സൊട്രോവിമാബ് മോണോക്ളോണൽ ചികിൽസയ്ക്ക് യുഎഇയിൽ അനുമതി

uaewb
SHARE

യുഎഇയിൽ പുതിയ കോവിഡ് ചികിൽസാരീതിക്ക് അനുമതി നൽകി. സൊട്രോവിമാബ് മോണോക്ളോണൽ ആൻറിബോഡി ചികിൽസയ്ക്കാണ് ആരോഗ്യമന്ത്രാലയം അനുമതി നൽകിയത്. അടിയന്തര ആവശ്യത്തിനായി ഈ മരുന്ന് ഉപയോഗിക്കാൻ അംഗീകാരവും ലൈസൻസും നൽകുന്ന ആദ്യ രാജ്യമാണ് യുഎഇ.

ജി.എസ്.കെ, വീർ ബയോടെക്നോളജി എന്നീ കമ്പനികൾ വികസിപ്പിച്ച സൊട്രോവിമാബ്, യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകരിച്ചതിന് പിന്നാലെയാണ് യുഎഇയിൽ ഉപയോഗിക്കാൻ അനുമതി നൽകിയത്. കോവിഡ് രോഗികളിൽ പരീക്ഷിച്ച് ഫലം കാണുന്നുണ്ടെന്ന് ഉറപ്പുവരുത്തിയശേഷമാണ് അനുമതിയെന്ന് ആരോഗ്യപ്രതിരോധമന്ത്രാലയം വ്യക്തമാക്കി. കോവിഡ് അനുബന്ധ മരണനിരക്ക് 85 ശതമാനത്തോളം കുറയ്ക്കുന്നതിന് സൊട്രോവിമാബ് മോണോക്ളോണൽ ആൻറിബോഡി ചികിൽസ ഫലപ്രദമാണെന്ന് ആരോഗ്യമന്ത്രി മുഹമ്മദ് ബിൻ നാസർ അൽ ഒവൈസ് പറഞ്ഞു. കോവിഡ് രോഗബാധയുടെ ആദ്യഘട്ടത്തിൽ ഉപയോഗിക്കുന്നതിലൂടെ ഗുരുതരാവസ്ഥയിലേക്ക് കടക്കുന്നത് തടയാനാകും. യുഎഇയുടെ കോവിഡ് പോരാട്ടത്തിൽ ഇതൊരു വഴിത്തിരിവാണെന്നും മന്ത്രി വ്യക്തമാക്കി. 12 വയസിന് മുകളിലുള്ള, 40 കിലോയെങ്കിലും ഭാരമുള്ള കുട്ടികൾക്കടക്കം സൊട്രോവിമാബ് നൽകാം. കോവിഡിൻറെ ഏറ്റവും ഗുരുതരമായ വകഭേദങ്ങളെപ്പോലും തടഞ്ഞുനിർത്താനും ഈ മരുന്ന് ഉപകാരപ്പെടുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. അതേസമയം, ഓക്സിജൻ തെറാപ്പിയിൽ തുടരുന്ന കോവിഡ് രോഗികൾക്ക്  സൊട്രോവിമാബ് ഫലപ്രദമാകില്ലെന്ന്  യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. യുഎഇയിലെ കോവിഡ് ചികിൽസാകേന്ദ്രങ്ങളിൽ ഈ ചികിൽസാരീതിയെക്കുറിച്ചുള്ള മാർഗനിർദേശങ്ങൾ കൈമാറിയതായി മന്ത്രാലയം വ്യക്തമാക്കി.

MORE IN GULF
SHOW MORE
Loading...
Loading...