അഴിമതിക്കേസ്: പ്രതിരോധമന്ത്രാലയത്തിലെ ഉന്നതഉദ്യോഗസ്ഥർക്കെതിരെ നടപടി

saudi-arrest
SHARE

സൗദിയിൽ അഴിമതിക്കേസിൽ പ്രതിരോധമന്ത്രാലയത്തിലെ ഉന്നതഉദ്യോഗസ്ഥരടക്കം പതിനേഴോളംപേരെ അറസ്റ്റ് ചെയ്തു. വൻതോതിൽ കൈക്കൂലിവാങ്ങിയതടക്കമുള്ള ആരോപണങ്ങളെത്തുടർന്നാണ് അറസ്റ്റ് നടപടി. അതേസമയം, ആരോപണവിധേയനായ പൊതുസുരക്ഷാ ഡയറക്ടറെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടു. 

സൗദിയിൽ മേജർ ജനറൽ, മുൻ മേജർ ജനറൽമാർ തുടങ്ങിയവരെ ഏഴുകേസുകളിലായാണ് അറസ്റ്റ് ചെയ്തു നിയമനടപടികൾ തുടങ്ങിയത്. പ്രതിരോധമന്ത്രാലയത്തിലെ ഒരു മേജർ ജനറൽ, മൂന്ന് മുൻ മേജർ ജനറൽമാർ തുടങ്ങിയവർക്കെതിരെയാണ് ആദ്യകേസ്. വിദേശകമ്പനിയെ പ്രതിനിധീകരിക്കുന്ന പ്രാദേശിക കമ്പനിയിൽ നിന്നും 21 കോടി റിയാൽ തവണകളായി വാങ്ങിയതുമായി ബന്ധപ്പെട്ട കേസിലാണ് അന്വേഷണവും നിയമനടപടികളും. സർക്കാർ പദ്ധതിയിൽ തട്ടിപ്പ് കാണിച്ചതുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ പ്രോജക്ട് മാനേജ്മെൻറ് കമ്പനി ഡയറക്ടറെ അറസ്റ്റ് ചെയ്തതായി അഴിമതി വിരുദ്ധ അതോറിറ്റി വ്യക്തമാക്കി. ഭരണാധികാരിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സുരക്ഷാസേനയിലെ മുൻ ലഫ്റ്റനൻറ് കേണൽ, മുൻ ബ്രിഗേഡിയർ ജനറൽ, ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ തുടങ്ങിയവരെ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് ചെയ്തു.

അഴിമതിക്കേസ് അവസാനിപ്പിക്കുന്നതിന് കൈക്കൂലി വാങ്ങിയെന്ന കേസിലാണ് അഴിമതിവിരുദ്ധഅതോറിറ്റിയിലെ മുൻ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്. അതേസമയം, പൊതുസുരക്ഷാ ഡയറക്ടറായിരുന്ന  ഖാലിദ് അൽ ഹർബിയുടെ സേവനം അവസാനിപ്പിച്ച് നിർബന്ധിത വിരമിക്കലിന് ഭരണാധികാരി സൽമാൻ രാജാവ് നിർദേശം നൽകി.  ഖാലിദ് അൽ ഹർബി അടക്കം 18 ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാനാണ് ഉത്തരവ്. കൈക്കൂലി, വ്യാജരേഖയുണ്ടാക്കൽ, അധികാര ദുർവിനിയോഗം തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ആരോപിച്ചിരിക്കുന്നത്.

MORE IN GULF
SHOW MORE
Loading...
Loading...