പീഡനം, ബോധരഹിതയായി; ചതിക്കപ്പെട്ട് മലയാളി യുവതികൾ; പിന്നിലും മലയാളികൾ

ajman-job-fruad
SHARE

അജ്മാൻ : വീസാ തട്ടിപ്പിൽപ്പെട്ട് യുഎഇയിലും ഒമാനിലും ദുരിതത്തിൽ കഴിയുന്ന രണ്ടു മലയാളി യുവതികൾ രക്ഷപ്പെടാൻ വഴി തേടുന്നു. അജ്മാനിലെ വീസാ ഏജന്റായ ഒരു മലയാളി സ്ത്രീയും ഭർത്താവും ചേർന്ന് തങ്ങളെ ഉപദ്രവിക്കുന്നതെന്ന് പറഞ്ഞ് വിലപിക്കുന്ന ഇരുവരുടെയും ശബ്ദസന്ദേശങ്ങളും വിഡിയോ ദൃശ്യങ്ങളും മനോരമ ഒാണ്‍ലൈനിന് ലഭിച്ചു.

മൂവാറ്റുപ്പുഴ സ്വദേശി എൽസി, എറണാകുളം കിഴക്കമ്പലത്ത് വാടക വീട്ടിൽ താമസിക്കുന്ന ഗ്ലോറി അലക്സ് എന്നിവരാണ് മാസങ്ങളായി പീഡനം അനുഭവിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 20നാണ് എൽസി എറണാകുളത്ത് നിന്ന് വിമാനം കയറിയത്. പ്രതിമാസം 25,000 രൂപ ശമ്പളത്തിന് വീട്ടുജോലിയായിരുന്നു വാഗ്ദാനം. അജ്മാനിലേയ്ക്ക് കൊണ്ടുവന്ന് മലയാളിയായ വീസാ ഏജന്റിന്റെ ചെറിയ ഫ്ലാറ്റിൽ താമസിപ്പിച്ചു. അവിടെ എൽസി, ഗ്ലോറി എന്നിവരെ കൂടാതെ, മൂപ്പതിലേറെ ഇന്ത്യൻ യുവതികളുണ്ടായിരുന്നു. ഇവരിൽ കുറച്ച് പേർ പലയിടങ്ങളിലായി ഇപ്പോൾ വീട്ടുജോലി ചെയ്യുന്നു. 

എൽസിയെ മാർച്ച് 23ന് അൽ െഎനിലെ ഒരു വീട്ടിൽ ജോലിക്ക് നിർത്തി. എന്നാൽ, കഠിനമായ ജോലിയുള്ളതിനാലും നാട്ടിൽ ബസിൽ നിന്ന് വീണ് കാൽമുട്ടിന് പരുക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയ ആയിരുന്നതിനാലും വേദന അസഹ്യമായതോടെ ജോലി ചെയ്യാൻ പറ്റാതെയായി. കൂടാതെ, രാത്രി കിടക്കാൻ പോലും മതിയായ സൗകര്യം നല്‍കിയില്ലെന്ന് എൽസി പറയുന്നു. 

തുടർന്ന് ജോലി ചെയ്യാൻ ഒട്ടും സാധ്യമാകാത്തപ്പോൾ ഏജന്റിന്റെ വീട്ടിലേയ്ക്ക് കൊണ്ടുവന്നു. ഇതിന്റെ വണ്ടിക്കൂലി പോലും 100 ദിർഹം ഇൗടാക്കി. എന്നാൽ, നാട്ടിലേയ്ക്ക് പോകണമെങ്കിൽ അരലക്ഷം രൂപ നൽകണമെന്നാണ് ഏജന്റ് പറയുന്നതെന്ന് എൽസി മനോരമ ഒാൺലൈനിനോട് പറഞ്ഞു. ഇവരുടെ പാസ്പോർട്ടും ഏജന്റ് പിടിച്ചുവച്ചിരിക്കുകയാണ്. തന്നെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണമെന്നും നാട്ടിലേയ്ക്ക് പോയി ചികിത്സയ്ക്ക് സഹായിക്കണമെന്നും എൽസി ഇന്ത്യൻ കോൺസുലേറ്റ് അധികൃതരോടും സാമൂഹിക പ്രവർത്തകരോടും അഭ്യർഥിക്കുന്നു. നാട്ടിൽ നിന്ന് എൽസിയുടെ ഭർത്താവും മക്കളുമെല്ലാം കേണപേക്ഷിച്ചിട്ടും ഏജന്റ് കനിയുന്നില്ലത്രെ. ഫ്ലാറ്റിൽ നിന്ന് വിട്ടയക്കാത്തതിനാൽ അധികൃതർക്ക് പരാതി നൽകാനും സാധിക്കുന്നില്ല. 

