'ബാഗ് പാക് ചെയ്തില്ലേ?'; സൗദി എയർ ലൈൻസിന്റെ ചോദ്യം; പ്രതീക്ഷയില്‍ പ്രവാസികൾ

saudi-arabia-flight
SHARE

റിയാദ്. കോവിഡ് മൂലം നിർത്തിവച്ച രാജ്യാന്തര വിമാന സർവീസുകൾ പുനഃസ്ഥാപിക്കാത്ത സാഹചര്യത്തിൽ 'നിങ്ങളുടെ ബാഗെല്ലാം പാക് ചെയ്തില്ലേ?' എന്ന സൗദി എയർലൈൻസിന്റെ ചോദ്യത്തിൽ പ്രതീക്ഷയർപ്പിച്ച്  സൗദിയിലെ പ്രവാസികൾ. വിമാന സർവീസിന് ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും  മേയ് 17 ന്  നീക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നെങ്കിലും കോവിഡിന്റെ രണ്ടാം തരംഗത്തിൽ സൗദി ഉൾപ്പെടെ ലോകത്ത് വൈറസ് വ്യാപനം വീണ്ടും കൂടിയതിനിടക്കും സൗദിയുടെ  ഈ ചോദ്യം ആശ്വാസമാകാതിരിക്കുന്നത് എങ്ങനെ എന്നതാണ് പ്രവാസികളുടെ പ്രതികരണം.

റമസാനിലെ ഇഫ്താർ വിഭവങ്ങൾക്ക് ചുറ്റും നോമ്പുതുറക്കായി ഇരിക്കുമ്പോൾ സുഗമമായി നാട്ടിലെത്താനോ നാട്ടിൽ കുടുങ്ങിയവർക്ക് നേരിട്ട് സൗദിയിലെത്താനോ കഴിയാത്തതിൽ പല പ്രവാസികളുടെയും ഉള്ളിലെ വേദന പറഞ്ഞറിയിക്കാനാവാത്തതാണ്. ഈ പുണ്യമാസത്തിലെ പ്രാർഥനയും അതാണ്. അതിനിടക്കാണ് വിമാനയാത്ര പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് സൗദി അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രതീക്ഷ നൽകുന്ന ഈ ഉത്തരം നൽകിയിരിക്കുന്നത്. എല്ലാത്തരം സർവീസുകളും മേയ് 17 (ശവ്വാൽ 5) ന് പുനരാരംഭിക്കുമെന്ന് ജിഎസിഎ സർക്കുലർ മുഖേന അറിയിച്ചിരുന്നു. ഇതിൽ മാറ്റമില്ലെന്നാണ് ഇപ്പോൾ  മനസിലാക്കേണ്ടത്. 

രാജ്യാന്തര വിമാന യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് മുതൽ ഇതുവരെ ഇന്ത്യയിൽ നിന്ന് നേരിട്ട് സൗദിയിലേയ്ക്ക് വിമാനയാത്ര പുനഃസ്ഥാപിച്ചിട്ടില്ല എന്നതാണ് കാത്തിരിപ്പിന്റെ തീവ്രത കൂട്ടുന്നത്. എയർ ബബ്ൾ കരാറിന് വേണ്ടിയുള്ള ആവശ്യവും അതേപടി തുടരുകയാണ്. അതേ സമയം ഇന്ത്യയിലെ കൊറോണ ബാധിതരുടെ എണ്ണം ക്രമാതീതമായി കൂടുന്ന സാഹചര്യവും പ്രവാസികളായ ഇന്ത്യക്കാരെ ഏറെ വിഷമത്തിലാക്കുന്നു. അതിനിടക്കാണ്  കേരളത്തിൽ ഇതുവരെയുള്ളതിൽ ഏറ്റവും റെക്കോഡ് കണക്കുമായി ഇന്നലെ കൊറോണയുടെ സ്ഥിതി എത്തിയത്. യാത്രാ വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ തുടക്കം മുതൽ ഇന്ത്യയുണ്ടെങ്കിലും യുഎഇ വഴിയായിരുന്നു സൗദി പ്രവാസികൾ നാട്ടിൽ നിന്ന് തിരിച്ചെത്തിയിരുന്നത്. ഈ മാർഗവും അടയുകയും ഒമാൻ ഉൾപ്പടെയുള്ള രാജ്യങ്ങൾ വഴിയുള്ള യാത്ര കടമ്പകൾ നിറഞ്ഞതാകുകയും ചെയ്തത് സൗദി പ്രവാസികളെ കുഴക്കി. നിലവിൽ ബഹ്‌റൈൻ വഴിയുള്ള യാത്രയാണ് ഏക ആശ്രയം. ഇതും എപ്പോൾ നിലക്കുമെന്ന ആശങ്കയിലാണ് ഓരോ യാത്രക്കാരും. താരതമ്യേന  സാമ്പത്തിക ചെലവുകുറഞ്ഞ മാർഗം എന്ന നിലയിൽ നേപ്പാൾ, മാലിദ്വീപ് വഴി യാത്ര തിരഞ്ഞെടുത്തവർക്കും എൻഒസിയുമായി ബന്ധപ്പെട്ട് ഏറെ മാനസിക വ്യഥ അനുഭവിക്കേണ്ടി വന്നു. 

