ശമ്പളം ചോദിച്ചാൽ ദേഹോപദ്രവം, രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ട്വിസ്റ്റ്; ഒടുവിൽ നാഗേശ്വരി നാട്ടിലേക്ക്

gulfwb
SHARE

 സൗദിയിൽ വീട്ടുജോലിക്കെത്തി അഞ്ചു വർഷമായി നാട്ടിലേക്കു മടങ്ങാൻ കഴിയാതെ ദുരിതത്തിലായ ഇന്ത്യക്കാരി സാമൂഹിക പ്രവർത്തകരുടെ ഇടപെടൽ മൂലം നാടണഞ്ഞു. ആന്ധ്രാപ്രദേശ് തിരുപ്പതി സ്വദേശിനിയായ ഗരിജിലാപ്പള്ളി നാഗേശ്വരി ആണ് സുമനസ്സുകളുടെ സഹായത്തോടെ നാട്ടിലേക്കു മടങ്ങിയത്. അഞ്ചു വർഷം മുൻപാണ് നാഗേശ്വരി സൗദി അറേബ്യയിലെ ഹഫർ അൽ ബാത്തിനിൽ ഒരു സ്വദേശിയുടെ വീട്ടിൽ ജോലിക്ക് എത്തുന്നത്.

വീസ ലഭിക്കാൻ ആവശ്യമായ ഭീമമായ തുക കടമായി വാങ്ങിയാണ് ഏജന്റിന് നൽകിയിരുന്നത്. ഏറെ പ്രതീക്ഷകളോടെ പ്രവാസലോകത്ത് എത്തിയ ഇവരെ പക്ഷേ കാത്തിരിക്കുന്നത് ദുരിതങ്ങളായിരുന്നു. എത്തിപ്പെട്ട വീട്ടിലെ ജോലി സാഹചര്യങ്ങൾ വളരെ മോശമായിരുന്നു. ശമ്പളം കൃത്യമായി ലഭിച്ചില്ല. മാത്രമല്ല നാട്ടിലേക്ക് അയക്കാനോ മറ്റോ ശമ്പളം ചോദിക്കുമ്പോൾ ദേഹോപദ്രവം ഏൽപ്പിച്ചിരുന്നതായും നാഗേശ്വരി പറയുന്നു. എങ്കിലും നാട്ടിലെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി ഓർത്ത് ഈ ദുരിതങ്ങളെല്ലാം സഹിച്ചാണ് അവർ ഓരോ ദിനവും തള്ളിനീക്കിയത്. അപ്പോഴേക്കും ഒരുവർഷം പിന്നിട്ടു.

ഒടുവിൽ നാഗേശ്വരി അവിടെ നിന്ന് പുറത്തു ചാടി. ഇന്ത്യൻ എംബസിയിലെത്തി സഹായമഭ്യർഥിക്കാനാണ് കരുതിയിരുന്നതെങ്കിലും വഴിയിൽ സൗദി പൊലീസ് അവരെ പിടികൂടി. വിവരങ്ങൾ ചോദിച്ചറിഞ്ഞ പൊലീസ് ഉദ്യോഗസ്ഥൻ നാഗേശ്വരിയുടെ ദയനീയ അവസ്ഥ മനസിലാക്കി അവരെ സ്വന്തം വീട്ടിൽ വീട്ടുജോലിക്ക് നിർത്തുകയായിരുന്നു. നാലു വർഷമാണ് ആ വീട്ടിൽ നാഗേശ്വരി ജോലി ചെയ്തത്. കൃത്യമായി ശമ്പളവും നല്ല ജോലി സാഹചര്യങ്ങളും അവിടെ അവർക്ക് കിട്ടി. നാട്ടിൽ പോകാൻ അവർ ആഗ്രഹിച്ചെങ്കിലും പഴയ സ്പോൺസർ ഹുറൂബ് ആക്കിയതിനാൽ അത് നടന്നില്ല. മത്രമല്ല പാസ്പോർട്ടോ ഇഖാമയോ ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ഒരു പരിചയക്കാരൻ വഴി നാഗേശ്വരി ജുബൈലിലെ തമിഴ് സാമൂഹിക പ്രവർത്തകനായ യാസിറിനെ ബന്ധപ്പെട്ടു നാട്ടിലേക്കു മടങ്ങാൻ സഹായം അഭ്യർഥിക്കുന്നത്.

യാസിർ നവയുഗം വൈസ് പ്രസിഡന്റും, ജീവകാരുണ്യപ്രവർത്തകയുമായ മഞ്ജു മണിക്കുട്ടനെ ബന്ധപ്പെട്ട് കാര്യങ്ങൾ അറിയിച്ചു. തുടർന്ന് അവരെ ഹഫർ അൽ ബാത്തിനിൽ നിന്ന് ദമാമിൽ എത്തിക്കാൻ ഏർപ്പാട് ചെയ്തു. യാസിറും തമിഴ് സാമൂഹിക പ്രവർത്തകരായ വെങ്കിടേഷ്, ആരിഫ് എന്നിവരും ചേർന്ന് അവരെ ദമാമിൽ എത്തിച്ച് മഞ്ജു മണിക്കുട്ടനെ പരിചയപ്പെടുത്തി. മഞ്ജു സ്വന്തം വീട്ടിലാണ് അവരെ താമസിപ്പിച്ചത്. വൈകാതെ ഇന്ത്യൻ എംബസിയിൽ നിന്ന് ഇവർക്ക് വേണ്ട ഔട്ട്പാസ്സ് കരസ്ഥമാക്കുകയും വനിതാ അഭയകേന്ദ്രം വഴി ഫൈനൽ എക്സിറ്റ് അടിച്ചു കിട്ടുകയും ചെയ്തു. ഒടുവിൽ നിയമനടപടികൾ പൂർത്തിയാക്കി, എല്ലാവരോടും നന്ദി പറഞ്ഞു അവർ നാട്ടിലേക്കു മടങ്ങി.

MORE IN GULF
SHOW MORE
Loading...
Loading...