ഗ്ലോറിയെ ചതിച്ചത് എറണാകുളത്തെ ട്രാവൽ ഏജന്റ്

എറണാകുളം കിഴക്കമ്പലത്ത് വാടക വീട്ടിൽ താമസിച്ച് ഒരു കടയിൽ ജോലി ചെയ്തിരുന്ന ഗ്ലോറി അലക്സിനെ നഗരത്തിലെ ഒരു ട്രാവൽ ഏജൻസിയിലെ ദിനേശ് എന്നയാളാണ് ജനുവരി 20ന് യുഎഇയിലെത്തിച്ചത്. വലിയ ബുദ്ധിമുട്ടില്ലാത്ത വീട്ടുജോലിയും പ്രതിമാസം 25,000 രൂപ ശമ്പളവുമായിരുന്നു വാഗ്ദാനം. ഒരു ശസ്ത്രക്രിയക്ക് വിധേയയാതിനാൽ ഏഴ് ലക്ഷം രൂപ കടബാധ്യതയുള്ള ഗ്ലോറിയെ പ്രലോഭനങ്ങളിൽ വീഴ്ത്താൻ ദിനേശിന് പ്രയാസമുണ്ടായില്ല.

അജ്മാനിൽ എൽസി താമസിക്കുന്ന ഏജന്റിന്റെ അതേ ഫ്ലാറ്റില്‍ മറ്റ് ഒട്ടേറെ യുവതികളോടൊപ്പം രണ്ടര മാസത്തോളം താമസിപ്പിച്ചു. കൃത്യമായി ഭക്ഷണം പോലും നൽകിയില്ല. കൂടാതെ, ഏജന്റിന്റെ ഭർത്താവിന്റെ സ്വഭാവം ശരിയല്ലാത്തതിനാൽ ഭയന്നാണ് തങ്ങൾ കഴിഞ്ഞതെന്ന് ഗ്ലോറി പറയുന്നു. 

ഒരാഴ്ചയ്ക്കുള്ളിൽ ജോലിയിൽ പ്രവേശിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും 55 ദിവസത്തിന് ശേഷം നല്ല ശമ്പളം കിട്ടുമെന്ന് പറഞ്ഞ് ഒമാനിലേയ്ക്ക് അയച്ചു. 16 അംഗങ്ങളുള്ള മൂന്ന് നില വീട്ടിലാണ് ജോലി. രാവിലെ ആറ് മുതൽ രാത്രി 11.30 വരെ ഇടവേളയില്ലാതെ പണിയെടുക്കണം. 18,000 രൂപയാണ് ശമ്പളം ലഭിച്ചത്. ജോലി ചെയ്ത് തളർന്നുപോയ രോഗിയായ താൻ പലപ്പോഴും ബോധശൂന്യയായി നിലം പതിച്ചുവെന്നും ഇവർ പറഞ്ഞു. വേറെ സ്ഥലത്ത് ജോലി തരുമോ എന്ന് ചോദിച്ചപ്പോൾ അജ്മാനിലെ ഏജന്റ് ചീത്ത പറഞ്ഞു. നാട്ടിലേയ്ക്ക് പോകണമെങ്കിൽ അരലക്ഷം രൂപയാണ് ആവശ്യപ്പെടുന്നത്. എത്രയും പെട്ടെന്ന് നാട്ടിലേയ്ക്ക് പോകണമെന്നും ഇല്ലെങ്കിൽ ഒമാനിൽ കിടന്ന് മരിച്ചുപോകുമെന്നും ഇവർ മനോരമ ഒാൺലൈനിനോട് പറഞ്ഞു. 

ഏജന്റുമാർ കൈക്കലാക്കുന്നത് വൻ സംഖ്യ

സൗജന്യ വീസയും വിമാന ടിക്കറ്റും ആകർഷകമായ ശമ്പളവും വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ചാണ് ഇന്ത്യയിൽ നിന്ന് യുവതികളെ ഇൗ ഏജന്റുമാർ യുഎഇയിലെത്തിക്കുന്നത്. അജ്മാനിലെ വനിതാ ഏജന്റ് തന്റ് ചെറിയ ഫ്ലാറ്റിൽ ഒരേ സമയം 30ലേറെ പേരെ താമസിപ്പിക്കുന്നു. ഇവരെ പിന്നീട് പല ഭാഗങ്ങളിലേയ്ക്ക് വീട്ടുജോലിക്ക് നിർത്തുകയാണ് ചെയ്യുന്നത്. ചിലർക്ക് ജോലി കിട്ടാൻ മാസങ്ങളോളം വൈകും. എന്നാൽ, ഇത്രയും ദിവസത്തെ ശമ്പളമൊന്നും നൽകുകയില്ല. മാത്രമല്ല, കൃത്യമായ ഭക്ഷണം പോലും നൽകാതെ ദുരിതത്തിലേയ്ത്ത് തള്ളിയിടുന്നു. 