മലയാളി കുടുംബം സൗദിയിലെത്തിയത് പുറപ്പെട്ട് 70 ദിവസത്തിന് ശേഷം

ഇങ്ങനെയൊക്കെ ആണെങ്കിലും ഇന്ത്യയിൽ നിന്ന് യാത്ര തിരിച്ചതിന് ശേഷം സൗദിക്ക് പുറത്ത് കഴിയുന്ന 14 ദിവസത്തെ ക്വാറന്റീൻ നെഞ്ചിടിപ്പിന്റേതാണെന്ന് ഇങ്ങനെ സൗദിയിലെത്തുന്ന ഓരോ പ്രവാസികളും പറയുന്നു. മൂന്ന് കുട്ടികളും ഭാര്യയും  അടങ്ങുന്ന അരീക്കോട് സ്വദേശിയുടെ  കുടുംബം നാട്ടിൽ നിന്ന് പുറപ്പെട്ട്  70 ദിവസത്തിന് ശേഷമാണ് സൗദിയിൽ കാല് കുത്താനായത്. ഇത് ആ കുടുംബനാഥൻ  വളരെ വേദയയോടെ പങ്കുവയ്ക്കുമ്പോൾ അറിയാം  ഈ യാത്രയുടെ സാഹസം. യുഎയിൽ എത്തി അവിടെ താങ്ങേണ്ട കാലാവധി കഴിയാനിരിക്കെയാണ് യാത്ര റദ്ദ് ചെയ്ത രാജ്യങ്ങളുടെ പട്ടികയിൽ  യുഎഇയും ഉൾപ്പെട്ടതായി സൗദി അറിയിക്കുന്നത്. 

സ്ഥിതിഗതി മാറുമെന്ന പ്രതീക്ഷയിൽ അവിടെ തന്നെ കുറച്ച് ദിവസം തങ്ങി. അവസാനം ഇന്ത്യക്കാർ  നാട്ടിലേയ്ക്ക് തിരിച്ച് പോകാണമെന്ന് ഔദ്യോഗിക നിർദേശം വന്നതോടെ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങിയതായി ഇദ്ദേഹം പറയുന്നു. അങ്ങനെയാണ് ഇവർ ബഹ്റൈനിലേയ്ക്ക് ടിക്കറ്റെടുത്ത്. പക്ഷേ യുഎയിൽ ഉണ്ടായ അനുഭവത്തിന്റെ കയ്‌പിൽ കുടുബത്തിന് ഈ തീരുമാനം മാനസികമായ ആധി കൂട്ടി. അതിന് പരിഹാരം കണ്ടത് ഇങ്ങനെ:  സൗദിയിലെ ജോലിയിൽ  നിന്ന്  രണ്ടാഴ്ച അവധിയെടുത്ത് ഇദ്ദേഹവും ബഹറൈനിൽ എത്തി ഭാര്യക്കും കുട്ടികളോടും ഒപ്പം ചേരാം.

