കൃത്രിമ കുടവയർ, വിഗ്ഗ്; പല വഴികൾ; കണ്ണ് നോക്കി പിടിക്കും; ‘പറന്നി’റങ്ങുന്ന ലഹരി

airport-drugs
SHARE

ദുബായ്: വിവിധതരം കൺകെട്ട് തന്ത്രങ്ങൾ ഉപയോഗപ്പെടുത്തി ലഹരിമരുന്നു കടത്തുന്നവരെ ഒറ്റനോട്ടത്തിൽ കെണിയിലാക്കാൻ കസ്റ്റംസ്. സ്വന്തം ഉപയോഗത്തിനും വിൽപനയ്ക്കും ലഹരിമരുന്നു കൊണ്ടു വന്നവരാണ് കൺകെട്ട് വിദ്യകൾ പരീക്ഷിക്കുന്നത്.

കൃത്രിമ കുടവയർ, വിഗ്ഗ് എന്നിവയ്ക്കുള്ളിൽ മാത്രമല്ല, സ്റ്റാംപുകളിലെ പശയിൽ വരെയാണ് ലഹരിമരുന്നു കയറിപ്പറ്റിയത്. വീൽചെയറുകൾ, ചോക്‌ലേറ്റ്, ജ്യൂസ്, തേൻ, ബദാം, മസാലപ്പൊടി, പഴക്കൂടകൾ എന്നിവയിലെല്ലാം ലഹരിമരുന്ന് വിദഗ്ധമായി ഒളിപ്പിച്ചു കടത്താനുള്ള നീക്കങ്ങൾ കസ്റ്റംസ് തകർത്തു.

സ്വർണം ദ്രവരൂപത്തിലാക്കി കുപ്പിയിലാക്കുക, സ്വർണപ്പാളികൾ ദേഹത്തു ചുറ്റി കട്ടികൂടിയ വസ്ത്രങ്ങൾ ധരിക്കുക, സ്വർണനൂൽ കൊണ്ട് വസ്ത്രങ്ങളിൽ അലങ്കാരപ്പണി നടത്തുക എന്നിങ്ങനെ തന്ത്രങ്ങളേറെയാണ്. ഈ വർഷം ആദ്യപാദത്തിൽ 131 കേസുകൾ റജിസ്റ്റർ ചെയ്തു. മാരക സ്വഭാവമുള്ള 56 കിലോ ലഹരിമരുന്നുകളും 3,990 നിരോധിത ഗുളികകളും പിടികൂടി. 

കുറ്റം ഏറ്റുപറഞ്ഞ് 'ശുദ്ധന്മാർ'

ലഹരിമരുന്നു കടത്തുന്നവരിൽ പലതരക്കാരുണ്ട്. ഉദ്യോഗസ്ഥരെ കാണുമ്പോഴേ കുറ്റം ഏറ്റു പറയുന്നവരാണ് ഒരു വിഭാഗം. അവധിയാഘോഷിക്കാൻ കുടുംബത്തോടൊപ്പമെത്തിയ ഒരാളെ കുടുക്കിയത് സ്വന്തം ഭാര്യ. സംശയം തോന്നി യാത്രക്കാരനെ ചോദ്യം ചെയ്തു തുടങ്ങിയപ്പോഴേ ഭാര്യ എല്ലാ വിവരങ്ങളും തുറന്നു പറഞ്ഞു.  ആഭിചാര ക്രിയകൾക്കുള്ള സാമഗ്രികളുമായി എത്തിയവരെ പിടികൂടിയ കേസുകളുമേറെ.

കണ്ണിലറിയാം കാര്യങ്ങൾ

സംശയിക്കപ്പെടാവുന്ന യാത്രക്കാരുടെ കണ്ണിൽ നോക്കിയാൽ കാര്യങ്ങൾ  പിടികിട്ടുമെന്ന് അധികൃതർ. നടപ്പിലും പെരുമാറ്റത്തിലും പന്തികേട് തോന്നാം. ശരീരത്തിനുള്ളിൽ സ്വർണമോ ലഹരിമരുന്നോ ഒളിപ്പിച്ചിട്ടുണ്ടെങ്കിൽ നടക്കുമ്പോൾ വ്യത്യാസമുണ്ടാകും.

ആയിരക്കണക്കിനു യാത്രക്കാർ ദിവസവും വന്നുപോകുന്ന വിമാനത്താവളമാണെങ്കിലും കുറ്റവാളികളെ 5 മിനിറ്റിനകം മനസ്സിലാക്കാമെന്ന് ദുബായ് കസ്റ്റംസ് സ്പെഷൽ ടീമിലെ സായിദ് അലി അൽ ഷേഹി പറഞ്ഞു.