യുവതികൾ എത്തിയ ഉടനെ പാസ്പോർട് ഏജന്റ് കൈക്കലാക്കുന്നതോടെ രക്ഷാവാതിലുകൾ അടയുന്നു. ജോലിയുടെ കാഠിന്യത്തേക്കുറിച്ച് ഏജന്റിനെ അറിയിച്ചാൽ മോശമായ വാക്കുകളാലാണ് പ്രതികരണം. ഇത്തരത്തിൽ ഏജന്റുമായി തർക്കുന്ന വിഡിയോയാണ് ഇവിടെ നിന്ന് നാട്ടിലെത്തിയ യുവതികൾ പുറത്തുവിട്ടത്. 

സൗജന്യമായി നൽകുന്ന വീസ, വിമാന ടിക്കറ്റ് നിരക്കിന്റെ ഇരട്ടി തുകകൾ ഏജന്റ് വളരെ പെട്ടെന്ന് സമ്പാദിക്കുന്നു. യുഎഇയിൽ വീട്ടുജോലിക്കാരെ കൊണ്ടുവരാനും ജോലിക്ക് നിർത്താനും ഏറെ കടമ്പകൾ കടക്കേണ്ടതുള്ളതിനാൽ ചോദിക്കുന്ന പണം നൽകിയാണ് സമ്പന്നർ യുവതികളെ ജോലിക്ക് നിർത്തുന്നത്. ഇവരുടെ വീസയുടെ പണം പോലും തൊഴിലുടമയാണ് അടയ്ക്കുക. എന്നിട്ടും അസുഖങ്ങൾ കാരണം ജോലി ചെയ്യാൻ കഴിയാതെ തിരിച്ചുപോകണമെന്ന് പറയുന്നവരോട് വൻ തുക ആവശ്യപ്പെട്ട് ഏജന്റുമാർ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണ്. ഇൗ ഏജന്റുമാർക്ക് അജ്മാനിലെ ചില ഇന്ത്യൻ അസോസിയേഷനുകളുടെ രഹസ്യപിന്തുണയുള്ളതായി ആരോപണം നിലനിൽക്കുന്നുണ്ട്. തനിക്കെതിരെ ഇന്ത്യൻ അധികൃതരെയോ മറ്റോ സമീപിച്ചാൽ ഒന്നും സംഭവിക്കില്ലെന്ന് ഏജന്റിന്റെ വ്യക്തമായ വാക്കുകൾ വിഡിയോയിൽ കേൾക്കാം. ഇത് ഇൗ ആരോപണം അരക്കിട്ടുറപ്പിക്കുന്നു.

വീസാ–ജോലി തട്ടിപ്പ് വീണ്ടും സജീവം

കോവിഡ്19 വ്യാപനത്തെ തുടർന്ന് കുറഞ്ഞിരുന്ന വീസാ–ജോലി തട്ടിപ്പ് സംഭവങ്ങൾ വീണ്ടും പെരുകി. അജ്മാനിൽ തന്നെയാണ് മലയാളി യുവതികളടക്കം നൂറുകണക്കിന് ഇന്ത്യക്കാർ വീസാ തട്ടിപ്പിൽ കുടുങ്ങിക്കിടക്കുന്നത്. 

കേരളത്തിൽ നിന്നും തമിഴ്നാട്, ഉത്തരേന്ത്യ, ബിഹാർ, മഹാരാഷ്ട്ര, ഡൽഹിയുടെ ഉൾഭാഗങ്ങൾ, ഗുജറാത്ത് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമുള്ള പാവപ്പെട്ടവരാണ് കൂടുതലും. വാഗ്ദാനം ചെയ്തിരുന്ന ജോലിയോ, വൃത്തിയും സൗകര്യവുമുള്ള താമസ സ്ഥലമോ ദിവസം ഒരുനേരമെങ്കിലും കൃത്യമായ ഭക്ഷണമോ ഇല്ലാതെ അജ്മാൻ നഗരത്തിലെ കുടുസ്സു മുറികളിൽ കണ്ണീരൊഴുക്കി കഴിയുകയാണ് ഇവരെല്ലാം. മാധ്യമങ്ങളിൽ വാർത്ത വരുമ്പോൾ മാത്രം ഇടപെടുന്ന ഇന്ത്യൻ അധികൃതരും ഇന്ത്യക്കാരുടെ സേവകരാണെന്ന് പറയുന്ന സംഘടനകളും പക്ഷേ, ഇത്തരം തട്ടിപ്പുകൾ തടയാനുള്ള ശാശ്വത നടപടികൾ സ്വീകരിക്കുന്നില്ല.

