‘വർഗീസിന്റെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി മുഹമ്മദ്’; ഹൃദയം തൊട്ട് കുറിപ്പ്

asharf-post-new
SHARE

ജാതിയോ മതമോ രാഷ്ട്രീയമോ അതിർത്തികളോ പോലും നോക്കാത്ത സൗഹൃദങ്ങളുടെ ഒട്ടേറെ കഥകൾ പ്രവാസികൾ പങ്കുവയ്ക്കാറുണ്ട്. അക്കൂട്ടത്തിൽ പൊതുപ്രവർത്തകനായ അഷ്റഫ് താമരശ്ശേരി പങ്കുവച്ച ഒരു അനുഭവക്കുറിപ്പ് ശ്രദ്ധേയമാണ്. പ്രവാസികളായ മുഹമ്മദും വർഗീസും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ അനുഭവമാണിത്. ഒരാൾ മരണത്തിന് കീഴടങ്ങിയപ്പോൾ വിങ്ങിപ്പൊട്ടി നിൽക്കുന്ന സുഹൃത്തിനെ ആശ്വസിപ്പിച്ച അനുഭവമാണ് അദ്ദേഹം പങ്കിടുന്നത്.

കുറിപ്പ് വായിക്കാം:

ഇന്നലെ രണ്ട് മയ്യത്തുകളാണ് നാട്ടിലേക്ക് അയച്ചത്.അതിൽ ഒന്ന് 44 വർഷം പ്രവാസം നയിച്ച തൃശൂർ സ്വദേശി വർഗ്ഗീസ് ചേട്ടന്റേണ്. ഷാർജയിൽ കണ്ണൂർ സ്വദേശി മുഹമ്മദുമായി ബിസ്സിനസ്സ് പങ്കാളിത്തത്തിൽ ഒരു സ്ഥാപനം നടത്തി വരുകയായിരുന്നു. വർഗ്ഗീസിന്റെ മൃതദേഹം എംബാംമിഗ് കഴിഞ്ഞ് പ്രാർത്ഥനക്ക് ശേഷം പെട്ടിയിലേക്ക് വെക്കുമ്പോൾ പൊട്ടികരയുന്ന മുഹമ്മദിനെയാണ് ഞാൻ കണ്ടത്.

1977ൽ രണ്ട് ദേശത്ത് നിന്നും ഒരേ കമ്പനിയിൽ ജോലിക്ക് വന്നവരാണ് മുഹമ്മദും,വർഗ്ഗീസും.20 വർഷം ഒരേ കമ്പനിയിൽ ജോലി ചെയ്ത്,1997 ൽ ഇരുവരും ചേർന്ന് ചെറിയ ബിസ്സിനസ്സ് തുടങ്ങി,ആ സൗഹൃദം 44 വർഷവും പിരിയാതെ പിന്തുടർന്നു.അപ്പോഴാണ് വിധി മരണത്തിന്റെ രൂപത്തിൽ വന്ന് വർഗ്ഗീസിനെ കൊണ്ട് പോയത്. വാക്കുകൾ കൊണ്ടോ,പ്രവൃത്തികൾ കൊണ്ടോ പരസ്പരം ഒരിക്കലും പിരിയേണ്ടി വന്നില്ല,വിതുമ്പി കൊണ്ട് മുഹമ്മദ് പറയുന്നു.

ഒരു പക്ഷെ സ്വന്തം കൂടുംബത്തെക്കാൾ കൂടുതൽ കാലം ഒരുമ്മിച്ച് കഴിഞ്ഞവർ, സുഖങ്ങളും, ദുഃഖങ്ങളും പങ്കിട്ടവർ,കുടുംബത്തിന് വേണ്ട കാരൃങ്ങൾ ഒരുമ്മിച്ചിരുന്ന് തീരുമാനം എടുക്കുന്നവർ,അവരുടെ ഇടയിൽ ജാതിയില്ല,മതമില്ല.സ്നേഹം മാത്രം,രക്തബന്ധങ്ങൾക്കും മുകളിലാണ് അവരുടെ സൗഹൃദം.

ഇതൊക്കെ ഞാൻ എന്തിനാണ് പറയുന്നത് എന്നായിരിക്കും നിങ്ങൾ ചിന്തിക്കുക.എനിക്കും തോന്നിയിരുന്നു ഇതൊക്കെ പ്രവാസികൾക്കിടയിൽ സർവ്വ സാധാരണയല്ലേ,നിസ്കാര തഴമ്പുമായി ഒരു മുസൽമാൻ എംബാമിംഗ് സെൻ്ററിൽ ഇരുന്ന് കരയുന്നത് കണ്ടപ്പോൾ അദ്ദേഹത്തോട് കാരൃം അന്വേഷിക്കണമെന്ന് തോന്നി. മുഹമ്മദുമായി സംസാരിച്ചപ്പോഴാണ് അവർ തമ്മിലുളള വൈകാരിക ബന്ധം എനിക്ക് മനസ്സിലായത്.അത് ഇന്ന് സമൂഹത്തിൽ ദുർഗന്ധം വമിപ്പിക്കുന്ന വർഗ്ഗീയ ചിന്തകൾക്കും അപ്പുറമാണ് വർഗ്ഗീസ്സിന്റേയും,മുഹമ്മദിന്റേയും സ്നേഹ ബന്ധം.

മനുഷ്യ സഹവര്‍ത്തിതത്തിന്റെ പ്രതിരുപങ്ങളാണ് മുഹമ്മദും, വർഗ്ഗീസും.ഇതുപോലെ സൗഹൃദത്തിന്റെ പ്രതീകങ്ങളായ എത്രയോ പേരെ നമ്മുക്ക് പ്രവാസലോകത്ത് കാണാന്‍ കഴിയും. അതൊന്നും നശിക്കുകയോ, അല്ലെങ്കിൽ മറ്റാർക്കെങ്കിലും നശിപ്പിക്കുവാനോ കഴിയില്ല.

അഷ്റഫ് താമരശ്ശേരി

MORE IN GULF
SHOW MORE
Loading...
Loading...