ബദാം, കശുവണ്ടി പരിപ്പുകൾ തുടങ്ങിയവയുടെ  ഉള്ളിൽ  പോലും ലഹരിമരുന്ന് ഒളിപ്പിച്ച കേസുകളുണ്ട്. നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള സ്മാർട് സംവിധാനങ്ങൾക്കു പുറമേ ശാസ്ത്രീയ പരിശീലനം നേടിയ ഉദ്യോഗസ്ഥരുമാണ് വിമാനത്താവളത്തിലുള്ളത്.

പഴുതുകളില്ല, പിടിമുറുകും

ലഹരിമരുന്നു സംഘങ്ങളെ പിടികൂടാൻ മൊബൈൽ സ്മാർട് ലാബ് ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് കസ്റ്റംസിനുള്ളത്. പെട്ടിയുടെ അകവും പുറവും അരിച്ചുപെറുക്കാനും വാഹനത്തിൽ ഹൈടെക് ക്യാമറകളുണ്ട്. ഗുളികകളിൽ ലഹരിമരുന്നുണ്ടോ എന്നറിയാൻ പ്രത്യേക സ്‌കാനറിൽ ഒരുനിമിഷം വച്ചാൽ സകല ചേരുവകളുടെയും രാസനാമം സഹിതം സ്‌ക്രീനിൽ തെളിയും.

അതും ഗുളികയുടെ കവർ പൊട്ടിക്കാതെ തന്നെ. വാഹനത്തിന്റെ മുകളിലെ കറങ്ങുന്ന ക്യാമറയാണ് വിദൂരക്കാഴ്ചകൾ ഒപ്പിയെടുക്കുക. സമീപത്തെവിടെയെങ്കിലും വാഹനങ്ങളോ ആളുകളോ ഉണ്ടോയെന്നു പരിശോധിക്കാനാണിത്. കടലിന്റെ അടിയിൽ നിരീക്ഷണം നടത്താനുള്ള ഡീപ്പ് ട്രെക്കർ എന്ന ഉപകരണവും മൊബൈൽ ലാബിനു കരുത്തേകുന്നു.

കപ്പലിന്റെ അടിയിലും മറ്റും അള്ളിപ്പിടിച്ച് പരിശോധന നടത്താനാകും. എന്തെങ്കിലും സാധനങ്ങൾ ഒളിപ്പിച്ചു വച്ചിട്ടുണ്ടോ, അപകടകരമായ വസ്തുക്കൾ എന്നിവ കണ്ടെത്താൻ ഈ ഉപകരണത്തിലെ ശക്തിയേറിയ ക്യാമറയ്ക്കു കഴിയും.

മരുന്നുമായി യാത്ര; വേണം, കരുതൽ 

യുഎഇയിലേക്കോ യുഎഇ വഴി മറ്റേതെങ്കിലും രാജ്യത്തേക്കോ യാത്രചെയ്യുന്നവർ സ്വന്തം ആവശ്യത്തിനു കൊണ്ടുവരുന്ന മരുന്നുകൾ  നിരോധിത പട്ടികയിൽ ഉൾപ്പെട്ടതാകരുതെന്നാണ് നിയമം. 

∙ മരുന്നുകളെ സംബന്ധിച്ച്, അറബിക്കിലോ ഇംഗ്ലിഷിലോ ഉള്ള  പൂർണരേഖകൾ കരുതണം. ഡോക്ടറുടെ കുറിപ്പടിയോ സാക്ഷ്യപ്പെടുത്തിയ പകർപ്പോ  നിർബന്ധം.

∙ പുറപ്പെടുന്ന രാജ്യത്തെ ആരോഗ്യ അധികൃതരുടെ രേഖകളും ഉണ്ടായിരിക്കണം. കൊണ്ടുവരുന്നയാളുടെ രോഗവും ഉപയോഗക്രമവും അളവുമെല്ലാം ഇതിൽ വ്യക്തമാക്കണം. കസ്റ്റംസ് അധികൃതരെ ഈ രേഖകൾ  കാണിച്ചു ബോധ്യപ്പെടുത്തി സ്റ്റാംപ് ചെയ്യിക്കണം. 

∙ യുഎഇയിൽ തങ്ങുന്ന കാലയളവിൽ ഈ രേഖകൾ സൂക്ഷിക്കണം. ഏതു സമയത്തു പരിശോധന നടത്തിയാലും അധികൃതരെ ഇവ കാണിക്കണം.

∙ സ്വർണം ഉൾപ്പെടെയുള്ള ലോഹങ്ങളും മരുന്നുകളും കൈയിലുണ്ടെങ്കിൽ സുരക്ഷാ ഉദ്യോഗസ്ഥരെ മുൻകൂട്ടി അറിയിക്കണം.

MORE IN GULF
SHOW MORE
Loading...
Loading...