സ്വദേശികൾക്കായി 75,000 തൊഴിലവസരങ്ങൾ; പദ്ധതിക്ക് തുടക്കമിട്ട് യുഎഇ

dubai-23
SHARE

യുഎഇയിൽ സ്വദേശിവൽക്കരണം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. നഴ്സിങ് രംഗത്തടക്കം സ്വകാര്യമേഖലയിൽ സ്വദേശികൾക്കായി 75,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് തീരുമാനം. വിവിധമേഖലകളിൽ വിദ്യാഭ്യാസ പരിശീലന പദ്ധതികൾക്കും തുടക്കംകുറിക്കും. 

യുഎഇ സുവർണജൂബിലി ആഘോഷത്തിൻറെ ഭാഗമായുള്ള 50 സുപ്രധാന പദ്ധതികളുടെ രണ്ടാംഘട്ടമായാണ് പുതിയ പ്രഖ്യാപനങ്ങൾ. നഴ്സിങ് മേഖലയിൽ അഞ്ചു വർഷത്തിനകം 10,000 സ്വദേശികൾക്ക് അവസരമുറപ്പാക്കാൻ സ്കോളർഷിപ്പ് അടക്കം പദ്ധതികൾ തുടങ്ങും. നഴ്സിങ്ങിൽ ബിരുദ ഡിപ്ളോമ കോഴ്സുകൾ തുടങ്ങും. നഴ്സിങ്, പ്രോഗ്രാമിങ്, അക്കൌണ്ടിങ് തുടങ്ങിയ സ്പെഷലൈസ്ഡ് മേഖലകളിൽ ജോലി ചെയ്യുന്ന സ്വദേശികൾക്ക് അഞ്ച്  വർഷത്തേക്ക് പ്രതിമാസം 5,000 ദിർഹം വീതം ബോണസ് നൽകും. ഉന്നതപഠനത്തിനും ഗവേഷണത്തിനുമായി കേന്ദ്രങ്ങൾ സ്ഥാപിക്കുകയും രാജ്യാന്തരനിലവാരത്തിൽ പരിശീലനം നൽകുകയും ചെയ്യുകയെന്നതും 2025 വരെ നീളുന്ന കർമപരിപാടികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

സ്വകാര്യ മേഖലയിൽ കൂടുതൽ അനുകൂല്യങ്ങളോടെ 75,000 സ്വദേശികൾക്കു തൊഴിലവസരമൊരുക്കും. സ്വകാര്യ മേഖലയിലെ തൊഴിലുടമകൾ പ്രതിവർഷം രണ്ടുശതമാനമെന്ന തോതിൽ അഞ്ചു വർഷത്തേക്ക് സ്വദേശി ജീവനക്കാരുടെ എണ്ണം വർധിപ്പിക്കണമെന്നാണ് നിർദേശം. 24 ബില്യൺ ദിർഹമാണ് പുതിയ പദ്ധതികൾക്കായി ചെലവാക്കുന്നത്. ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ അധ്യക്ഷതയിൽ അബുദാബിയിൽ ചേർന്ന  യോഗത്തിലായിരുന്നു പ്രഖ്യാപനം. ഗ്രീൻ വീസ, ഫ്രീലാൻസ് വീസ തുടങ്ങിയവയായിരുന്നു 50 പദ്ധതികളുടെ ആദ്യഘട്ടമായി പ്രഖ്യാപിച്ചിരുന്നത്. 

MORE IN GULF
SHOW MORE
Loading...
Loading...