സൗദിയിൽ ഈ വിഭാഗത്തിലുള്ളവർ ജോലിയ്ക്ക് ഹാജരാകരുത്; പട്ടിക പുറത്ത്

saudi-employees
SHARE

റിയാദ്: സൗദിയിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജോലിസ്ഥലത്ത് ഹാജരാകാൻ പാടില്ലാത്തവരുടെ പട്ടിക പുറത്തിറക്കി മാനവവിഭവ, സാമൂഹിക വികസന മന്ത്രാലയം. ഇനി പറയുന്നവർ പൊതു-സ്വകാര്യ-ലാഭരഹിത സ്ഥാപനങ്ങളിൽ ഹാജരാകരുതെന്നാണ് നിർദേശം.  

60 വയസിന് മുകളിലുള്ളവർ, വിട്ടുമാറാത്ത ശ്വാസകോശ രോഗമോ കടുത്ത ആസ്ത്മയോ കാരണം കഴിഞ്ഞ ആറുമാസത്തിനുള്ളിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ, കഴിഞ്ഞ ഒരു വർഷത്തിനകം കുറഞ്ഞത് ഒരു ഹൃദയാഘാതമെങ്കിലും ഉണ്ടായ ഹൃദ്രോഗികൾ,  പാരമ്പര്യമായി അനീമിയ രോഗം കൊണ്ട് ബുദ്ധിമുട്ടുന്നവർ, രോഗപ്രതിരോധ ശേഷി തീരെയില്ലാത്തവർ, അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയമായവർ, രോഗപ്രതിരോധത്തിനും കാൻസറിനും സ്ഥിരമായി മരുന്ന് കഴിക്കുന്നവർ, ബോഡിമാസ് സൂചിക പ്രകാരം 40 കഴിഞ്ഞ പൊണ്ണത്തടിക്കാർ,  അനിയന്ത്രിതമായ പ്രമേഹമോ മറ്റു വിട്ടുമാറാത്ത  രോഗാവസ്ഥകളോ കാരണം  ബുദ്ധിമുട്ടുന്ന ആളുകൾ,  ഉയർന്ന രക്തസമ്മർദ്ദം കാരണം കഴിഞ്ഞ ആറുമാസത്തിൽ ഒരു തവണയെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ, വൃക്കരോഗികൾ, പരസഹായമോ യന്ത്രസഹായമോ മൂലം കഴിയുന്ന ഭിന്നശേഷിക്കാർ, പഠന വൈകല്യങ്ങൾ കാരണം കോവിഡ്  പ്രതിരോധ നടപടികൾ മനസിലാക്കാനോ പ്രയോഗത്തിൽ വരുത്താനോ കഴിയാത്ത പ്രത്യേക ആവശ്യക്കാർ എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. 

ഈ പറയപ്പെട്ടവർ  പൂർണമായി വാക്സിനേഷൻ നേടിയവരാണെങ്കിൽ  ജോലിക്ക് പോകാമെന്ന് മന്ത്രാലയം വ്യക്തമാക്കി. അതേസമയം അവരുടെ  കുത്തിവയ്പ്പ് സ്റ്റാറ്റസ്  തവക്കൽന ആപ്ലിക്കേഷനിൽ പ്രദർശിപ്പിച്ചിരിക്കണം എന്ന നിബന്ധനയുണ്ട്. അഞ്ച് വിഭാഗങ്ങൾക്ക് മാത്രമാണ് ഇപ്പോൾ സൗദിയിൽ രണ്ടാമത്തെ വാക്‌സിൻ നല്കിത്തുടങ്ങിയിട്ടുള്ളൂ എന്നും അധികൃതർ അറിയിച്ചു.  ഡയാലിസിസിന് വിധേയമാകുന്ന വൃക്ക രോഗികൾ, കാൻസർ രോഗികൾ, അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവർ, പൊണ്ണത്തടിക്കാർ, 60 വയസ് കഴിഞ്ഞവർ എന്നിവരാണവർ.

MORE IN GULF
SHOW MORE
Loading...
Loading...