ഏഴു മാസം കൊണ്ട് 20 കിലോ കുറച്ച് പ്രവാസി മലയാളി; ഭക്ഷണക്രമം ഇതാ

baiju-deit
SHARE

ദുബായിൽ ജോൺസൺ ടെക്നിക്കൽ സർവീസ് എന്ന അമേരിക്കൻ കമ്പനിയുടെ മാനേജിങ് പാർട്ണർ ആയ കോഴിക്കോട് പന്തീരങ്കാവ് സ്വദേശി ബൈജു ചാലിയിൽ മലയാള സിനിമാ നടന്മാരുടെയും മറ്റും സിക്സ് പായ്ക്ക് നോക്കി കൊതിക്കാറുണ്ട്–തനിക്കും ഇങ്ങനെ ശരീരം സൂക്ഷിക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന്. പക്ഷേ, 45വയസുള്ള തന്റെ 83 കിലോ ഗ്രാം ശരീരഭാരം കുറയ്ക്കാൻ ഏറെ കഷ്ടപ്പെടേണ്ടി വരുമെന്ന അറിവ് തിരക്കുപിടിച്ച പ്രവാസ ജീവിതം നയിക്കുന്ന ബൈജുവിൽ നിരാശയാണുണ്ടാക്കിയത്. പ്രത്യേകിച്ച് തിരക്കു പിടിച്ച പ്രവാസ ജീവിതം നയിക്കുന്ന ഇൗ പ്രവാസ ലോകത്ത് ഒരിക്കലും തനിക്ക് അതിന് കഴിയില്ലെന്നു തന്നെ സ്വയം വിശ്വസിക്കാൻ ശ്രമിച്ചു. 

യൂറോപ്പുകാരുടെയും സ്വദേശികളുടെയും ഇടയിൽ ജോലി ചെയ്യുന്ന ബൈജുവിനു തന്റെ അമിതവണ്ണം ഉണ്ടാക്കിയ വിഷമം കുറച്ചൊന്നുമായിരുന്നില്ല. ഇൻഷേർട്ട് ചെയ്യാനും സ്യൂട്ടിടാനും പ്രയാസം. മടി, ക്ഷീണം എന്നിവയെല്ലാം പലപ്പോഴും ജോലിയിൽ മുഷിപ്പുണ്ടാക്കി. അതേസമയം, കോവിഡ്19 കാലത്ത് ശരീരഭാരം കുറച്ചവരുടെ കഥകൾ മനോരമ ഒാൺലൈനിലടക്കം വായിച്ചപ്പോൾ തന്നേക്കാളും സമ്മർദത്തിൽ ജീവിക്കുന്നവർക്ക് ശരീര ഭാരം നേർപകുതിയാക്കാൻ പോലും സാധിക്കുമെങ്കിൽ എന്തുകൊണ്ട് തനിക്കും കഴിയില്ലെന്നു ചിന്തിച്ചു. പറ്റും, നിശ്ചയദാർഢ്യത്തോടെയും ആത്മാർപ്പണത്തോടെയും ഇറങ്ങിത്തിരിച്ചാൽ നടക്കാത്തതായി ഒന്നുമില്ലെന്ന് സ്വയം മനസിനെ വിശ്വസിപ്പിച്ചു. ഒടുവിൽ ചിട്ടയോടെയുള്ള കഠിനാധ്വാനം ഏഴു മാസം കൊണ്ട് ബൈജുവിന്റെ ശരീരഭാരം കുറച്ചത് 20 കിലോ ഗ്രാം. മാത്രമല്ല, ഏതൊരു സിനിമാതാരവും അസൂയപ്പെടും വിധം സിക്സ് പായ്ക്കാവുകയും ചെയ്തു!. തീർന്നില്ല, ബൈജുവിന്റെ മാറ്റങ്ങൾ കണ്ട് അമിതവണ്ണക്കാരനായിരുന്ന മകൻ അലനും ചൈനയിൽ ബിസിനസുകാരനായ സുഹൃത്ത് സുമേഷും തടി കുറച്ചു.

2020 ഒക്ടോബറിൽ സിലിക്കൺ ഒയാസിസിലെ ജിംനേഷ്യത്തിലായിരുന്നു ബൈജു ചേർന്നത്.  സുഹൃത്ത് റനേഷായിരുന്നു അവിടേയ്ക്കുള്ള വഴികാട്ടിയത്. പരിശീലകൻ ജാവേദ് ബൈജുവിനെ അങ്ങേറ്റെടുത്തു. ഡിസംബറിൽ ഭാര്യക്ക് കോവിഡ് വന്നതിനെ തുടർന്ന് 15 ദിവസം ക്വാറന്‍റീനിൽ കഴിഞ്ഞതൊഴിച്ചാൽ വ്യായാമത്തിൽ നിന്നും ഭക്ഷണക്രമീകരണത്തിൽ നിന്നും ഒരിക്കലും പിന്തിരിഞ്ഞില്ല. സ്ക്രാചിൽ നിന്നായിരുന്നു തുടക്കം. നിത്യവും ഒരുമണിക്കൂറിലേറെ ജിമ്മിൽ ചെലവഴിക്കും. ആദ്യം ചെറിയ മടിയൊക്കെ തോന്നിയിരുന്നെങ്കിലും പിന്നീട് ജിമ്മിലെത്തിയാലേ മനസ്സമാധാനമാകൂ എന്ന സ്ഥിതിവിശേഷമായിരുന്നുവെന്നു ബൈജു പറയുന്നു. തുടക്കത്തിൽ 31% ആയിരുന്നു ശരീര കൊഴുപ്പിന്റെ അളവ്. ഏഴു മാസത്തിന് ശേഷം അത് വെറും 6% ആയിത്തീർന്നു.

