അൽ ഖവാനീജ് റോഡ് പദ്ധതി പൂർത്തിയായി; ദുബായ്, ഷാർജ യാത്ര സുഗമമാകും

sharjharoad
SHARE

ദുബായ്, ഷാർജ യാത്ര കൂടുതൽ സുഗമമാക്കുന്ന അൽ ഖവാനീജ് റോഡുകളുടെ വികസന പദ്ധതി പൂർത്തിയാക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി. എമിറേറ്റ്സ് റോഡിൽ നിന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്കുള്ള യാത്രാ സമയം 25 മിനിറ്റിൽ നിന്ന് ഒൻപത് മിനിറ്റായി കുറയുമെന്നതാണ് പ്രധാന പ്രത്യേകത. അതേസമയം, ഷാർജയിൽ ഈ വർഷത്തെ ആദ്യപാദത്തിൽ റോഡപകട മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. 

മൂന്ന് പ്രധാന ഇൻറർചേഞ്ചുകളടങ്ങുന്നതാണ്  ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റിയുടെ അൽ ഖവാനീജ് പദ്ധതി. അൽ ഖവാനീജ്, ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ റോഡുകള്‍ ചേരുന്നിടത്ത് ഇരു ഭാഗങ്ങളിലേയ്ക്കുമുള്ള അണ്ടർപാസിലെ മൂന്ന് ലെയ്നുകളും വികസനപദ്ധതിയിൽ ഉൾപ്പെടുന്നു. അൽ അംറാദി, അൽ അവീറിലേയ്ക്കുള്ള രണ്ട് ലെയ്നുകളുള്ള പാലവും തുറന്നു. എയർപോർട് സ്ട്രീറ്റ്, അൽ അവീർ, അൽ ഖവാനീജ് എന്നിവയെ ബന്ധപ്പെടുത്തുന്ന റോഡുകളും  ഈ പദ്ധതിയുടെ ഭാഗമാണ്. അൽഖവാനീജ് ഇൻറർസെക്ഷനിലൂടെ കടന്നുപോകാനാകുന്ന വാഹനങ്ങളുടെ എണ്ണം മണിക്കൂറിൽ 8,000 ത്തിൽ നിന്ന് 16,000 ആയി വർധിച്ചു. അൽ ഖവാനീജ് ഇന്റർ സെക്ഷൻ–ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ റോഡുകളിലെ കാത്തിരിപ്പ് സമയം 330 സെക്കൻ‍ഡിൽ നിന്നും 45 ആയി കുറയുമെന്ന് ആർടിഎ ചെയർമാൻ മത്താർ മുഹമ്മദ് അൽ തായർ പറഞ്ഞു. ഇതോടൊപ്പം അൽ ഖവാനീജ്, അൽ അമർദി ജംങ്ഷനിലെ കാത്തിരിപ്പ് സമയം 120 സെക്കൻഡിൽ നിന്ന് നേരെ പകുതിയാകും.

അതേസമയം, ഈ വർഷം ജനുവരി മുതൽ മാർച്ച് വരെ ഷാർജയിൽ റോഡപകടങ്ങളുടെ എണ്ണം കുറഞ്ഞതായും അപകടമരണങ്ങളുണ്ടായിട്ടില്ലെന്നും ഷാർജ പൊലീസ് അറിയിച്ചു.കഴിഞ്ഞവർഷം ഈ കാലയളവിൽ 145 അപകടങ്ങളാണ് നടന്നതെങ്കിൽ ഈ വർഷം 94 ആയി കുറഞ്ഞു. 35 ശതമാനത്തിൻറെ കുറവ്. അശ്രദ്ധയോടെ ലെയ്നുകൾ മാറുന്നതും ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതുമാണ് പ്രധാന അപകട കാരണങ്ങളെന്ന് ഷാർജ പൊലീസ് ട്രാഫിക് ആൻഡ് ലൈസൻസിങ് സെൻറർ ഡയറക്ടർ ലഫ്.കേണൽ മുഹമ്മദ് അല്ലായി അൽ നഖ്ബി വ്യക്തമാക്കി.

MORE IN GULF
SHOW MORE
Loading...
Loading...