളുടെ പങ്കാളിത്തമുള്ള ദുബായ് രാജ്യാന്തര എക്സ്പോയിലെ ഏറ്റവും വലിയ പവലിയനുകളിലൊന്നാണ് ഇന്ത്യയുടേത്. ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങളെ ഓർമപ്പെടുത്തുന്ന ചിത്രങ്ങളും കലാസൃഷ്ടികളുമാണ് പവലിയനിലേക്ക് സന്ദർശകരെ സ്വാഗതം ചെയ്യുന്നത്. ഒപ്പം ഇന്ത്യ ലോകത്തിനു സമ്മാനിച്ച ആരോഗ്യജീവിതത്തിൻറെ സന്ദേശമായ യോഗയുടെ വിവിധ രൂപങ്ങളും കാണാം. 

നാലുനിലയിൽ 11 സോണുകളായി തിരിച്ചാണ് പവലിയൻ ഒരുക്കിയിരിക്കുന്നത്. ബഹിരാകാശശാസ്ത്രം, റൊബോട്ടിക്സ്, വിദ്യാഭ്യാസം, ഊർജം, സൈബർ സുരക്ഷ, ആരോഗ്യം, ക്രിപ്റ്റോ കറൻസി, ബ്ളോക് ചെയ്ൻ തുടങ്ങി വിവിധ മേഖലകളിലെ ഇന്ത്യയുടെ മുന്നേറ്റമാണ് ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നത്. കേരളമടക്കം 15 സംസ്ഥാനങ്ങളുടേയും അഞ്ചു കേന്ദ്രഭരണപ്രദേശങ്ങളുടേയും പ്രത്യേക പങ്കാളിത്തമുണ്ടാകും. വ്യവസായ, വാണിജ്യ സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള സൌകര്യമൊരുക്കിയിട്ടുണ്ടെന്ന് ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ അമൻ പുരി മനോരമ ന്യൂസിനോട് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി എക്സ്പോ വേദിയിലെ ഇന്ത്യൻ പവലിയൻ സന്ദർശിക്കാനെത്തിയേക്കും. വിനോദസഞ്ചാരം, ആയുഷ്, പെട്രോളിയം, പരിസ്ഥിതി, വനം,കാലാവസ്ഥാ, പുനരുപയോഗ ഊർജം തുടങ്ങിയ മന്ത്രാലയങ്ങളുടെ പങ്കാളിത്തവും ഇന്ത്യൻ പവലിയനിലുണ്ടാകും. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ പ്രത്യേക ലൈറ്റ് ആൻഡ് സൌണ്ട് ഷോയും അവതരിപ്പിക്കും.ഇന്ത്യയുടെ 75 ആം സ്വാതന്ത്ര്യദിനാഘോഷവും യുഎഇയുടെ അൻപതാം ദേശീയദിനവും ഒരുമിച്ചു ആഘോഷിക്കുന്നതിനൊപ്പം ദീപാവലി, നവരാത്രി തുടങ്ങിയ ഇന്ത്യൻ ഉത്സവങ്ങളും റിപ്ളബ്ളിക് ദിനവും ഇന്ത്യൻ പവലിയനിലെ വലിയ ആഘോഷങ്ങളായിരിക്കും. ആറുമാസം നീളുന്ന എക്സ്പോയ്ക്ക് ഒക്ടോബർ ഒന്നിനു തുടക്കമാകും. 

MORE IN GULF
SHOW MORE
Loading...
Loading...