പെരുന്നാൾ നിറവിൽ പ്രവാസികൾ; നിയന്ത്രണങ്ങൾക്കുള്ളിൽ ആഘോഷം

gulfeid-04
SHARE

റമസാൻ 30 പൂർത്തിയാക്കി ഗൾഫിലെ പ്രവാസിമലയാളികളടക്കമുള്ള വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ്. ഒത്തുചേരലുകൾക്ക് വിലക്കുള്ളതിനാൽ താമസയിടങ്ങളിലാണ് ആഘോഷങ്ങൾ. മക്കയും മദീനയും ഉൾപ്പെടെയുള്ള പള്ളികളിൽ നിയന്ത്രണങ്ങളോടെ വിശ്വാസികൾ പെരുന്നാൾ നമസ്കാരം നടത്തി.

കോവിഡ് മഹാമാരി പിടിമുറുക്കിയതിന് ശേഷമുള്ള രണ്ടാമത്തെ ചെറിയ പെരുന്നാൾ നിയന്ത്രണങ്ങളോടെയാണ് പ്രവാസി മലയാളികളടക്കമുള്ള വിശ്വാസികൾ ആഘോഷിക്കുന്നത്. ഗൾഫിൽ കഴിഞ്ഞവർഷത്തേതിനേക്കാൾ കോവിഡ് ദുരിതം കുറഞ്ഞിരിക്കുന്നതിൻറെ ആശ്വാസത്തിലാണ്  വിശ്വാസികൾ. ഇത്തവണ പള്ളികളിലും മുസല്ലകളിലും സാമൂഹികഅകലം ഉറപ്പുവരുത്തി വിശ്വാസികൾക്ക് പെരുന്നാൾ നമസ്കാരത്തിന് അനുമതി നൽകിയിരുന്നു. യുഎഇ, സൌദി, ഖത്തർ എന്നിവിടങ്ങളിൽ അനുവദിച്ച ഈദ് ഗാഹുകളിൽ വിശ്വാസികൾ പ്രാർഥനാനിരതരായി. മക്കയിലും മദീനയിലും വലിയ തിരക്കുകളില്ലാതെയായിരുന്നു പ്രാർഥനയ്ക്ക് സൌകര്യമൊരുക്കിയത്. മഹാമാരിയിൽ നിന്ന് മോചനം നൽകണമേയെന്ന പ്രാർഥനയാണ് വിശുദ്ധനഗരങ്ങളിൽ ഉയർന്നുകേട്ടത്.

രണ്ടാം തരംഗം ശക്തമായിരുന്നിട്ടും ഒരു തീർഥാടകന് പോലും കോവിഡ് സ്ഥിരീകരിച്ചില്ലെന്ന ആശ്വാസത്തോടെയാണ് വിശുദ്ധ നഗരങ്ങളിൽ റമസാൻ പൂർത്തിയാക്കിയത്. ഒത്തുചേരലുകൾക്കും ഭക്ഷണവിതരണങ്ങൾക്കും അനുമതിയില്ലാത്തതിനാൽ പ്രവാസി മലയാളികളടക്കമുള്ളവർ താമസയിടങ്ങളിലാണ് പെരുന്നാൾ ആഘോഷിക്കുന്നത്. നാട്ടിൽ കോവിഡ് വ്യാപനം രൂക്ഷമായതിനാലും ഇന്ത്യയിൽ നിന്ന് നാല് ഗൾഫ് രാജ്യങ്ങളിലേക്ക് നേരിട്ട് പ്രവേശനാനുമതിയില്ലാത്തതിനാലും പ്രവാസിമലയാളികൾ പലരും പെരുന്നാൾ അവധിക്ക് നാട്ടിലേക്ക് പോകാതെ പ്രവാസലോകത്ത് തുടരുകയാണ്. 

MORE IN GULF
SHOW MORE
Loading...
Loading...