വിദ്യാസമ്പന്നവർ; പക്ഷേ, ചതിയിൽപ്പെട്ട് പണം കളയുന്നു

എൽസിയെയും ഗ്ലോറിയെയും പോലുള്ള പാവപ്പെട്ട സ്ത്രീകൾ മാത്രമല്ല, ഉയർന്ന വിദ്യാഭ്യാസമുള്ള യുവാക്കൾ പോലും ഏജന്റുമാരുടെ ചതികളിൽപ്പെട്ടുപോകുന്നു. ഇവരെ വല വീശിപ്പിടിക്കാൻ നാട്ടിലെ ചില ട്രാവൽ ഏജൻസികളുമായി അജ്മാനിലെ സ്ത്രീ ഏജന്റ് കൂട്ടുകെട്ടുണ്ടാക്കിയിട്ടുണ്ട്. യുവാക്കൾക്ക് വൻ ശമ്പളമാണ് വാഗ്ദാനം ചെയ്യുന്നത്. വീസ, വിമാന ടിക്കറ്റ് എന്നിവയ്ക്ക് അവരവർ തന്നെ പണം മുടക്കണം. വൻതുക വസൂലാക്കി തൊഴിൽ വീസയെന്ന് പറഞ്ഞ് ഒന്നോ, മൂന്നോ മാസത്തെ സന്ദർശക വീസയാണ് നൽകാറ്. എന്നാൽ സ്ത്രീകളാകുമ്പോൾ വീട്ടുജോലിക്ക് നിർത്തിയാൽ വലിയ തുക കൈവരുന്നതിനാൽ വീസ, വിമാന ടിക്കറ്റ് സൗജന്യമായി നൽകുന്നു.

ജോലി തട്ടിപ്പ്; ജാഗ്രത പുലർത്തുക

1980കളിൽ തുടങ്ങിയ വീസാ–ജോലി തട്ടിപ്പാണ് അജ്മാൻ കേന്ദ്രീകരിച്ച് ഇപ്പോഴും നടന്നുവരുന്നതെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു. ഇപ്പോഴും ഇത്തരം തട്ടിപ്പുകളിൽ വീണ് പണവും സമയവും ആരോഗ്യവും നഷ്ടപ്പെടുത്തുന്നവരിൽ വിദ്യാസമ്പന്നരായ മലയാളി യുവതീ യുവാക്കളുണ്ടെന്ന കാര്യം അത്ഭുതം തന്നെ. പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും മാർഗനിർദേശം നൽകാനും നോർക്ക(http://www.norkaroots.net/jobportal.htm) പോലുള്ള സർക്കാർ സംവിധാനങ്ങൾ കേരളത്തിൽ സജീവമായിരിക്കെ ഇതൊന്നുമറിയാതെ, അല്ലെങ്കിൽ ഗൗരവത്തിലെടുക്കാതെ കെണിയിലകപ്പെടുകയാണ് ചെയ്യുന്നത്. ഇതിനെതിരെ പഞ്ചായത്ത് തലത്തിൽ അവബോധം സൃഷ്ടിക്കാൻ അധികൃതർ തയ്യാറാകേണ്ടിയിരിക്കുന്നു. ജോലി തട്ടിപ്പുകാര്‍ക്കെതിരെ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് യുഎഇ, ഇന്ത്യൻ അധികൃതർ എല്ലായ്പോഴും മുന്നറിയിപ്പ് നൽകുന്നുണ്ട്. യഥാർഥ റിക്രൂട്ടിങ് ഏജൻസികൾ ഒരിക്കലും ഉദ്യോഗാർഥികളിൽ നിന്ന് ഫീസ് ഇൗടാക്കുകയില്ലെന്നും ഒാർമിപ്പിക്കുന്നു. 

