ഗൂഗിൾ ചതിച്ചു; ഒരു ദിർഹത്തിന് 24.73 രൂപ; മണി എക്സ്ചേഞ്ചിലേക്ക് വിളിയോട് വിളി

uae-rs-google
SHARE

ഇന്ത്യ, പാക്കിസ്ഥാൻ രാജ്യങ്ങളുടെ രൂപയുടെ മൂല്യം ഗൂഗിൾ കുത്തനെ കുറച്ചു, ഇതോടെ മണി എക്സ്ചേഞ്ചുകാർക്ക് നിക്കപ്പൊറുതിയില്ലാതായി. ഇന്ന് ഉച്ചയോടെയാണ് ഗൂഗിളിൽ യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം കുറച്ചത്. ഒരു ദിർഹത്തിന് 24.73 രൂപയെന്നാണ് കാണിച്ചത്. പാക്കിസ്ഥാൻ രൂപയാണെങ്കിൽ 51 വരെയും. പിന്നീട് വൈകിട്ടോടെയാണ് ഗൂഗിള്‍ തിരുത്തിയത്.

യഥാർഥത്തിൽ ഇന്ന് വിവിധ മണി എക്സ്ചേഞ്ചുകളിലെ റേറ്റ് ഒരു ദിർഹത്തിന് 19.90 രൂപയാണ്. പാക്കിസ്ഥാൻ രൂപ 45.95 രൂപയും. രൂപയുടെ മൂല്യം കുത്തനെ കുറയുന്നത് കണ്ട് മലയാളികളടക്കമുള്ളവർ പരിഭ്രാന്തരായി. പലരും ഉടൻ തന്നെ തങ്ങളുടെ പണം അയക്കാനായി ബാങ്കുകളുടെ ആപ്ലിക്കേഷൻ തുറന്നപ്പോഴാണ് മനസിലായത് ‘ഗൂഗിൾ’ ചതിച്ചതാണെന്ന്.

യഥാർഥത്തിൽ ഇന്ന് ബാങ്കുവഴി പണം അയക്കുമ്പോൾ 1.01 ദിർഹത്തിന് 20 ഇന്ത്യൻ രൂപയാണ് ലഭിക്കുക. ബാങ്കിൽ പരിശോധന നടത്താതെ ചിലർ ആവേശം കൊണ്ടതോടെ വിവിധ മണി എക്സ്ചേഞ്ചുകളുടെയും മാധ്യമ സ്ഥാപനങ്ങളുടെയും ടെലിഫോണിനും വിശ്രമമില്ലാതായി.

മൂല്യം കുറഞ്ഞത് ശരിയാണോ എന്നല്ല, എക്സ്ചേഞ്ചിൽ കാര്യമായ തിരക്കുണ്ടോ എന്നായിരുന്നു പലർക്കും അറിയേണ്ടിയിരുന്നത്. കുറേ സമയമായി മറുപടി പറഞ്ഞ് മടുത്തതായി ഷാർജയിലെ അൽ റുസുക്കി മണി എക്സ്ചേഞ്ചിൽ ജോലി ചെയ്യുന്ന രവി പറഞ്ഞു. ഗൂഗിളിന് സംഭവിച്ച തെറ്റാണെന്ന് പറഞ്ഞിട്ടും പലർക്കും അത് വിശ്വസിക്കാനായില്ല. പലരും വൈകിട്ടും അന്വേഷണം തുടർന്നുവെന്നും അദ്ദേഹം പറഞ്ഞു.

MORE IN GULF
SHOW MORE
Loading...
Loading...