യൂസഫലി രക്ഷിച്ച മലയാളിക്ക് ഔട്ട്പാസ് ലഭിച്ചു; ഉടൻ നാട്ടിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷ

yusuff-ali-save
SHARE

വധശിക്ഷയിൽ നിന്ന് മോചിതനായ തൃശൂർ പുത്തൻച്ചിറ ചെറവട്ട സ്വദേശി ബെക്സ് കൃഷ്ണൻ നാട്ടിലേയ്ക്ക് മടങ്ങാനുള്ള ഔട്ട് പാസ് ലഭിച്ചു. യാത്രാ രേഖകൾ ലഭ്യമാക്കുന്നതുമായിബന്ധപ്പെട്ട് അബുദാബി ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം ബെക്സിനെ സന്ദർശിച്ചിരുന്നു. മറ്റു നടപടി ക്രമങ്ങൾ പൂർത്തിയാക്കി എത്രയും പെട്ടെന്ന് തന്നെ ബെക്സ് നാട്ടിലേക്ക് യാത്ര തിരിക്കുമെന്ന് ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ പറഞ്ഞു. അബുദാബിയിൽ വാഹനാപകടത്തെ തുടർന്ന് കോടതി വിധിച്ച വധശിക്ഷയിൽ നിന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലിയുടെ സഹായത്താലാണ് ബെക്സ് കൃഷ്ണൻ മോചനം നേടിയത്. 

2012 സെപ്തംബർ ഏഴിനായിരുന്നു അബുദാബിയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ബെക്സിന്റെ ജീവിതം മാറ്റിമറിച്ച അപകടം നടന്നത്. ജോലി സംബന്ധമായി മുസഫയിലേയ്ക്ക് പോകവെ സംഭവിച്ച കാറപടത്തിൽ സുഡാൻ പൗരനായ കുട്ടി മരണപ്പെടുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ നരഹത്യക്ക് കേസെടുത്ത അബുദാബി പൊലീസ് ബെക്സിനെതിരായി കുറ്റപത്രം സമർപ്പിച്ചു. സിസിടിവി തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ, കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് കാർ പാഞ്ഞു കയറിയാണ് മരണം സംഭവിച്ചതെന്ന് തെളിഞ്ഞതിനാലാണ് മാസങ്ങൾ നീണ്ട വിചാരണകൾക്ക് ശേഷം യുഎഇ സുപ്രീം കോടതി 2013-ൽ ബെക്സിനെ വധശിക്ഷയ്ക്ക് വിധിച്ചത്. 

ഇതേതുടർന്ന് തകർന്നുപോയ കുടുംബം, ബന്ധു ടി.സി.സേതുമാധവന്റെ നേതൃത്വത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയെ ബന്ധപ്പെട്ട് മോചനത്തിനായി ഇടപെടണമെന്ന് അപേക്ഷിക്കുകയായിരുന്നു. ‌അപകടത്തിൽ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ നിരന്തര ചർച്ചകളുടെയും ദിയാധനമായി 5 ലക്ഷം ദിർർഹം (ഒരു കോടി രൂപ) നൽകിയതിന്റെയും അടിസ്ഥാനത്തിലാണ് ശിക്ഷ റദ്ദാക്കാൻ കോടതി ഉത്തരവിട്ടത്.

bex-family-save

അതേസമയം, ഇത് രണ്ടാം ജന്മമെന്ന് വിശേഷിപ്പിച്ച ബെക്‌സ്, അല്‍ വത്ബ ജയിലില്‍ തന്നെ കാണാന്‍ എത്തിയ ഇന്ത്യന്‍ എംബസി അധികൃതർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു. ഒൻപതുവർഷങ്ങൾക്ക് ശേഷമുള്ള ബെക്സിൻറെ മടങ്ങിവരവിനായി കാത്തിരിക്കുകയാണ്  തൃശൂർ നടവരമ്പ് ചെറോട്ടായി വീട്ടിൽ മാതാപിതാക്കളും ഭാര്യയും മകനും.

MORE IN GULF
SHOW MORE
Loading...
Loading...