അമ്മ മരിച്ചതോടെ ദുബായിൽ തനിച്ചായി കുഞ്ഞ്; സ്റ്റാലിൻ ഇടപെട്ടു; നാട്ടിലേക്ക്

tamil-nadu-child-save
SHARE

മാതാവ് കോവിഡ്19 ബാധിച്ചു മരിച്ചതു മൂലം ദുബായിൽ ഒറ്റപ്പെട്ട പത്തു മാസം പ്രായമുള്ള തമിഴ് കുട്ടി ദേവേഷിനെ നാളെ സ്വദേശത്തേയ്ക്കു കൊണ്ടുപോകും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും സാമൂഹിക പ്രവർത്തകരും കൈകോർത്തതാണു വളരെ പെട്ടെന്നു തന്നെ കുട്ടിയെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയായത്. രാവിലെ 11.45നുള്ള ഇൻഡിഗോ വിമാനത്തിൽ തിരുച്ചിയിലേയ്ക്കാണ് ദേവേഷിനെ കൊണ്ടുപോകുകയെന്ന് ഇതിന് നേതൃത്വം നൽകിയ സാമൂഹിക പ്രവർത്തകനും ഡിഎംകെ യുഎഇ പ്രസിഡന്റുമായ എസ്.എസ്.മീരാൻ, മലയാളി സാമൂഹിക പ്രവർത്തകരായ അബ്ദുൽ നാസർ, മുഹമ്മദ് എന്നിവരും മനോരമ ഒാൺലൈനിനോട് പറഞ്ഞു.

കഴിഞ്ഞ മാസം 29 നാണ് തമിഴ്നാട് തിരുച്ചി കല്ലാകുറിച്ചി സ്വദേശിനി ഭാരതി(40) ദുബായിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതിന് ഒരു മാസം മുൻപ് ജോലി തേടി യുഎഇയിലെത്തിയ ഇവർ കൂട്ടുകാരിയും തമിഴ് നാട്ടുകാരിയുമായ ജെറീനാ ബീഗത്തിനോടൊപ്പമായിരുന്നു താമസം. ഇതിനിടെ കോവിഡ് ബാധിച്ച് ആശുപത്രിയിലാവുകയും  മരിക്കുകയുമായിരുന്നു. ഇതോടെ വീട്ടുജോലി ചെയ്തു ജീവിക്കുന്ന ജെറീനാ ബീഗം ദേവേഷിനു സംരക്ഷണം നൽകി. കുട്ടിയെ വിട്ടു ജോലിക്ക് പോകാൻ പ്രയാസം നേരിട്ടപ്പോൾ എത്രയും പെട്ടെന്നു നാട്ടിലെത്തിക്കാൻ സാമൂഹിക പ്രവർത്തകരോടു സഹായം അഭ്യർഥിക്കുകയായിരുന്നു. 

ഇൗ സംഭവം മനോരമ ഒാൺലൈനും മനോരമ പത്രവും റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു സഹായ വാഗ്ദാനമുണ്ടായി. കുട്ടിയെ  ഏറ്റെടുക്കാൻ തയ്യാറാണെന്നും പലരും അറിയിച്ചതായി അബ്ദുൽ നാസർ പറഞ്ഞു. എന്നാൽ, സംഭവം ശ്രദ്ധയിൽപ്പെട്ട ദുബായിൽ ബിസിനസുകാരൻ കൂടിയായ എസ്.എസ്.മീരാൻ അബ്ദുൽ നാസർ, മുഹമ്മദ് എന്നിവരുമായി ചേർന്ന് ഇന്ത്യൻ കോൺസുലേറ്റിനെ ബന്ധപ്പെടുകയും അവർ കുട്ടിയെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കുകയുമായിരുന്നു. മകനെ ഏറ്റെടുക്കാൻ തയ്യാറാണെന്ന് പിതാവ് അറിയിച്ചതായി മീരാൻ പറഞ്ഞു.

MORE IN GULF
SHOW MORE
Loading...
Loading...