ഒടുവിൽ സ്പൈസ് ജെറ്റ് വിമാനം ദുബായിൽ നിന്നു പറന്നു; വൈകിയത് 32 മണിക്കൂർ

dubai-spice-jet
SHARE

ദുബായ്: ഒടുവിൽ 32 മണിക്കൂറുകള്‍ക്ക് ശേഷം ആ സ്പൈസ് ജെറ്റ് വിമാന യാത്രക്കാർ കോഴിക്കോട്ടേയ്ക്ക് പറന്നു. ഇന്നലെ പുലർച്ചെ 4.55 ന് ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ രണ്ടിൽ നിന്ന് കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിലേയ്ക്ക് പുറപ്പെടേണ്ട സ്പൈസ് ജെറ്റ് എസ് ജി 141 വിമാനം ഇന്ന് രാവിലെ എട്ടരയോടെയാണ് പറന്നുയർന്നത്. 

സ്ത്രീകളും കുട്ടികളുമടങ്ങുന്ന 130 യാത്രക്കാരായിരുന്നു  ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ രണ്ടിൽ അനിശ്ചിതമായി ദുരിതത്തിലായിരുന്നത്. വെള്ളിയാഴ്ച അർധരാത്രിയോടെ വിമാനത്താവളത്തിലെത്തിയ ഇവർക്കു ബോർഡി‍ങ് കഴിഞ്ഞ ശേഷമാണ് വിമാനം കൃത്യ സമയത്ത് പുറപ്പെടില്ലെന്ന അറിയിപ്പ് ലഭിച്ചത്. വിമാനത്തിന് സാങ്കേതിക തകരാറാണെന്നും പ്രശ്നം പരിഹരിച്ച് വൈകാതെ പുറപ്പെടുമെന്ന പതിവ് പല്ലവി സ്പൈസ് ജെറ്റ് കൗണ്ടറിലെ ഉദ്യോഗസ്ഥരിൽ നിന്ന് യാത്രക്കാരെ തേടിയെത്തി. 

അതു വിശ്വസിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. എന്നാൽ രാവിലെയായിട്ടും വിമാനം പുറപ്പെടാൻ ഉദ്ദേശ്യമില്ലെന്ന മനസിലാക്കിയതോടെ യാത്രക്കാർ വീണ്ടും ബഹളം വച്ചു. സന്ദർശക വീസാ കാലാവധി കഴിഞ്ഞ് മടങ്ങുന്നവരും അമ്മയ്ക്കും മറ്റു കുടുംബാംഗങ്ങൾക്കുമെല്ലാം കോവി‍ഡ് ബാധിച്ചതിനെ തുടർന്നുള്ള അടിയന്തര ആവശ്യങ്ങൾക്ക് പോകുന്നവരും ഒട്ടേറെയുണ്ടായിരുന്നു. അന്വേഷിക്കുമ്പോഴെല്ലാം പ്രശ്നം ഉടൻ പരിഹരിക്കുമെന്നായിരുന്നു മറുപടി. കൈക്കുഞ്ഞുങ്ങളുമായി യാത്രയ്ക്കൊരുങ്ങിയ കുടുംബം ആകെ പ്രതിസന്ധിയിലായി. കുട്ടിയുമായി നാട്ടിലേയ്ക്ക് ഒറ്റയ്ക്ക് പുറപ്പെട്ട യുവാവ് പോലും കൂട്ടത്തിലുണ്ടായിരുന്നു. 

യാത്രക്കാർക്കെല്ലാം മൂന്ന് നേരവും ഭക്ഷ‌ണം സ്പൈസ് ജെറ്റ് അധികൃതർ നൽകിയിരുന്നു. 10 കുടുംബങ്ങൾക്ക് ഹോട്ടലിൽ താമസ സൗകര്യവുമൊരുക്കി. എന്നാൽ യാത്ര അനിശ്ചിതമായി നീണ്ടതോടെ യാത്രക്കാർ സഹികെട്ട് ബഹളം വയ്ക്കുകയും ഇന്ന് രാവിലെ യാത്ര പുറപ്പെടാനാകുമെന്ന് വിമാനത്താവള ഉദ്യോഗസ്ഥൻ അറിയിക്കുകയും ചെയ്തു. 

MORE IN GULF
SHOW MORE
Loading...
Loading...