14 ദിവസത്തെ ബഹ്‌റൈൻ വാസത്തിനു ശേഷം ബഹറിനിൽ നിന്ന് ഒരു ടാക്സിയിൽ   500 കി.മീറ്റർ അകലെയുള്ള റിയാദിലേയ്ക്ക് റോഡ് മാർഗം പോകും വഴി ദമാമിലാണ് ഇവരെ കണ്ടുമുട്ടിയത്. യാത്രക്കിടയിൽ സംഭവിച്ച  ഒരാശ്വാസം മാത്രമാണ് അദ്ദേഹം അപ്പോൾ പങ്കുവച്ചത്. സൗദി- ബഹ്‌റൈൻ ബോർഡർ  കോസ്‌വേയിൽ പ്രതീക്ഷിച്ച അത്ര കാത്ത് നിൽപ് വേണ്ടി വന്നില്ല. ഇനി റിയാദിലേക്ക് കൂടി തടസങ്ങളില്ലാതെ ഓടിയെത്തണം. 

ബഹ്റൈൻ വഴി സൗദിയിൽ

ഇത് ഒരാളുടെ മാത്രം അനുഭവമല്ല. ഇങ്ങനെ ദുബായിൽ നിന്ന് തിരിച്ച് നാട്ടിലേക്ക് മടങ്ങുകയും വീണ്ടും ബഹ്‌റൈന്‍ വഴി സൗദിയിലേക്ക് എത്തുകയു ചെയ്തവർ ഉണ്ട്. മെഡിക്കൽ സ്ഥപനങ്ങളിൽ ജോലി ചെയ്യുന്നവർ എന്ന ആനുകൂല്യത്തിൽ നേരിട്ട് സൗദിയിൽ ഇറങ്ങാം  എന്ന ധാരണയിൽ  റിയാദിൽ എത്തി സാങ്കേതിക കാരണങ്ങളാൽ  പുറത്തിറങ്ങാൻ കഴിയാതെ തിരിച്ച് പോയവരും ഏറെ. ചുരുക്കത്തിൽ അനുഭവിച്ച് മാത്രം അറിയേണ്ട ഒന്നാണ് ഈ സങ്കീർണമായ അവസ്ഥകൾ. യാത്രയോട് ചേർത്ത് പറയാറുള്ള ദുരിതം എന്ന പദം പ്രവാസികളുടെ കൂടെപ്പിറപ്പാണെങ്കിലും കൊറോണയും ജോലിയും കുടുംബവും യാത്രാ പ്രശ്നവും കൂടിചേർന്ന് ഉണ്ടാകുന്ന ദുരവസ്ഥയെ പ്രതിഫലിപ്പിക്കാൻ  വാക്കുകളില്ലെന്ന് തന്നെ പറയേണ്ടി വരും. 

മേയ് 17ലേയ്ക്ക് കണ്ണുംനട്ട് പ്രവാസികൾ

അതേസമയം  ഒരു നിയന്ത്രണവുമില്ലാതെ മേയ് 17 ന്  രാജ്യാന്തര യാത്രകൾ പുനരാരംഭിച്ചാൽ തന്നെ ഇന്ത്യ ആ പട്ടികയിലുണ്ടാകുമോ എന്ന കാത്തിരിപ്പിലാണ്  മലയാളികൾ ഉൾപ്പടെ ഓരോ പ്രവാസികളും. സൗദി അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന്റെ ഈ സൂചന സ്വദേശികൾക്ക്  രാജ്യത്തിന് പുറത്തുപോകാൻ നിലനിൽക്കുന്ന വിലക്ക് നീങ്ങുമെന്ന സൂചനയാകാമെന്നും വിശദീകരിക്കുന്നവർ ഉണ്ട്. വിമാന വിലക്ക് നീക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ദുബായ് എങ്കിലും ഉൾപ്പെട്ടിരുന്നെങ്കിൽ എന്ന പ്രാർഥനയിലാണ് സൗദി പ്രവാസികൾ. അപ്പോഴും പ്രതിരോധ വാക്സീൻ ഉൾപ്പടെയുള്ള കടമ്പകൾ രാജ്യാന്തര യാത്രക്ക് നിബന്ധനയാകാനുള്ള സാധ്യതയെ തള്ളിക്കളയാനാകില്ല എന്നത് യാത്ര സാധാരണഗതിയിൽ ആകാൻ ഇനിയും സമയം എടുക്കും എന്ന സൂചന തന്നെയാണ് നൽകുന്നത്. 

MORE IN GULF
SHOW MORE
Loading...
Loading...