തുടർഭരണത്തിൽ പ്രതീക്ഷയോടെ പ്രവാസികൾ; പുനരധിവാസം അടക്കം ആവശ്യം

gulf-new
SHARE

കേരളത്തിൽ ഇടതുപക്ഷ സർക്കാരിൻറെ ഭരണം തുടരാനാണ് കേരളജനതയുടെ തീരുമാനം. പുതിയ സർക്കാർ അധികാരത്തിലേറുമ്പോൾ ഏറ്റവും പ്രാധാന്യത്തോടെ പരിഗണിക്കേണ്ട വിഷയം പ്രവാസികളുടെ പുനരധിവാസമാണ്. കോവിഡ് കാലത്ത് അസ്ഥിരതകളിലൂടെ കടന്നുപോകുന്ന പ്രവാസികളുടെ ന്യായമായ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കണം. സർക്കാരിൽ പ്രതീക്ഷയർപ്പിച്ചുകൊണ്ട് ആ ആവശ്യങ്ങൾ പ്രവാസികൾ മുന്നോട്ടുവയ്ക്കുകയാണ്.

മലയാളികളുടെ പ്രവാസചരിത്രത്തിലെ ഏറ്റവും ദുരിതപൂർണമായൊരു കാലഘട്ടമാണ് കടന്നുപോകുന്നത്. ജോലി നഷ്ടപ്പെട്ട് ലക്ഷക്കണക്കിനുപേർ നാട്ടിലേക്ക് മടങ്ങി. കുടുംബമായി താമസിച്ചിരുന്നവർ കുടുംബാംഗങ്ങളെ നാട്ടിലേക്കയച്ച് സാമ്പത്തിക അസ്ഥിരത മറികടക്കാനുള്ള ശ്രമം തുടരുന്നു. എങ്ങനെയും പിടിച്ചുനിൽക്കാൻ പിടിമുറുക്കി ജീവിക്കുന്നവർ. കോവിഡ് മഹാമാരിക്കാലത്ത് നാടും വീടും അകന്ന് സങ്കടത്തോടെ ജീവിച്ച പ്രവാസികൾ. മഹാമാരിയിൽ നിന്ന് അതിജീവിക്കുന്ന പ്രവാസിജനത പുതിയ സർക്കാരിന ് മുന്നിൽ ആവശ്യങ്ങളുടെ, അതിലേറെ അവകാശങ്ങളുടെ പട്ടിക മുന്നോട്ടുവയ്ക്കുകയാണ്. മടങ്ങിവന്നവരുടെ പുനരധിവാസം മുതൽ ജോലിതട്ടിപ്പിന് കടിഞ്ഞാടിടമെന്ന് ആവശ്യം വരെയുണ്ട്. താല്‍ക്കാലികമായും സ്ഥിരമായും തൊഴില്‍ നഷ്ടപ്പെട്ട് എട്ടുലക്ഷത്തിലധികം മലയാളികള്‍ ഗള്‍ഫ് നാടുകളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയെന്നാണ് ഔദ്യോഗിക കണക്ക്. കെട്ടിടനിർമാണം, ടൂറിസം, ഹോട്ടൽ വ്യവസായം, റിയൽ എസ്റ്റേറ്റ്, റീട്ടെയിൽ വ്യാപാരം എന്നിങ്ങനെ വിവിധ മേഖലകളിൽ നൈപുണ്യമുള്ള തൊഴിലാളികളാണ് മടങ്ങിവന്നിരിക്കുന്നത്. ഈ പ്രവാസികൾക്കായി പ്രത്യേക പുനരധിവാസ പദ്ധതി നടപ്പാക്കണമെന്നതാണ് പ്രധാന ആവശ്യം.

ചെറുകിട സംരംഭങ്ങൾ തുടങ്ങാനാഗ്രഹിക്കുന്ന മടങ്ങിവന്ന പ്രവാസികൾക്ക് അതിനനുകൂലമായ സംവിധാനങ്ങളും സാഹചര്യങ്ങളും ഒരുക്കാൻ സർക്കാരിനാകണം. പ്രവാസികളുടെ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും സർക്കാർ ഇടപെടൽ വേണമെന്നും പ്രവാസികൾ ആവശ്യപ്പെടുന്നു.

ഗൾഫ് മലയാളികളുടെ തീരാത്ത പ്രശ്നമാണ് യാത്രാദുരിതം. ഉൽസവ സീസണുകളിലെ ഉയർന്ന നിരക്ക് സാധാരണക്കാർക്ക് താങ്ങാനാകുന്നതിലും അപ്പുറമാണ്. 2019 ഫെബ്രുവരിയിലെ ദുബായ് സന്ദർശനത്തിനിടെ എയർ കേരള വിമാന സർവീസ് പദ്ധതി പുനരാലോചിക്കുമെന്ന  മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രഖ്യാപനം പ്രവാസികൾക്ക് പ്രതീക്ഷയാണ്. കേന്ദ്രവ്യോമയാനമന്ത്രാലയവുമായി ചർച്ച ചെയ്ത് പ്രവാസിവ്യവസായികളുടെ പിന്തുണയോടെ എയർകേരള പദ്ധതി പ്രാവർത്തികമാക്കിയാൽ ഒരുപരിധിവരെയെങ്കിലും പ്രവാസികളുടെ യാത്രാദുരിതത്തിന് അറുതിയാകുമെന്നാണ് പ്രതീക്ഷ.ലോകകേരള സഭ, നോർക്ക എന്നീ സർക്കാർ സംവിധാനങ്ങൾ ഗൾഫ് മലയാളികൾക്കിടയിൽ കൂടുതൽ സജീവമായ ഇടപെടലുകൾ നടത്തേണ്ടതുണ്ട്. പ്രത്യേകിച്ച് ജോലി നഷ്ടപ്പെട്ടവർ, നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റ് പോലും എടുക്കാനാകാത്ത സാഹചര്യത്തിൽ ജീവിക്കുന്നവർ, ആരോഗ്യബുദ്ധിമുട്ടുകളുള്ളവർ എന്നിവരുടെ ഇടയിൽ ഇടപെടൽ ആവശ്യമാണ്. 