ഒരാൾക്ക് വിദേശത്ത് ജോലി വാഗ്ദാനം ലഭിച്ചാൽ, ആ കമ്പനി അവിടെയുള്ളതാണോ, അങ്ങനെയൊരു ജോലി ഒഴിവുണ്ടോ എന്നൊക്കെ കണ്ടെത്താൻ ആധുനിക സാങ്കേതിക വിദ്യ വളർന്നുപന്തലിച്ച ഇക്കാലത്ത് വലിയ മെനക്കേടില്ല. വിദേശത്തെ കമ്പനിയുടെ ഹ്യൂമൻ റിസോഴ്സ് വിഭാഗവുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തിയ ശേഷമേ പണം കൈമാറ്റം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിലേയ്ക്ക് കടക്കാവൂ. ഉത്തരേന്ത്യയിലും മറ്റുമാണ് ഇത്തരം തട്ടിപ്പുകൾ ഏറെയും നടക്കുന്നത്. ഇതിൽപ്പെട്ട് ഒട്ടേറെ പെൺകുട്ടികളുടെയും യുവതികളുടെയും ജീവിതം നശിക്കുകയും കുടുംബങ്ങൾ തകരുകയും ചെയ്യുന്നുണ്ട്. ഇന്ത്യൻ സർക്കാർ ഇൗ വിഷയത്തിൽ അടിയന്തര ശ്രദ്ധ പുലർത്തേണ്ടിയിരിക്കുന്നു.

വ്യാജ തൊഴിൽ കരാർ: യുഎഇ പറയുന്നത് 

വ്യാജ തൊഴിൽ കരാറും ഓഫർ ലറ്ററുകളും കാണിച്ച് പണം തട്ടുന്ന സംഭവം ഏറെയാണ്. യുഎഇയിലെ വിവിധ സ്ഥാപനങ്ങളുടെ പേരിൽ വിദേശത്തെ തൊഴിലന്വേഷകരിൽ നിന്നാണ് വ്യാജകരാറൂകൾ വഴി പണം തട്ടുന്നത്. യുഎഇയിലേക്ക് വീസയിൽ വരുന്നതിനു മുൻപ് പ്രാഥമിക പടിയായി ഓഫർ ലറ്റർ നൽകും. ലഭിക്കാൻ പോകുന്ന തൊഴിൽ സംബന്ധിച്ച വിശദാംശങ്ങൾ അടങ്ങിയ ഈ പത്രികയും തൊഴിൽ കരാറും കാണിച്ചാണ് ചില സംഘം വിദേശത്തുള്ള ഉദ്യോഗാർഥികളെ കബളിപ്പിച്ച് പണം തട്ടുന്നത്. മോഹിപ്പിക്കുന്ന ശമ്പളവും തൊഴിൽ ആനുകൂല്യങ്ങളുമാണ് കരാറിൽ കാണിക്കുക. 

വീസാ ചെലവ് വഹിക്കേണ്ടത് തൊഴിലുടമ

യുഎഇയിൽ വീസ ലഭിക്കുന്നതിനുള്ള മുഴുവൻ ചെലവുകളും വഹിക്കേണ്ടത് തൊഴിലുടമയാണ്. അതു കൊണ്ട് വീസ ലഭിക്കാൻ ആർക്കും പണം കൈമാറരുതെന്ന് അധികൃതർ വ്യക്തമാക്കുന്നു. തൊഴിൽ കരാറിന്റെ പേരിൽ ചെക്കിലോ മറ്റു രേഖകളിലോ ഒപ്പിട്ട് നൽകാനും പാടില്ല. ഔദ്യോഗിക സ്ഥാപനങ്ങളുമായല്ലാതെ കരാറുകൾ രൂപപ്പെടുത്തരുത്. തൊഴിൽ പരസ്യങ്ങൾ പത്രമാധ്യമങ്ങളിലോ മറ്റോ ഔദ്യോഗികമായി പ്രദ്ധിദ്ധപ്പെടുത്തുന്നതോ മാത്രം അവലംബിക്കുക. ഏതെങ്കിലും വ്യക്തികളെയോ അടിസ്ഥാനമില്ലാത്ത വെബ് സൈറ്റുകളെയോ അവലംബിച്ച് വീസയ്ക്കായി ഇടപാടുകൾ നടത്തരുത്. തൊഴിൽ ഓഫർ ലഭിച്ചാൽ ഏജൻസികൾ വഴിയോ മറ്റോ സ്ഥാപനങ്ങളുടെ സ്ഥിരതയും സത്യസന്ധതയും ഉറപ്പാക്കണമെന്ന് അധികൃതർ അറിയിച്ചു.

MORE IN GULF
SHOW MORE
Loading...
Loading...