ഒമാനില്‍ കര്‍ശന നിയന്ത്രണങ്ങള്‍; ഈ മാസം 15 വരെ തുടരും

oman
SHARE

ഒമാനില്‍ വ്യാപാര വിലക്കുള്‍പ്പടെ സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ച കര്‍ശന നിയന്ത്രണങ്ങള്‍ ഇന്ന് നിലവിൽ വരും. വൈകിട്ട് ഏഴുമണി മുതല്‍ പുലര്‍ച്ചെ നാലു വരെ യാത്രാ വിലക്കുണ്ടായിരിക്കും. ഈ മാസം 15 വരെ നിയന്ത്രണങ്ങള്‍ തുടരും.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചെറിയ പെരുന്നാൾ അവധികൂടി കണക്കിലെടുത്താണ് ഒമാൻ സുപ്രീം കമ്മിറ്റി നിലവിലുള്ള നിയന്ത്രണങ്ങൾ കടുപ്പിച്ചത്. ആവശ്യ വസ്തുക്കളുടെ ഇടപാടുകളൊഴികെ എല്ലാ വാണിജ്യ പ്രവർത്തനങ്ങളും വിലക്കിയിട്ടുണ്ട്. ഉപഭോക്താക്കളെ അകത്ത് പ്രവേശിപ്പിക്കാതെ റസ്റ്റോറന്റുകള്‍ക്കും കഫേകള്‍ക്കും പ്രവര്‍ത്തിക്കാം. ഭക്ഷ്യോത്പ്പന്നങ്ങൾ വിൽക്കുന്ന കടകൾ, പെട്രോൾ പമ്പുകൾ, ആരോഗ്യ ക്ലിനികുകളും ആശുപത്രികളും, ഫാർമസികൾ, ഹോം ഡെലിവറി സേവനങ്ങൾ എന്നിവ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കും. 

ആരോഗ്യപ്രവർത്തകർ, ജല, വൈദ്യുതി മേഖലകളിലെ അത്യാവശ്യ സര്‍വീസുകള്‍, സ്വകാര്യ ആശുപത്രികളിലെയും ഫാര്‍മസികളിലെയും രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർ, സര്‍ക്കാര്‍, സ്വകാര്യ മാധ്യമ  സ്ഥാപനങ്ങളിലെ ജീവനക്കാര്‍, തുടങ്ങിയവർക്ക്  രാത്രിയിലെ യാത്രാവിലക്കിൽ നിന്ന് ഇളവ് അനുവദിച്ചിട്ടുണ്ട്. ബാങ്ക്, ഓഡിറ്റിംഗ്, അക്കൗണ്ടിങ് ഓഫിസുകള്‍, നിര്‍മാണ കരാര്‍ കമ്പനികള്‍, ഇന്‍ഷ്വറന്‍സ് കമ്പനികള്‍, കണ്‍സൾട്ടൻസികൾ തുടങ്ങിയവയ്ക്ക് ഉപഭോക്താക്കളെ സ്വീകരിക്കാതെ പ്രവർത്തിക്കാനാകും. ചെറിയപെരുന്നാളിനടക്കം ഒത്തുചേരലുകൾ ഒഴിവാക്കിയിട്ടുണ്ട്. നിയന്ത്രണങ്ങൾ എല്ലാവരും പാലിക്കണമെന്നും നിരീക്ഷണം ശക്തമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

MORE IN GULF
SHOW MORE
Loading...
Loading...