പങ്കുവയ്ക്കലിന്റെ റമസാൻ; കരുതലിന്റെ ഭക്ഷണമൊരുക്കി പ്രവാസലോകം; കാഴ്ചകൾ

gulf-ifthar
SHARE

പങ്കുവയ്ക്കലിൻറെ കാലം കൂടിയാണ് റമസാൻ. കോവിഡ് കാലത്ത് തൊഴിലാളി ക്യാംപുകളിലടക്കം നോമ്പുതുറകൾ സംഘടിപ്പിക്കുന്നതിന് ഇത്തവണ നിയന്ത്രണങ്ങളുണ്ട്. എങ്കിലും കരുതലിൻറെ ഭക്ഷണം പങ്കുവയ്ക്കുന്ന കാഴ്ചകൾ സജീവമാണ്. റമസാൻറെ അവസാന പത്തിലെ ആ കാഴ്ചകളാണ് നാം ഇനി കാണുന്നത്.

കോവിഡ് മഹാമാരിക്കു മുൻപ് റമസാൻ മാസത്തിലെ ഓരോ നോമ്പുതുറകളും ഇങ്ങനെയായിരുന്നു. എന്നാൽ, മഹാമാരിയുടെ കടന്നുവരവോടെ ഈ കൂടിച്ചേരലുകൾ ഒഴിവായി. എങ്കിലും കാരുണ്യത്തിൻറെ കാഴ്ചകളാണ് പ്രവാസലോകത്ത് കാണുന്നത്. തൊഴിലാളി ക്യാംപുകളിലുള്ളവർക്ക് റമസാൻ നോമ്പ് തുറക്കാൻ ഭക്ഷണമെത്തിക്കുന്ന സംവിധാനങ്ങൾ ആറ് ഗൾഫ് രാജ്യങ്ങളിലും നിയന്ത്രണങ്ങളോടെ ഒരുക്കിയിട്ടുണ്ട്. 

കോവിഡ് പ്രതിസന്ധിക്കിടയിലും അത്തരം കാരുണ്യ പ്രവർത്തനങ്ങൾക്കു മാതൃകയാവുകയാണ് ദുബായിലെ അംഗീകൃത സംഘടനയായ മോഡൽ സർവീസ് സൊസൈറ്റി. റമസാനിൽ യുഎഇയിലെ വിവിധതൊഴിലാളി ക്യാംപുകളിലായി ദിവസേന 4000ത്തിലേറെ പേർക്കു ഭക്ഷണവും 5000 കുടുംബങ്ങൾക്ക്  ഭക്ഷ്യോൽപന്ന കിറ്റുകളുമാണ് എം.എസ്.എസ് വിതരണം ചെയ്യുന്നത്. 

നിസ്വാർഥ സേവനത്തിന് വ്രതാനുഷ്ഠാനം തടസ്സമല്ലെന്ന് തെളിയിച്ച് 50ലേറെ സന്നദ്ധ സേവകർ ഭക്ഷണവിതരണത്തിന് സജീവമാണ്. ജബൽഅലി, ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക്, അൽഖൂസ്‌, സോനാപൂർ, ഷാർജയിലെ സജ വ്യവസായ മേഖല തുടങ്ങി കുറഞ്ഞവരുമാനക്കാർ താമസിക്കുന്ന തൊഴിലാളി ക്യാംപുകൾ കേന്ദ്രീകരിച്ചാണ് ദിവസേന കിറ്റ് വിതരണം ചെയ്യുന്നത്. കോവിഡ് മൂലം ജോലി നഷ്ടപ്പെട്ടും ശമ്പളം കുറഞ്ഞതും കാരണം നിത്യജീവിതത്തിന് ബുദ്ധിമുട്ടുന്നവരെയും എംഎസ്എസ് സഹായിക്കുന്നുണ്ട്. വിവിധരാജ്യക്കാരായ തൊഴിലാളികൾക്ക് ഏറെ സഹായകരമാണ് ഭക്ഷ്യ വിതരണം.