കലോറി കണക്കാക്കി ഭക്ഷണക്രമം

കലോറി കണക്കാക്കിയായിരുന്നു ഇൗ കാലയളവിൽ ഭക്ഷണം. ഹൈ കാർബ്–50 ഗ്രാം. പ്രഭാതഭക്ഷണക്രമം: രാവിലെ 8ന്

ഒാട്സ്, പുഴുങ്ങിയ മുട്ടയുടെ വെള്ള– 6 എണ്ണം.

രാവിലെ 11ന് ‌‌

150 ഗ്രാം കോഴിയിറച്ചി(പുഴുങ്ങിയതോ, ഗ്രിൽ ചെയ്തതോ).

വെജിറ്റബിൾ സാലഡ്

ഉച്ചഭക്ഷണം– ഉച്ചയ്ക്ക് 2 ന്

150 ഗ്രാം കോഴിയിറച്ചി(പുഴുങ്ങിയതോ, ഗ്രിൽ ചെയ്തതോ).

50 ഗ്രാം തവിട്ട് അരി കൊണ്ടുണ്ടാക്കിയ ചോറ്.

വൈകിട്ട് 5ന്

ഗ്രീൻ ‌ടീ അല്ലെങ്കിൽ ബ്ലാക് കോഫി. ആപ്പിൾ.

രാത്രി ഭക്ഷണം: 8നും 9നുമിടയിൽ

ട്യൂണ– 1 ക്യാൻ(150 ഗ്രാം).

5 മുട്ടകളുടെ വെള്ള കൊണ്ടുണ്ടാക്കിയ ഒാംലറ്റ്.

ഗ്രീൻ സാലഡ്.

ചൂടാക്കി തണുപ്പിച്ച വെള്ളം 5 ലിറ്ററെങ്കിലും നിത്യവും കുടിക്കുക.

ഒഴിവാക്കേണ്ടത്:

ജംഗ് ഫൂഡ്.

ഫ്രൈഡ് ഫൂഡ്.

പഞ്ചസാര.

കഴിക്കാവുന്നത്:

സിട്രസ് ഫ്രൂട്ട്സ്

തണ്ണിമത്തൻ

ആപ്പിൾ–ഗ്രീൻ

മുന്തിരിങ്ങ

സ്ട്രോബറി, ബ്ലൂ ബെറി.

മകനും ചൈനയിലെ മലയാളി സുഹൃത്തും

ബൈജുവിന്റെ ശരീരഭാരം കുറച്ച് സിക്സ് പായ്ക്ക് ആക്കാനുള്ള പരിശ്രമം കണ്ട് ഇത്തിരി തടിയനായിരുന്ന 13 വയസുകാരനായ മകൻ അലനും അമാന്തിച്ചുനിന്നില്ല. പത്താം തരം വിദ്യാർഥിയായ അലൻ ബൈജുവിന്റെ പരിശീലനത്തിൽ 6 മാസം കൊണ്ട് കുറച്ചത് 13 കിലോ ഗ്രാം. ഡാ തടിയാ എന്നു വിളിച്ചു കളിയാക്കിയിരുന്ന കൂട്ടുകാരെ തന്റെ അടിപൊളി ശരീരം ശരീരം കാണിച്ച് ഞെട്ടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അലൻ.

തന്റെ ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങളുടെ ചിത്രങ്ങൾ ബൈജു ഫെയ്സ് ബുക്കിലടക്കം അപ്പപ്പോൾ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു.  ഇതുകണ്ടാണ് ചൈനയിൽ ബിസിനസുകാരനായ ആലപ്പുഴ സ്വദേശി സുമേഷ് ബൈജുവിനെ ബന്ധപ്പെട്ടത്. മറ്റുള്ളളർക്ക് തന്റെ അറിവ് പകർന്നുകൊടുക്കാൻ തൽപരനായിരുന്ന ബൈജു 8 മാസം കൊണ്ട് സുമേഷിന്റെ ശരീരഭാരം 20 കിലോ ഗ്രാം കുറയ്ക്കാൻ വഴികാട്ടിയായി. രക്തസമ്മർദം, പ്രമേഹം എന്നിവയെല്ലാം സുമേഷിനെ അലട്ടിയിരുന്നു. ശരീരഭാഗം കുറഞ്ഞതോടെ ഇതെല്ലാം വൻ മതിൽ കടന്നുപോയതായി സുമേഷ് പറയുന്നു.

പ്രായം, അതു മറന്നേക്കൂ

വ്യായാമത്തിനും ശരീര ഭാരം കുറച്ച് സിക്സ് പായ്ക്ക് ആകുന്നതിനും പ്രായം ഒരു ഘടകമേ അല്ലെന്ന് ബൈജു പറയുന്നു. ഇക്കാരണങ്ങൾ കൊണ്ട് ആഗ്രഹമുണ്ടായിട്ടും മടിച്ചുനിൽക്കുന്നവരോട് ഉദാഹരണത്തിന് തന്നെ നോക്കൂ എന്നാണ് ഉപദേശിക്കാനുള്ളത്. പക്ഷേ, ഒരു കാര്യം പ്രത്യേകിച്ച് ഉണർത്തിക്കാനുണ്ട്: ആത്മസമർപ്പണം, അതിലാണ് കാര്യം.

MORE IN GULF
SHOW MORE
Loading...
Loading...