ഗാർഹിക തൊഴിലാളി നിയമനത്തിലെ സഹകരണം; ഇന്ത്യ-കുവൈത്ത് ധാരണാപത്രം ഒപ്പുവച്ചു

kuwaitfm
SHARE

ഗാർഹിക തൊഴിലാളി നിയമനത്തിലെ സഹകരണം സംബന്ധിച്ച് ഇന്ത്യയും കുവൈത്തും ധാരണാപത്രം ഒപ്പുവച്ചു. കേന്ദ്രവിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറിൻറെ കുവൈത്ത് സന്ദർശനത്തിനിടെയാണ് കരാർ ഒപ്പുവച്ചത്. അതേസമയം, കുവൈത്തിലേക്കുള്ള പ്രവേശനവിലക്ക് കാരണം പ്രവാസിഇന്ത്യക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ കുവൈത്ത് വിദേശകാര്യമന്ത്രിയുമായി എസ്.ജയ്ശങ്കർ ചർച്ച ചെയ്തു. 

വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറിൻ‌റെ സാന്നിധ്യത്തിൽ കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജും കുവൈത്ത് വിദേശകാര്യ  സഹമന്ത്രി മാജ്‌ദി അഹമ്മദ് അൽ ദാഫിരിയുമാണ് ഗാർഹിക തൊഴിലാളി നിയമനത്തിലെ സഹകരണം സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചത്. കുവൈത്തിൽ ജോലിക്ക് എത്തുന്ന ഇന്ത്യയിൽനിന്നുള്ള ഗാർഹിക തൊഴിലാളികൾക്ക് കുവൈത്തിലെ തൊഴിൽനിയമത്തിൻ‌‌റെ പരിരക്ഷ ലഭിക്കും എന്നതാണ് പ്രധാനപ്രത്യേകത. നിലവിൽ കുടിയേറ്റ നിയമത്തിൻ‌റെ പരിധിയിലാണ് ഗാർഹിക തൊഴിലാളികൾ. ഇതോടെ റിക്രൂട്ട്മെൻ‌റ് തുടങ്ങി ആനുകൂല്യങ്ങൾക്കുള്ള അവകാശം വരെയുള്ള കാര്യങ്ങൾ തൊഴിൽ നിയമത്തിൻ‌റെ പരിരക്ഷയിൽ വരും. ഗാർഹിക തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുംവിധമുള്ള തൊഴിൽ കരാറും ധാരണാപത്രം വ്യവസ്ഥ ചെയ്യുന്നു.  ധാരണാപത്രത്തിലെ വ്യവസ്ഥകളുടെ നടത്തിപ്പ് വിലയിരുത്തുന്നതിന് സംയുക്ത കമ്മിറ്റി രൂപീകരിക്കാനും തീരുമാനമായി. അതേസമയം, കോവിഡ് നിയന്ത്രണം കാരണം വിമാന സർവീസ് ഇല്ലാത്തതിനാൽ പ്രവാസിഇന്ത്യക്കാർ അനുഭവപ്പെടുന്ന പ്രയാസങ്ങൾ എസ്.ജയ്ശങ്കറും കുവൈത്ത് വിദേശകാര്യമന്ത്രി ഷെയ്ഖ് ഡോ.അഹമ്മദ് നാസർ അൽ മുഹമ്മദ് അൽ സബാഹും ചർച്ച ചെയ്തു. കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹുമായി  എസ്.ജയ്ശങ്കർ കൂടിക്കാഴ്ച നടത്തി.

അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനുള്ള ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത് ജയ്ശങ്കർ പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദിന് കൈമാറി.

MORE IN GULF
SHOW MORE
Loading...
Loading...