മമ്മൂട്ടിയുടെ പേരിൽ അപൂർവ സമ്മാനം; 70 കഴിഞ്ഞ 70 പേർക്ക് സൗജന്യ വീസ

mammootty-dubai
SHARE

പ്രിയനടൻ മമ്മൂട്ടിയുടെ 70–ാം ജന്മദിനം ലോകത്തെങ്ങുമുള്ള ആരാധകർ ആഘോഷിക്കുമ്പോൾ, യുഎഇയിലെ മലയാളി ട്രാവൽ ഏജൻസി ഉടമ അദ്ദേഹത്തിന്‍റെ പേരിൽ നൽകുന്നത് അപൂർവ സമ്മാനം. 70 വയസ്സുകാരായ 70 മലയാളികൾക്ക് ഒരു മാസത്തെ സന്ദർശക വീസ സൗജന്യമായി നൽകി 'ബെർത് ഡേ ബോയി'യോടുള്ള  ഇഷ്ടം പ്രകടമാക്കുകയാണ്, ഷാർജ ആസ്ഥാനമായുള്ള സ്മാർട് ട്രാവൽസ് എംഡി കണ്ണൂർ പയ്യന്നൂർ സ്വദേശി അഫി അഹമദ്. സൗജന്യ ട്രാവൽ ഇൻഷുറൻസോടെയാണ് 340 ദിർഹം വരുന്ന വീസ സമ്മാനിക്കുക. 

ഇൗ വർഷം 70 വയസ്സ് പൂർത്തിയാക്കിയവരാണെന്ന് തെളിയിക്കുന്ന പാസ്പോർട് കോപ്പി സഹിതമാണ് നാളെ(സെപ്റ്റംബർ 8) യുഎഇ സമയം വൈകിട്ട്  അഞ്ചിനു മുൻപ് അപേക്ഷിക്കേണ്ടത്. ആദ്യം അപേക്ഷിക്കുന്ന 70 പേർക്കാണ് അവസരം ലഭിക്കുക. വിമാന ടിക്കറ്റും കോവിഡ് പിസിആർ പരിശോധനാ നിരക്കുകളും യാത്രക്കാരൻ തന്നെ വഹിക്കണം. ചെറുപ്പം മുതലേ മമ്മൂട്ടിയോട് ഏറെ ഇഷ്ടമാണ്. ഇൗ പ്രായത്തിലും ശാരീരികക്ഷമത നിലനിർത്തി സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന മലയാളത്തിൻ്റെ മഹാനടന് ഒരു ജന്മദിന സമ്മാനം നൽകുമ്പോൾ അത് യുഎഇയിലുള്ള പ്രിയപ്പെട്ടവരുടെ അടുത്തേയ്ക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്രദമാകട്ടെ എന്നു കരുതി. മമ്മൂക്കയ്ക്കും അതായിരിക്കും ഇഷ്ടമെന്നും വിശ്വസിക്കുന്നു. അഫി പറഞ്ഞു.

നേരത്തെ ഇതുപോലുള്ള ഒട്ടേറെ സാമൂഹിക സേവനങ്ങൾ അഫി അഹ്മദ് ചെയ്തിട്ടുണ്ട്. തൻ്റെ ജീവനക്കാരുടെ മാതാക്കൾക്ക് അവരോടുള്ള ആദരവിന്റെ എല്ലാ മാസവും 5,000 രൂപ സമ്മാനിക്കുന്നു. കേരളത്തിലെ ആദ്യ പ്രളയകാലത്ത് സേവനത്തിലൂടെ ഹീറോ ആയ നൗഷാദിനെയും കുടുംബത്തെയും സൗജന്യമായി യുഎഇയിലേയ്ക്ക് കൊണ്ടുവന്ന് ആദരിച്ചു. കൂടാതെ, പിതാവിനെ കാണാൻ യുഎഇയിലേയ്ക്ക് വരാൻ സമൂഹമാധ്യമത്തിലൂടെ ആഗ്രഹം പ്രകടിപ്പിച്ച ഫിദ എന്ന പെൺകുട്ടിയടക്കം മറ്റു 10 കുട്ടികളെയും കൊണ്ടു വന്നു യുഎഇ കാണിച്ചു.

MORE IN GULF
SHOW MORE
Loading...
Loading...