യുഎഇ ഗോൾഡൻ വീസ ഏറ്റുവാങ്ങി മമ്മൂട്ടിയും മോഹൻലാലും; അപൂർവനേട്ടം

mammootty-mohanlal-visa
SHARE

നടന്മാരായ മമ്മൂട്ടിക്കും മോഹൻലാലിനും യുഎഇ ഗോൾഡൻ വീസ ലഭിച്ചു. അബുദാബി സാമ്പത്തിക വികസന വിഭാഗം ഹെഡ് ക്വാർട്ടേഴ്സിൽ ഇന്ന് രാവിലെ നടന്ന ചടങ്ങിൽ ചെയർമാൻ മുഹമ്മദ് അലി അൽ ഷൊറാഫ അൽ ഹമ്മാദി  ഇരുവർക്കും വീസ പതിച്ച പാസ്പോർട്ട് കൈമാറി. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കലാരംഗത്തെ സംഭാവനകൾ അൽ ഷൊറാഫ പ്രകീർത്തിച്ചു. രണ്ട് പ്രതിഭകൾക്ക് ഗോൾഡൻ വീസ നൽകാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും പറഞ്ഞു. 

10 വർഷത്തെ ഗോൾഡൻ വീസ ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് മോഹൻലാൽ പറഞ്ഞു. മലയാള സിനിമയ്ക്ക് തന്നെ ലഭിച്ച അംഗീകാരമായാണ് കാണുന്നത്. ഇതൊരു വലിയ മാറ്റമാണ്. മലയാള സിനിമാ വ്യവസായത്തിന് ഗുണകരമായ കാര്യങ്ങൾ നൽകുമെന്ന് യുഎഇ അധികൃതർ വാഗ്ദാനം നൽകിയതായും അദ്ദേഹം പറഞ്ഞു. മലയാളികളാണ് തങ്ങൾക്ക് നൽകിയ സമ്മാനമാണ് ഗോൾഡൻ വീസയെന്ന് മമ്മൂട്ടി പറഞ്ഞു. ഗോൾഡൻ വീസ ലഭ്യമാക്കാൻ പ്രയത്നിച്ച പ്രമുഖ വ്യവസായി എം.എ. യൂസഫലിക്ക് ഇരുവരും നന്ദി പറഞ്ഞു.

രാവിലെ ചുവന്ന റോൾസ് റോയ്സ് കാറിൽ എം.എ. യൂസഫലിയോടൊപ്പമായിരുന്നു മമ്മൂട്ടിയും മോഹൻലാലും അബുദാബി സാമ്പത്തിക വികസന വിഭാഗം ഹെഡ് ക്വാർട്ടേഴ്സിൽ എത്തിയത്. നിക്ഷേപകർക്കും ഡോക്ടർമാർക്കും വിവിധ മേഖലകളിൽ ശ്രദ്ധേയരായവർക്കും കലാപ്രതിഭകൾക്കും പഠന മികവ് പുലർത്തുന്ന വിദ്യാർഥികൾക്കും ഗോൾഡൻ വീസ നൽകിവരുന്നു. നേരത്തെ സഞ്ജയ് ദത്ത് അടക്കം ചില ബോളിവുഡ് താരങ്ങൾക്ക് ഗോൾഡൻ വീസ ലഭിച്ചിരുന്നെങ്കിലും മലയാളത്തിൽ നിന്ന് ഇതാദ്യമായാണ് രണ്ട് താരങ്ങൾക്ക് ഇൗ ബഹുമതി ലഭിക്കുന്നത്.

MORE IN GULF
SHOW MORE
Loading...
Loading...