‘‘എന്റെ ഷിൻസി പോയാൽ ഞാനെന്തു ചെയ്യും’’; മരണത്തിലും പിരിയാത്ത ആത്മസുഹൃത്തുക്കൾ

nurse-accident
SHARE

റിയാദ്: ജീവിതത്തിലെ കൂട്ട് മരണത്തിലും. കഴിഞ്ഞ ദിവസം സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച കോട്ടയം വയല സ്വദേശി ഷിൻസി ഫിലിപ്പും നെയ്യാറ്റിൻകര സ്വദേശി അശ്വതി വിജയനുമാണു മരണത്തിലും പിരിയാത്ത ആത്മ സുഹൃത്തുക്കളായത്.

ജോലിയും താമസവും ആഘോഷവും യാത്രയുമെല്ലാം ഒന്നിച്ചായിരുന്നുവെന്നു നജ്റാൻ കിങ് ഖാലിദ് ആശുപത്രിയിലെ സഹപ്രവർത്തക കൊല്ലം സ്വദേശി അശ്വതി മഹേഷ് പറഞ്ഞു. ജോലിയിൽ നല്ല ആത്മാർഥതയുള്ളവരായിരുന്നു ഇരുവരും. ഷിൻസി ഐസിയുവിലും അശ്വതി എമർജൻസി വിഭാഗത്തിലുമായിരുന്നു ജോലി. സ്വന്തം ഡിപ്പാർട്മെന്റിലെ ജോലി കഴിഞ്ഞ ശേഷം മറ്റു വിഭാഗങ്ങളിൽ എത്തി എന്തെങ്കിലും ഹെൽപ് വേണോ എന്ന് ചോദിക്കുമായിരുന്നു ഇരുവരും. വേണ്ട സഹായങ്ങളെല്ലാം ചെയ്താണ് മടങ്ങുകയെന്നു പറയുമ്പോൾ സഹപ്രവർത്തകർ വിതുമ്പി. ആർക്ക് എന്തു സഹായത്തിനും വിളിക്കാൻ പറ്റുമായിരുന്നു.

ഇനി അവരില്ലെന്ന് ഓർക്കുമ്പോൾ സഹിക്കാനാവുന്നില്ലെന്നു കണ്ണൂർ സ്വദേശി സിന്ധുവും പറഞ്ഞു. ഷിൻസി സൗദിയിലെ ജോലി രാജിവച്ച് ബഹ്റൈനിലെ ഭർത്താവ് ബിജോ കുര്യന്റെ അടുത്തേക്കു പോകുന്നതിനു മുൻപ് ഉറ്റ സുഹൃത്തുക്കളെല്ലാം ചേർന്ന് 80 കി.മീ അകലെയുള്ള കൂട്ടുകാരിയെ കാണാൻ പോയി തിരിച്ചുവരുന്നതിനിടെയായിരുന്നു അപകടം. 'എന്റെ ഷിൻസി പോയാൽ ഞാനെന്തു ചെയ്യുമെന്ന്' അശ്വതി സഹപ്രവർത്തകരോടു പറയുമായിരുന്നു.

ജോലി രാജിവച്ച് ഷിൻസിയോടൊപ്പം ബഹ്റൈനിലേക്കു പോയാലോ എന്ന ആലോചന അശ്വതിക്കുണ്ടായിരുന്നുവെന്നു സഹപ്രവർത്തകർ പറഞ്ഞു. ഇരുവരും തമ്മിലുള്ള ആത്മബന്ധത്തിന്റെ ഓരോ നിമിഷവും ഫ്രെയിമിലാക്കി പ്രിന്റെടുത്ത് താമസിക്കുന്ന മുറിയിൽ ഒട്ടിച്ചുവച്ചതു കാണുമ്പോൾ സഹിക്കാനാവുന്നില്ലെന്ന് ഇവർ പറഞ്ഞു.

നജ്റാനിൽ നിന്ന് 80 കിലോമീറ്റർ അകലെ താർ ആശുപത്രിയിലെ സുഹൃത്തിനെ കാണാൻ പോയി മടങ്ങവേ വെള്ളിയാഴ്ച രാത്രിയിലുണ്ടായ അപകടത്തിലാണ് രണ്ട് നഴ്സുമാർ മരിച്ചത്.

MORE IN GULF
SHOW MORE
Loading...
Loading...