80 ലക്ഷം തട്ടി കള്ളന്‍ ഓടി; കാല്‍ വച്ച് വീഴ്ത്തി; ദുബായില്‍ താരമായി മലയാളി; വിഡിയോ

jafar-dubai
SHARE

ദുബായ്: മലയാളിയുടെ മനസാന്നിധ്യം കൊണ്ട് തിരികെക്കിട്ടിയത് 80 ലക്ഷത്തിലധികം രൂപ. വടകര വള്ളിയോട് പാറപ്പുറത്ത് ജാഫറാണ്(40) സമയോചിതമായി ഇടപെട്ട് കള്ളനെ പിടികൂടാൻ സഹായിച്ചത്. ഓടിപ്പോകുകയായിരുന്ന കള്ളനെ നിമിഷ നേരം കൊണ്ടാണ് ജാഫർ കുത്തുകാല് വച്ച് താഴെ വീഴിച്ചത്.

തുടർന്ന് പിന്നാലെ വന്ന ആളുകൾ ചേർന്ന് കീഴടക്കുകയായിരുന്നു. കഴിഞ്ഞദിവസം ബനിയാ സ്്ക്വയർ ലാൻഡ് മാർക് ഹോട്ടലിന് സമീപമുള്ള ഗിഫ്റ്റ് ഷോപ്പിന് അരികിലാണ് സംഭവം. വിസിറ്റിങ് വീസയിൽ നാട്ടിൽ നിന്നെത്തിയ ജാഫർ ബന്ധുവിന്റെ ജ്യൂസ് കടയിൽ സഹായിച്ചു കൊണ്ടു നിൽക്കുകയായിരുന്നു.

ഉച്ചകഴിഞ്ഞ് പെട്ടെന്നാണ് തൊട്ടപ്പുറത്തുണ്ടായിരുന്ന ബന്ധു നജീബ് തൊടുവയിൽ കള്ളൻ, കള്ളൻ പിടിച്ചോ എന്നലറിയത്. കടയിൽ നിന്ന് ജാഫർ പെട്ടെന്ന് ഇറങ്ങി നോക്കുമ്പോൾ പാഞ്ഞുവരുന്ന കള്ളനെയാണ് കണ്ടത്. ഒട്ടും അമാന്തിച്ചില്ല കാല് വച്ച് കള്ളനെ വീഴിച്ചു. തെറിച്ചു വീണ കള്ളൻ വീണ്ടും ഓടാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും എല്ലാവരും ഓടിയെത്തി പിടികൂടി.

തുടർന്ന് പൊലീസിന് കൈമാറി. ബാങ്കിൽ നിക്ഷേപിക്കാൻ കൊണ്ടുപോയ ഇന്ത്യക്കാരന്റെ പണമാണ് തിരികെ കിട്ടിയതെന്ന് അറിയുന്നു. നാലു ലക്ഷത്തോളം ദിർഹമുണ്ടായിരുന്നു. 30 വയസ്സുള്ള ഏഷ്യക്കാരനാണ് പിടിയിലായത്. കള്ളനെ കയറിപ്പിടിക്കുന്നതിനേക്കാൾ പെട്ടെന്ന് കാലുവച്ച് വീഴിക്കാനാണ് തോന്നിയതെന്ന് ഫുട്ബോൾ കളിക്കാരൻ കൂടിയായ ജാഫർ പറഞ്ഞു. ഒരു പക്ഷേ കളിയിലുള്ള പരിചയം ഇതിന് മുതൽക്കൂട്ടാവുകയായിരുന്നു.

മുൻപ് അലൈനിൽ ഷെയ്ഖ് ഈസാ ബിൻ സായിദ് അൽ നഹ്യാന്റെ കൊട്ടാരത്തിൽ ഡ്രൈവറായിരുന്ന ജാഫർ അടുത്ത ജോലിയിൽ പ്രവേശിക്കാനായി ദുബായിൽ എത്തിയതാണ്. ഉമ്മ ജാസ്മിൻ. ഭാര്യ:ഹസീന. മക്കൾ: നെദ, നേഹ, മുഹമ്മദ് നഹ്യാൻ. മുൻപ് ജോലിക്കു നിന്നിരുന്ന കൊട്ടാരത്തിന്റെയും ഷെയ്ഖിന്റെയുമെല്ലാം ഓർമയ്ക്കാണ് നഹ്യാൻ എന്നു മകന്റെ പേരിനൊപ്പം ചേർത്തതെന്നും ജാഫർ പറഞ്ഞു. ഖാലിദ് എന്ന ബ്ലോഗർ ജാഫറിന്റെ വിഡിയോ പോസ്റ്റ് ചെയ്തു

MORE IN GULF
SHOW MORE
Loading...
Loading...