നോർക്ക നടപ്പാക്കുന്ന, പ്രവാസികൾക്ക് സഹായകരമായ പല പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ തൊഴിലാളി ക്യാംപുകളിലടക്കമുള്ള പ്രവാസികൾക്കിടയിൽ എത്തുന്നില്ലെന്നത് വലിയ ന്യൂനതയാണ്. തൊഴിലാളി ക്യാംപുകൾ കേന്ദ്രീകരിച്ച് പദ്ധതികൾ അവതരിപ്പിക്കാനും പ്രവാസികളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്താനും നോർക്ക കൂടുതൽ ഇടപെടൽ നടത്തേണ്ടതുണ്ട്. ഉത്തരവാദിത്തപ്പെട്ട ഒരു സംഘത്തെ ഇതിനായി ചുമതലപ്പെടുത്തുന്നത് ഉചിതമായിരിക്കുമെന്നാണ് നിർദേശം.കോവിഡിനെ അതിജീവിച്ച് ഗൾഫിലെ സാമ്പത്തികരംഗം വീണ്ടും സജീവമായിതുടങ്ങിയതോടെ ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള തട്ടിപ്പുകളും ഏറിയിട്ടുണ്ട്. സർക്കാർ അംഗീകൃതമല്ലാത്ത ഒട്ടേറെ ഏജൻസികളുടെ വലയിൽ വീണ് പണം നഷ്ടമായവർ ഏറെയുണ്ട്. ഗൾഫിലെ കമ്പനികളുടെ പേരിൽ വ്യാജ ഓഫർ ലെറ്ററുകൾ വരെ നൽകിയുള്ള തട്ടിപ്പിൽ സ്ത്രീകളടക്കമുള്ളവർ കുടുങ്ങുന്നത് പതിവാകുകയാണ്. ഇത്തരം ഏജൻസികളേയും വ്യക്തികളേയും നിയമത്തിൻറെ പിന്തുണയോടെ കടിഞ്ഞാണിടാൻ സർക്കാർ ഇടപെടണം.

പ്രവാസികളുടെ ദീർഘകാല ആവശ്യമായ പ്രവാസിവോട്ട് വിഷയത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ  പൂർണ്ണ പിന്തുണ അറിയിച്ചെങ്കിലും ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ അതിനവസരമുണ്ടായിരുന്നില്ല. അടുത്ത പാർലമെൻറ് തിരഞ്ഞെടുപ്പിലെങ്കിലും പ്രവാസിക്ക് വോട്ട് ചെയ്യാൻ അവസരമൊരുക്കുന്നതിനായി സംസ്ഥാന സർക്കാരും ഇടപെടൽ നടത്തണമെന്ന് പ്രവാസിസമൂഹം ആശ്യപ്പെടുന്നു.ഗൾഫിൽ കോവിഡ് കാരണം മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് സാമ്പത്തിക സഹായം നൽകണമെന്നതും പ്രധാനപ്പെട്ട ആവശ്യമാണ്. പല കുടുംബങ്ങളുടേയും ഏകവരുമാനമാർഗമാണ് നിലച്ചത്. മുന്നോട്ടുള്ള വഴിയടഞ്ഞ അത്തരം കുടുംബാംഗങ്ങളെ കണ്ടെത്തി സഹായഹസ്തം നീട്ടേണ്ടത് സർക്കാരിൻറെ കടമയാണെന്നും പ്രവാസലോകം ഓർമപ്പെടുത്തുന്നു.

ഗൾഫിൽ മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തുക്കുന്നതുമായി ബന്ധപ്പെട്ട് ഗൾഫിൽ ചിലയിടങ്ങളിലെങ്കിലും സാമ്പത്തിക ചൂഷണം നിലനിൽക്കുന്നുവെന്നും സാമൂഹ്യപ്രവർത്തനരംഗത്ത് സജീവമായവർ ചൂണ്ടിക്കാട്ടുന്നു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനസർക്കാർ പ്രതിനിധികളെ നിയോഗിച്ച് ഈ രംഗത്തെ ചൂഷണം അവസാനിപ്പിക്കണമെന്നാണ് നിർദേശമുയരുന്നത്.പ്രവാസികളുടെ ആവശ്യങ്ങൾ യാഥാര്‍ഥ്യമാക്കേണ്ട ഭാരിച്ച ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനുണ്ട്. കാരണം കേരളത്തിൻറെ സമ്പദ് വ്യവസ്ഥയെ താങ്ങിനിർത്തുന്ന വലിയൊരു ജനസമൂഹത്തിൻറെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങളാണിവ. ഈ ആവശ്യങ്ങൾ പരിഗണിക്കേണ്ടത് സർക്കാരിൻറെ, സമൂഹത്തിൻറെ കടമയാണ്. പ്രവാസികളുടെ അവകാശവും. 

MORE IN GULF
SHOW MORE
Loading...
Loading...