ദുബായ്, ഷാർജ, അജ്മാൻ എമിറേറ്റുകളിലെ താമസിക്കുന്ന നിർധന കുടുംബങ്ങൾക്ക്  ഒരു മാസത്തേക്ക് അവശ്യമായ ഭക്ഷണ  കിറ്റുകൾ സി.സി.ഐഎ.., ഐ.സി.സി എന്നീ കൂട്ടായ്മകളുടെ സഹകരണത്തോടെ മോഡൽ സർവീസ് സൊസൈറ്റി എത്തിക്കുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വളരെ കുറച്ച് സംഘടനകൾക്ക് മാത്രമാണ് റമസാൻ ഭക്ഷണ വിതരണത്തിന് സർക്കാർ അനുമതി നൽകിയിട്ടുള്ളൂ. ഭക്ഷണവിതരണം എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചായിരിക്കണമെന്നും കർശനനിർദേശവുമുണ്ട്,

അതേസമയം, വിശുദ്ധിയുടെ റമസാന്‍ മാസം അവസാന പത്തിലേക്ക്  കടന്നിരിക്കുയാണ്. ദൈവത്തിന്‍റെ കാരുണ്യം തേടിയ ആദ്യപത്തില്‍നിന്ന് മാപ്പ് തേടിയുള്ള രണ്ടാമത്തെ പത്തിലൂടെ നരകമോചനത്തിന്‍റെ അവസാനപത്തുനാളുകളിലാണ് വിശ്വാസികൾ. മക്കയിലും മദീനയിലും കോവിഡ് നിയന്ത്രണങ്ങളോടെ വിശ്വാസികൾ പ്രാർഥനാ നിരതരാണ്.  ആയിരം മാസങ്ങളെക്കാള്‍ പുണ്യമുള്ള ലൈലത്തുല്‍ ഖദ്റിനെ പ്രതീക്ഷിക്കുന്നതിനാല്‍ ഈ നാളുകൾ വിശ്വാസികൾക്ക് പ്രാർഥനയുടേതാണ്.

ഖുര്‍ആന്‍ പാരായണം ചെയ്തും  പ്രാര്‍ഥനകളില്‍ മുഴുകിയും റമസാന്‍റെ പവിത്രത ഏറ്റുവാങ്ങുന്ന തിരക്കിലാണ് വിശ്വാസികള്‍. ആയിരക്കണക്കിന് വിശ്വാസികളാണ് രാത്രി നമസ്കാരത്തിനായി ഇരുഹറമുകളിലുമെത്തുന്നത്. മദീനയിലെ മസ്ജിദ് നബവിയിലും ആയിരക്കണക്കിന് പേരാണ് നമസ്‌കാരത്തിൽ പങ്കെടുക്കുന്നത്. പ്രവാചകന്‍റെ പള്ളിയിൽ അവസാനപത്ത് ദിവസവും മുഴുവൻസമയവും വിശ്വാസികൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. എന്നാൽ മറ്റു പള്ളികളിൽ ഇശാ നമസ്‌കാരത്തിന് ശേഷം, തറാവീഹ് നമസ്‌കാരത്തോടൊപ്പം ഖിയാമുല്ലൈലും നമസ്‌കരിക്കണമെന്നാണ് ഇസ്ലാമിക കാര്യ മനത്രാലയം നിർദ്ദേശിച്ചിരിക്കുന്നത്.

ഗൾഫിലെ പ്രവാസിമലയാളികളടക്കമുള്ള വിശ്വാസികൾ പ്രാർഥനാനിരതരായി കോവിഡ് നിയന്ത്രണങ്ങളോടെ ചെറിയ പെരുന്നാളിലേക്ക് കടക്കുകയാണ്. മഹാമാരിഅകന്ന് എല്ലാം പൂർവസ്ഥിതിയിലേക്ക് മടങ്ങുന്ന നാളുകൾക്കായുള്ള പ്രാർഥനകളാണ് ഈ ദിനരാത്രങ്ങളിൽ ഉയർന്നുകേൾക്കുന്നത്.

MORE IN GULF
SHOW MORE
Loading...
Loading...